പുത്തനുണർവിനായ് പുത്തൻ ശീലങ്ങൾ; ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ 2026 കളറാക്കാം

0
40

പുതുവത്സര ദിനത്തിൽ പുതിയ തീരുമാനം എടുക്കുകയും ആദ്യ മാസത്തിനുള്ളിൽ തന്നെ അവ അടിയറവ് വയ്‌ക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ 5 മണിക്ക് ഉണരും, ജിമ്മിൽ പോവും തുടങ്ങി എത്രയെത്ര തീരുമാനങ്ങളാണ് ജനുവരി അവസാനത്തോട് ഇല്ലാതാകുന്നത്. ഇനി മുതൽ യാഥാർഥ്യത്തെ അംഗീകരിക്കുന്ന തീരുമാനങ്ങൾ എടുക്കാം. ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയേയും കരുത്തോടെ നേരിടാൻ നിങ്ങൾ നിങ്ങളെ തന്നെ പ്രാപ്‌തരാക്കുക. ഇതിന് നിങ്ങളെ സഹായിക്കുന്ന ചില ശീലങ്ങൾ പരിചയപ്പെടാം.

1. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കാം

വികാരങ്ങളെ മനസിലാക്കാനും ഉൾക്കൊള്ളാനും നാം ശീലിക്കണം. ആകാംക്ഷ, സങ്കടം, ദേഷ്യം തുടങ്ങി വികാരങ്ങളെ ശമിപ്പിക്കാൻ ഇന്ന് പലരും സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ചുള്ള റീലുകൾ തേടി സോഷ്യൽ മീഡിയയിൽ പരതുന്നവരാണ് പലരും ‘ഡൂംസ്ക്രോളിങ്’ എന്നാണ് ഇതിന് പൊതുവേ പറയാറ്. ഇനി അത് വേണ്ട, ആകാംക്ഷ, സങ്കടം തുടങ്ങി എന്തെങ്കിലും വികാരെ മനസിൽ തോന്നിയാൽ ഉടൻ തന്നെ ഫോൺ എടുക്കരുത്. 90 സെക്കൻഡ് നേരം ആ വികാരത്തോടെ ഇരിക്കുക. കുറച്ച് നേരം കഴിയുമ്പോൾ അതിൻ്റെ കാഠിന്യം കുറയുന്നത് കാണാം.

2. നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക

എപ്പോഴും തിരക്കിലാവുന്നതിന് പകരം അല്‌പ സമയം നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റിവയ്‌ക്കുക. നമ്മുടെ ശരീരവും മനസും കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മെഴുകുതിരി പോലെ ഉരുകി തീരേണ്ടതല്ല ജീവിതം. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അല്‌പ നേരം ശരീരത്തിനും മനസിനും ആനന്ദം നൽകുന്ന കാര്യങ്ങളിൽ മുഴുകുക.

3. സ്വയം രോഗനിർണയം നടത്തുന്നത് നിർത്താം

12 സെക്കൻഡ് വീഡിയോ കണ്ട് തൻ്റെ രോഗം ഇതാണെന്ന് വിധിയെഴുതുന്നത് നിർത്താം.’സോഷ്യൽ മീഡിയയ്ക്ക് അവബോധം വളർത്താൻ കഴിയും. പക്ഷേ അവ പലപ്പോഴും സങ്കീർണമായ മാനസിക രോഗങ്ങളെ ലഘൂകരിച്ച് കാണിക്കുന്നു. റീലുകളെ അടിസ്ഥാനമാക്കിയുള്ള സ്വയം രോഗ നിർണയം അനാവശ്യ ഭയം സൃഷ്‌ടിക്കുന്നു. ശരിയായ പരിചരണവും ഇത് മൂലം വൈകുന്നുമെന്ന് മാനസികാരോഗ്യ കേന്ദ്രമായ അമാഹയുടെ സ്ഥാപകനായ ഡോ. അമിത് മാലിക് പറഞ്ഞു. മാനസിക പ്രശ്‌നങ്ങൾക്ക് ഒരു ഡോക്‌ടറെ കാണിക്കേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.

4. വിശ്രമിക്കാൻ ശീലിക്കാം

പട്ടികയിലുള്ളതെല്ലാം പൂർത്തിയാക്കിയതിന് ശേഷം ലഭിക്കുന്ന ഒരു പ്രതിഫലമല്ല വിശ്രമം. ജൈവശാസ്ത്രപരവും മാനസികവുമായ മനുഷ്യൻ്റെ ആവശ്യമാണ് വിശ്രമം എന്നാണ് മാനസികരോഗ വിദഗ്‌ധൻ അമിത് മാലിക് പറയുന്നത്. വൈകാരിക നിയന്ത്രണം, ശ്രദ്ധ, പ്രതിരോധശേഷി എന്നിവ വിശ്രമത്തിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും.

5. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടേണ്ട

മറ്റുള്ളവരുടെ പ്രശ്‌നത്തിൽ തലയിടുന്നത് നിർത്തുക. ആളുകൾക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ടാവും. അത്തരം തീരുമാനങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നത് നിർത്തുക.

6. പ്രഭാത ദിനചര്യകളിൽ കുറച്ച് മാറ്റം വരുത്താം

ചെറിയ തീരുമാനങ്ങളിൽ നിന്ന് തുടങ്ങാം. ചെറുചൂടുള്ള വെള്ളം കുടിക്കുക, നടക്കുക, വ്യായാമം ചെയ്യുക തുടങ്ങി സ്വയം ശീലിക്കാൻ കഴിയുന്ന തീരുമാനങ്ങൾ എടുക്കാം.

7. “ഇല്ല” എന്ന് പറയാൻ ശീലിക്കാം

“ഇല്ല” എന്ന് പറയാൻ പഠിക്കേണ്ടതുണ്ട്. നമ്മളിൽ പലർക്കും “ഇല്ല” അല്ലെങ്കിൽ വേണ്ട എന്ന് പറയാൻ ഭയമാണ്. ആ ദുശീലം മാറ്റിയെടുക്കാം. ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഇഷ്‌ടമില്ലാത്ത കാര്യങ്ങളോട് “നോ” പറയാൻ ശീലിക്കുക.

8. പ്രതിസന്ധികളെ ചിരിച്ച് കൊണ്ട് നേരിടാം

ജീവിതത്തിലെ സങ്കീർണ പ്രശ്‌നങ്ങളെ ലാഘവത്തോടെ നേരിടാൻ പഠിക്കുക. നർമ്മം ഉപയോഗിച്ച് സ്വയം അവബോധം നേടാൻ ശ്രമിക്കാം. 2026ലെ ലക്ഷ്യം സന്തോഷം നേടുക എന്നതല്ല, മറിച്ച് പ്രതിസന്ധികളെ പക്വതയോടെ നേരിടാൻ പഠിക്കുക എന്നതാണ്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതെ സരസമായി നേരിടാൻ ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here