ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘രാമായണ’; ആഗോളതലത്തിലും കലക്ഷന്‍ അതിവേഗം കുതിക്കുന്നു

0
8

ഇന്ത്യൻ സിനിമാ ബോക്‌സ് ഓഫീസിൽ വീണ്ടും ചരിത്രം കുറിച്ച് നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’. റിലീസ് ചെയ്‌ത് വെറും 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 1,000 കോടി രൂപയുടെ ഗ്രോസ് കലക്ഷന്‍ നേടിയാണ് നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.

രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് നിതേഷ് തിവാരിയാണ്. ഈ നേട്ടത്തോടെ ഇന്ത്യൻ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1,000 കോടി ഗ്രോസ് കലക്ഷൻ നേടുന്ന ചിത്രങ്ങളുടെ എക്സ്ക്ലൂസീവ് ക്ലബ്ബിൽ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമായി ‘രാമായണ’ മാറി.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നേട്ടമാണിത്. ‘ബാഹുബലി 2’, ‘കെജിഎഫ് ചാപ്റ്റർ 2’, ‘പുഷ്പ 2’, ‘ധുരന്ധർ’, ‘ധുരന്ധർ 2’ തുടങ്ങിയ വമ്പൻ വിജയങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോൾ രാമായണയും എത്തിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസിൽ 1,000 കോടി രൂപ കലക്ഷൻ നേടുന്നത് ഇന്ത്യൻ സിനിമകൾക്ക് അത്ര അപൂർവമല്ലെങ്കിലും ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ഇത്രയും വലിയ തുക സ്വന്തമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

2017ൽ എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ ആണ് ഈ നേട്ടത്തിലേക്കുള്ള വഴി തുറന്നത്. പിന്നീട് ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ചിത്രം ഈ ക്ലബ്ബിൽ പ്രവേശിച്ചത്. എന്നാൽ സമീപ വർഷങ്ങളിൽ ഇത്തരം വമ്പൻ വിജയങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്.

1,000 കോടി ക്ലബ്ബിലെ ഇന്ത്യൻ സിനിമകൾ

ഇന്ത്യൻ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1,000 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കലക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് ‘പുഷ്പ 2’ ആണ്. 2024ൽ പുറത്തിറങ്ങിയ ചിത്രം 1471 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. 2017ൽ പുറത്തിറങ്ങിയ ‘ബാഹുബലി 2’ 1418 കോടി രൂപയുമായി തൊട്ടുപിന്നിലുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 1000 കോടി കടന്ന ചിത്രങ്ങള്‍

2026ൽ പുറത്തിറങ്ങിയ ‘ധുരന്ധർ 2: ദി റിവഞ്ച്’ 1375.50 കോടി രൂപയുടെ കലക്ഷൻ നേടി. 2025ലെ ‘ധുരന്ധർ’ 1008 കോടി രൂപയാണ് സ്വന്തമാക്കിയത്. 2022ൽ പുറത്തിറങ്ങിയ ‘കെജിഎഫ് ചാപ്റ്റർ 2’ 1001 കോടി രൂപയുടെ നേട്ടവും കൈവരിച്ചു. ഇപ്പോൾ 1,000 കോടി രൂപ പിന്നിട്ട രാമായണയും ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.

എക്സ്ക്ലൂസീവ് ക്ലബ്ബിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം

ബോളിവുഡിനെ സംബന്ധിച്ചിടത്തോളം രാമായണത്തിന്‍റെ ഈ നേട്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമകളാണ് ആഭ്യന്തര ബോക്‌സ് ഓഫീസിലെ 1,000 കോടി ക്ലബ്ബിൽ ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ 2025ൽ രൺവീർ സിങ് നായകനായെത്തിയ ‘ധുരന്ധർ’ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹിന്ദി ചിത്രമായി മാറി. പിന്നാലെ അതിന്‍റെ രണ്ടാം ഭാഗമായ ‘ധുരന്ധർ 2: ദി റിവഞ്ചും’ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

