ഹോർമുസിൽ മൂന്ന് കപ്പലുകളിൽ സ്ഫോടനം, ഡ്രോണുകൾ തകർത്ത് സഖ്യസേന,

0
7

റിയാദ്: പശ്ചിമേഷ്യയിലെ ചെങ്കടൽ മേഖലയിലും ഹോർമുസ് കടലിടുക്കിലും അശാന്തിയും സംഘർഷവും രൂക്ഷമായി തുടരുന്നു. സൗദി അറേബ്യയുടെ തെക്കൻ മേഖലയിലേക്ക് ഹൂത്തികൾ അയച്ച ഡ്രോണുകളും മിസൈലുകളും തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇതിനു പിന്നാലെ യെമനിലെ വിവിധ ഹൂത്തി കേന്ദ്രങ്ങളിലേക്ക് സൗദി സഖ്യസേന ശക്തമായ പ്രത്യാക്രമണം നടത്തി.

ചെങ്കടൽ മേഖലയിൽ യെമനിലെ ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ദിനംപ്രതി വർധിച്ചുവരികയാണ്. സൗദിയുടെ തെക്കൻ മേഖലയിലെ പ്രധാന നഗരങ്ങളിലേക്ക് ഹൂത്തികൾ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തും മുൻപേ തകർക്കാൻ സഖ്യസേനയ്ക്ക് സാധിച്ചു. തുടർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണവും മിസൈൽ ആക്രമണവും ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടന്നതായി ഹൂത്തികൾ വ്യക്തമാക്കി.

സന, ലഹ്ജ്, തഇസ്, ഹുദൈദ, സാദ, ഹജ്ജ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. സൗദിയുടെ ആക്രമണങ്ങളിൽ സിവിലിയൻ മേഖലകളും ലക്ഷ്യമിട്ടെന്നും നിരവധി പേർ കൊല്ലപ്പെട്ടെന്നും ഹൂത്തി വക്താവ് ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹുദൈദ തുറമുഖത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ പത്തിലധികം പേർ കൊല്ലപ്പെട്ടതായും ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും ഹൂത്തികൾ അറിയിച്ചു. ഇതിനിടെ യെമനിലെ ഏദൻ പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ഹൂത്തികൾ അവിടേക്ക് മിസൈലുകൾ അയച്ചതായും എന്നാൽ അവ മറ്റൊരു പ്രവിശ്യയിൽ പതിച്ചതായും യെമനിലെ ഔദ്യോഗിക സർക്കാർ വ്യക്തമാക്കി.

ഹോർമുസിൽ കപ്പലുകളിൽ സ്ഫോടനം
മറുഭാഗത്ത് ഹോർമുസ് കടലിടുക്കിലും സ്ഥിതിഗതികൾ അതീവ ആശങ്കാജനകമായി തുടരുകയാണ്. മണിക്കൂറുകളുടെ ഇടവേളയിൽ മൂന്ന് കപ്പലുകളിലാണ് ഇവിടെ സ്ഫോടനമുണ്ടായത്. കടലിലെ മൈനുകളിൽ തട്ടിയാണ് കപ്പലുകൾ പൊട്ടിത്തെറിച്ചതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡും യുകെ മാരിടൈം ഏജൻസിയും സ്ഥിരീകരിച്ചു. അമേരിക്കൻ നാവികസേനയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ പൊട്ടിത്തെറിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാൻ ഉൾക്കടലിൽ ഒരു ഇറാൻ കപ്പലും പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ ഇതിൻ്റെ പൂർണമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ
മേഖലയിൽ സംഘർഷം മുറുകുന്നതിനിടെ ഇറാൻ-അമേരിക്ക വിഷയത്തിൽ മധ്യസ്ഥരായി നിൽക്കുന്ന ഖത്തർ സമാധാന ചർച്ചകളുമായി മുന്നോട്ടുപോകുകയാണ്. ഇതിൻ്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി വാഷിങ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ ജർമനിയിൽ വച്ച് ഖത്തർ നേതാക്കൾ ഇറാൻ പ്രതിനിധികളുമായി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ ഒന്നുകിൽ യുദ്ധം, അല്ലെങ്കിൽ സമാധാനം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ അമേരിക്കയ്ക്കെതിരെ തിരിച്ചടി തുടരുകയാണ്. ഏതുവിധേനയും അമേരിക്കയുടെ ഉപരോധങ്ങൾ മറികടക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here