
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന രേഖപ്പെടുത്തി. നീണ്ട നാളുകളായുള്ള ഇടിവിന് പിന്നാലെയാണ് ഇന്നലെയും ഇന്നുമായി സ്വർണ വില വീണ്ടും ഉയർന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 920 രൂപയും ഗ്രാമിന് 115 രൂപയുമാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 93,720 രൂപയായും ഒരു ഗ്രാമിന് 11,715 രൂപയായും ഉയർന്നു. ഇന്നലെ പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്. ഇതേത്തുടർന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 92,800 രൂപയിലും ഗ്രാമിന് 11,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ പവന് 2,000 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
മറ്റ് കാരറ്റുകളിലെയും വെള്ളിയുടെയും വില
22 കാരറ്റിന് പുറമെ 18, 14, ഒൻപത് കാരറ്റ് സ്വർണത്തിൻ്റെ വിലയിലും ഇന്ന് വർധനയുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 76,680 രൂപയായും ഗ്രാം വില 9,585 രൂപയായും ഉയർന്നു. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ വർധിച്ചതോടെ പവന് 60,040 രൂപയും ഗ്രാമിന് 7,505 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 38,760 രൂപയും ഗ്രാം വില 4,845 രൂപയുമായി. ഏറെ നാളായി സ്വർണത്തിനൊപ്പം കുറഞ്ഞിരുന്ന വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് നിലവിലെ നിരക്ക്.
വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തി. വില കുറഞ്ഞപ്പോൾ നിക്ഷേപകർ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.
എന്നാൽ നിലവിലെ വർധനയെ സ്വർണ വിപണിയുടെ പൂർണ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ് അബ്ദുൽ നാസർ പറഞ്ഞു. തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താത്കാലിക തിരുത്തലായാണ് ഇതിനെ കാണേണ്ടത്. ഇന്നത്തെ വിലവർധന വ്യാപാരികൾക്ക് ആശ്വാസകരമാണെങ്കിലും സ്വർണ വിപണിയിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വില നിർണയിക്കുക അമേരിക്കൻ സാമ്പത്തിക സൂചികകൾ
നിലവിലെ മുന്നേറ്റത്തിൻ്റെ തുടർച്ച നിർണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ, ഫെഡറൽ റിസർവിൻ്റെ പലിശനയം, ഡോളറിൻ്റെ ശക്തിയും മൂല്യവും, അമേരിക്കൻ ട്രഷറി യീൽഡ്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളിൽ സ്വർണ വിലയുടെ ഗതി നിർണയിക്കും. ബുധനാഴ്ച പുറത്തുവരുന്ന പിസിഇ പണപ്പെരുപ്പ കണക്കുകൾ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളിൽ നിർണായക മാറ്റമുണ്ടാക്കാം.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷസാധ്യതയും റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സ്വർണ വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുകയറ്റം വിപണിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും സ്വർണത്തിൻ്റെ അടുത്ത നീക്കം അമേരിക്കയുടെ സാമ്പത്തിക കണക്കുകൾ, ഡോളറിൻ്റെ ഗതി, ഫെഡറൽ റിസർവിൻ്റെ നിലപാട് എന്നിവയെ ആശ്രയിച്ചായിരിക്കുമെന്നും എസ് അബ്ദുൽ നാസർ വ്യക്തമാക്കി.





