പൊന്നുംവില താഴേക്ക്; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍ ആശങ്കയില്‍ വ്യാപാരികള്‍,

0
9
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 1880 രൂപയും ഗ്രാമിന് 235 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു പവന് 95,840 രൂപയും ഒരു ഗ്രാമിന് 11,980 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 2,040 രൂപയുടെ കുറവാണുണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഏതാനും ദിവസങ്ങളായി വിപണിയില്‍ നിന്നുള്ള വില വിവരക്കണക്കുകള്‍.

22 കാരറ്റില്‍ മാത്രമല്ല മറ്റ് കാരറ്റുകളുടെ വിലയിലും സ്ഥിതി സമാനമാണ്. 18 കാരറ്റ് സ്വര്‍ണത്തില്‍ പവന് 1560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 78,440 രൂപയും ഒരു ഗ്രാമിന് 9805 രൂപയുമായി. അതേസമയം 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7675 രൂപയും പവന് 61,400 രൂപയുമായി. ഗ്രാമിന് 95 രൂപ കുറഞ്ഞ 9 കാരറ്റിന്‍റെ ഒരു ഗ്രാമിന് 4950 രൂപയും ഒരു പവന് 39,600 രൂപയുമാണ് വില.

വെള്ളി വിലയില്‍ നേരിയ കുറവ്: ഏറ്റക്കുറച്ചിലുകള്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വിപണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവിനാണ് സാക്ഷ്യം വഹിക്കുന്നത്. സ്വര്‍ണ വില കൂപ്പുകുത്തുമ്പോള്‍ വെള്ളി വിലയിലും ഇടിവ് തന്നെയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 185 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 180 രൂപയാണ് വില. നേരിയ കുറവുണ്ടായതോടെ 10 ഗ്രാം വെള്ളിക്ക് 1800 രൂപയിലെത്തിയിരിക്കുകയാണ്.

ഇടിവ് തുടര്‍ന്നേക്കും: അന്താരാഷ്ട്ര സ്വർണ വിപണിയിലുണ്ടാകുന്ന തുടർച്ചയായ ഇടിവിന്‍റെ പ്രതിഫലനം കേരളത്തിലെ സ്വർണ വ്യാപാര മേഖലയിലും പ്രകടമാണ്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ സ്വർണ വിലയിലുണ്ടായ ഗണ്യമായ കുറവ് ഉപഭോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. നവംബർ 5ന് കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,07,080 രൂപയായിരുന്ന വില. എന്നാലത് നവംബർ 18ന് 97,720 രൂപയായി കുറഞ്ഞു. രണ്ടാഴ്‌ചയ്ക്കിടെ ഒരു പവന് 9,360 രൂപയുടെയും ഗ്രാമിന് 1,170 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകൾക്കുശേഷം സ്വർണ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി.

അന്താരാഷ്ട്ര വിപണിയിലും സ്വർണ വിലയിൽ വലിയ തിരുത്തലാണ് ഉണ്ടായിരിക്കുന്നത്. നവംബർ 18ന് ട്രോയ് ഔൺസിന് ഏകദേശം 3,770 ഡോളർ നിലവാരത്തിലേക്ക് വില താഴ്ന്നു. അമേരിക്കൻ ഡോളറിന്‍റെ ശക്തമായ മുന്നേറ്റവും ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലുണ്ടായ മാറ്റങ്ങളുമാണ് ആഗോള വിപണിയിലെ ഇടിവിന് പ്രധാന കാരണങ്ങളെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ പറഞ്ഞു.

കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ ഈ വിലക്കുറവിനെ പൊതുവെ ഒരു പോസിറ്റീവ് ഘടകമായാണ് കാണുന്നത്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് മാറ്റിവച്ചിരുന്ന നിരവധി ഉപഭോക്താക്കൾ ഇപ്പോൾ വീണ്ടും ജ്വല്ലറികളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ആവശ്യങ്ങൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ്. എന്നാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവയ്‌ക്കുന്ന മറ്റൊരു വിഭാഗം ഉപഭോക്താക്കളുമുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ഇടിവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിലക്കുറവ് പ്രതീക്ഷിച്ചാണ് ഇവർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വില കുറഞ്ഞതിന്‍റെ ആനുകൂല്യം വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും വ്യാപാരത്തിൽ പൂർണമായ ഉണർവ് ഉണ്ടായിട്ടില്ലെന്നും നാസര്‍ പറഞ്ഞു.

വ്യാപാരികള്‍ക്ക് വെല്ലുവിളി: സ്വർണ വിലയിലെ ചാഞ്ചാട്ടം വ്യാപാരികൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഉയർന്ന വിലയ്ക്ക് വാങ്ങി സ്റ്റോക്ക് ചെയ്‌ത സ്വർണത്തിന്‍റെ വിപണിമൂല്യം പെട്ടെന്ന് കുറയുന്നത് വ്യാപാരികളുടെ പ്രവർത്തന മൂലധനത്തെയും സ്റ്റോക്ക് മാനേജ്മെന്‍റിനെയും ബാധിക്കുന്നുണ്ട്. അതേസമയം വില കുറഞ്ഞുനിൽക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ സ്വർണം വാങ്ങാനുള്ള അവസരവും ലഭിക്കുന്നു.

സ്വർണ വിലയിലെ ഈ ഇടിവ് ദീർഘകാല പ്രവണതയുടെ തുടക്കമാണെന്ന് ഇപ്പോൾ പറയാനാകില്ല. അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങൾ, അമേരിക്കൻ പലിശനിരക്ക്, ഡോളറിന്‍റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, കേന്ദ്രബാങ്കുകളുടെ സ്വർണ നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ വരും ദിവസങ്ങളിലും സ്വർണ വിലയെ സ്വാധീനിക്കും.

വിലക്കുറവ് ഉപഭോക്താക്കൾക്ക് അവസരം: എന്നാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ നീട്ടിവയ്‌ക്കുന്നത് വിപണിയുടെ സ്വാഭാവികമായ ചലനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവിനെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ പുതിയ വിപണി സാഹചര്യങ്ങളിലേക്ക് മാറാനുള്ള അവസരമായാണ് കാണേണ്ടതെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here