കൊച്ചി: ( 12.10.2020) ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്. പൂര്‍ണ ആരോഗ്യവാനാണ് താനിപ്പോഴെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും സ്‌നേഹം അറിയിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘കള’ എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് വയറില്‍ പരിക്കേറ്റത്. ആന്തരിക രക്തശ്രാവത്തെ തുടര്‍ന്ന് താരം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആഞ്ചിയോഗ്രാം പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് മുറിയിലേക്ക് മാറ്റി.പിറവത്തു നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റെങ്കിലും ഇത് കാര്യമാക്കാതെ ടൊവിനോ തുടര്‍ന്നും സെറ്റിലെത്തിയിരുന്നു. എന്നാല്‍ വേദന കലശലായതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കള. ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരിക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.