ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.
- എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവെച്ചു
- അധികൃതരുടെ അറിയിപ്പ് ഇല്ലാതെ വിമാനത്താവളങ്ങളിലേക്ക് പോകരുത്
- നാട്ടിലേക്ക് പോകാനിരുന്നവർക്കും തിരികെ വരുന്നവർക്കും തിരിച്ചടി
ഇതോടെ വിമാനത്താവളത്തിലേക്ക് പോകാനിരിക്കുന്നവരും, നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നവരുമായ ലക്ഷക്കണക്കിന് പ്രവാസികൾ വലിയ ആശങ്കയിലാണ്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിമാനത്താവളത്തിലെ പ്രവർത്തനവും നിലച്ച അവസ്ഥയിരുന്നു എന്നാൽ നിരവധി യാത്രക്കാർ നാട്ടിലേക്ക് പറ്റാതെ ആയതോടെ വിമാന സർവീസുകൾ പുനരാംഭിക്കുകയായിരുന്നു.
ദുബായ് എയർപോർട്ടിന് സമീപമുള്ള ഇന്ധന ടാങ്കുകളിൽ ഒന്നിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതിനെത്തുടർന്ന് ടാങ്കിന് തീപിടിക്കുകയും വലിയ രീതിയിലുള്ള പുക ഉയരുകയും ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരുന്നു.
എന്നാൽ ഭയപ്പെടേണ്ട സാഹചര്യവും നിലവിലില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം. ഉടൻ തന്നെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂടാതെ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
ഈ സംഭവത്തിന് പിന്നാലെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ എയർലൈനുകളോടും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ഇത് പ്രവാസികളെ സംബന്ധിച്ച് വലിയൊരു യാത്രാ തടസ്സമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘർഷത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായത് പോലെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്.
എന്നാൽ എല്ലാവരും സുരക്ഷിതരാണ് എന്നും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നതായും അറിയിച്ചു. കൂടാതെ യുഎഇയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇത് സംബന്ധിച്ച് അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാർ ആരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് നിർദേശം നൽകി.
അതേസമയം ദുബായ് എയർപോർട്ട് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ഫ്ലൈ ദുബായ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ തുടങ്ങി ദുബായിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ഇപ്പോൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്.
ചില വിമാനങ്ങൾ തൊട്ടടുത്ത വിമാനത്താവളങ്ങളായ ഷാർജയിലേക്കോ അബുദാബിയിലേക്കോ ലാൻഡ് ചെയ്തു. അതിനാൽ യാത്രക്കാർ സ്വന്തം എയർലൈനുമായി ബന്ധപ്പെട്ട് വിമാനം ഇപ്പോൾ എവിടെയുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇന്നോ വരും ദിവസങ്ങളിലോ ദുബായിൽ നിന്നും നാട്ടിലേക്കോ, നാട്ടിൽ നിന്നും ദുബായിലേക്കോ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന പ്രവാസികൾ എയർലൈനുകൾ നൽകുന്ന നിർദേശങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.







