
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്. പവന് 2,040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 12,215 രൂപയും ഒരു പവന് 97,720 രൂപയുമാണ് വില. ഇന്നലെ രാവിലെ പവന് 99,760 രൂപയായിരുന്നു വില. ഇതില്‍ നിന്നാണ് വീണ്ടും കുറവുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വസം പകരുന്നുണ്ട്.
22 കാരറ്റില്‍ മാത്രമല്ല മറ്റ് കാരറ്റുകളുടെ വിലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 10,000 രൂപയും ഒരു പവന് 80,000 രൂപയുമായി. 14 കാരറ്റിനാകട്ടെ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. വില കുത്തനെ ഇടിഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7,825 രൂപയും ഒരു പവന് 62,600 രൂപയുമായി. ഗ്രാമിന് 105 രൂപ കുറഞ്ഞ 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഒരു ഗ്രാമിന് 5,045 രൂപയിലും പവന് 40,360 രൂപയിലുമെത്തി.
വെള്ളി വിലയിലും ഇടിവ്
സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു ഗ്രാമിന് 195 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 185 രൂപയായി. അതേസമയം ഇന്നലെ 10 ഗ്രാമിന് 1950 രൂപയായിരുന്ന വില ഇന്ന് 1850 രൂപയിലേക്ക് ഇടിഞ്ഞു. സ്വര്‍ണം വെള്ളി വിലയില്‍ ഏറെ നാളായി ഈ ചാഞ്ചാട്ടം തുടങ്ങിയിട്ട്. കേരളത്തില്‍ കഴിഞ്ഞ പത്ത് ദിവസമുണ്ടായ വിലയില്‍ മാറ്റങ്ങള്‍ നോക്കാം.
| കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില |
| തീയതി | 24 കാരറ്റ് | 22 കാരറ്റ് |
| നവംബർ 18 | ₹13,326 (-278) | ₹12,215 (-255) |
| നവംബർ 17 | ₹13,604 (-76) | ₹12,470 (-70) |
| നവംബർ 16 | ₹13,680 (-82) | ₹12,540 (-75) |
| നവംബർ 15 | ₹13,762 (0) | ₹12,615 (0) |
| നവംബർ 14 | ₹13,762 (+27) | ₹12,615 (+25) |
| നവംബർ 13 | ₹13,735 (-245) | ₹12,590 (-225) |
| നവംബർ 12 | ₹13,980 (-218) | ₹12,815 (-200) |
| നവംബർ 11 | ₹14,198 (-71) | ₹13,015 (-65) |
| നവംബർ 10 | ₹14,269 (-191) | ₹13,080 (-175) |
| നവംബർ 09 | ₹14,460 (+103) | ₹13,255 (+95) |
കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് തവണ മാത്രമാണ് വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. നവംബര്‍ 9നും 14നുമാണ് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം നവംബര്‍ 15ന് വിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ അവസാന പത്ത് ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്ന് ദിവസങ്ങളൊഴികെ ബാക്കി എല്ലാ ദിവസവും വിലയില്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
ആഗോള രാഷ്ട്രീയവും നിക്ഷേപവും
അന്താരാഷ്‌ട്ര വിപണികളിലെ വിലയുടെ ഏറ്റക്കുറച്ചിലുകളാണ് ഇന്ത്യയിലും അതോടൊപ്പം കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനമായതാണ് രാഷ്‌ട്രീയവും സാമ്പത്തിക അസ്ഥിരതകളും. അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയ നീക്കങ്ങളും സാമ്പത്തിക അസ്ഥിരതകളുമാണ് സ്വര്‍ണ വിലയെ ഏറെ സ്വാധീനിക്കുന്നത്.
ആഗോള വിപണിയിൽ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വര്‍ണത്തെയാണ്. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് തങ്ങളുടെ മൂലധനം സംരക്ഷിക്കാൻ വൻകിട കമ്പനികളും വ്യക്തികളും കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിയുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണത്തിന് വലിയ ഡിമാൻഡ് സൃഷ്‌ടിക്കും. ഡിമാന്‍ഡ് വര്‍ധന വില ഉയര്‍ച്ചയ്‌ക്ക് പ്രധാന കാരണമാണ്.
കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങി ശേഖരിക്കുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. സാമ്പത്തിക മാന്ദ്യത്തിൻ്റെ സൂചനകൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രകടമാകുമ്പോൾ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത താവളമായി കാണുന്നുവെന്നതെല്ലാം സ്വര്‍ണത്തിന്‍റെ വില ഉയരാന്‍ കാരണമാകും.