ഇപ്പോൾ രാമായണവും ഈ നേട്ടം സ്വന്തമാക്കിയതോടെ പട്ടികയിൽ ഇടം നേടുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ്. ആറ് ചിത്രങ്ങളിൽ മൂന്നെണ്ണവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിന്‍റെ വിജയം താരങ്ങളുടെയും സംവിധായകന്‍റെയും കരിയറിൽ മറ്റൊരു പ്രധാന നേട്ടമാണ്. ‘അനിമൽ’ എന്ന ചിത്രത്തിലൂടെ വലിയ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയ രൺബീർ കപൂറിന് രാമായണത്തിന്‍റെ നേട്ടം മറ്റൊരു വലിയ അംഗീകാരമാണ്. അതേസമയം, ‘കെജിഎഫ് ചാപ്റ്റർ 2’ന് പിന്നാലെ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമാണ് യാഷിന് രാമായണ. ഇതോടെ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് ചിത്രങ്ങളുള്ള താരങ്ങളുടെ പട്ടികയിലും യാഷ് ഇടംപിടിക്കുന്നു.

‘ദംഗൽ’ പോലൊരു വമ്പൻ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം സംവിധായകൻ നിതേഷ് തിവാരിയുടെ കരിയറിലും രാമായണ നിർണായക നേട്ടമായി മാറുകയാണ്. ഇന്ത്യൻ സിനിമയുടെ ആഗോള വിപണി സാധ്യതകൾ വീണ്ടും തെളിയിക്കുന്ന ചിത്രമായും ഇത് വിലയിരുത്തപ്പെടുന്നു.

ഹിന്ദിക്ക് പുറമെ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ആദ്യ ആഴ്ചയിലെ ദീപാവലി അവധിക്കാലം രാമായണത്തിന്‍റെ ബോക്‌സ് ഓഫീസ് പ്രകടനത്തിന് വലിയ ഗുണമായി. അവധിക്കാലത്തെ പ്രേക്ഷക തിരക്കും മികച്ച തിയേറ്റർ പ്രതികരണവും ചിത്രത്തിന്‍റെ കലക്ഷൻ ഉയർത്താൻ സഹായിച്ചു. രണ്ടാം വാരത്തിലും തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.

റിലീസ് ചെയ്‌തു രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുമ്പ് തന്നെ 1,000 കോടി രൂപയുടെ നേട്ടം കൈവരിച്ചത് ചിത്രത്തിന്‍റെ തിയേറ്റർ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് വരും ദിവസങ്ങളിലും മികച്ച കലക്ഷൻ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആഗോളതലത്തില്‍ നിന്ന് ഇതുവരെ 1,519.05 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഇന്ത്യയില്‍ നിന്ന് മൊത്തം 1,009.05 കോടി രൂപയും നെറ്റ് കലക്ഷന്‍ 844 കോടി രൂപയുമാണ്. വിദേശ വിപണിയില്‍ നിന്ന് 510 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 33 ശതമാനമാണ് വിദേശത്തുള്ള സംഭാവന. 14 ാം ദിവസം മാത്രം 23 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ പതിമൂന്നാം ദിവസത്തേക്കാളും 18.9 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുമുണ്ട്. വരും ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കലക്ഷന്‍ ഉയരുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുക്കൂട്ടല്‍. .

ഇന്ത്യൻ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1000 കോടി എന്ന ചരിത്രനേട്ടം പിന്നിട്ടതോടെ എക്കാലത്തെയും ഉയർന്ന കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ കൂടുതൽ മുന്നേറുകയാണ് രാമായണയുടെ അടുത്ത ലക്ഷ്യം. വരാനിരിക്കുന്ന വാരാന്ത്യങ്ങളിലെ കലക്ഷനായിരിക്കും ചിത്രത്തിന് എത്രത്തോളം ഉയരാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറാനുള്ള യാത്രയിലാണ് ഇപ്പോൾ രൺബീർ കപൂറിന്‍റെ രാമായണ.

LEAVE A REPLY

Please enter your comment!
Please enter your name here