അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 11 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ പിവി അൻവറിനെ ഇഡി വീണ്ടും വിളിപ്പിക്കും. മൊഴികളിൽ അവ്യക്തതയുണ്ടെന്നും ആസ്തി വർധനയിൽ കൃത്യമായ വിശദീകരണം നൽകാനായില്ലെന്നും ഇഡി വ്യക്തമാക്കി.
എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിനെതിരെ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കുരുക്ക് മുറുക്കുന്നു. വ്യാഴാഴ്ച 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അൻവറിനെ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. നൽകിയ മൊഴികളിൽ അവ്യക്തതയുണ്ടെന്ന സൂചനയെത്തുടർന്നാണിത്.
രണ്ട് തവണ നോട്ടിസ് നൽകിയ ശേഷമാണ് വ്യാഴാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫിസിൽ അൻവർ ഹാജരായത്. തുടർന്ന് 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് അദ്ദേഹം വിധേയനായി. അൻവർ നൽകിയ മൊഴികൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും നോട്ടിസ് നൽകുക. അൻവർ ബിനാമി ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. അൻവറിൻ്റെ വീട്ടിലുൾപ്പടെ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ചോദ്യം ചെയ്തത്.
ആസ്തി വർധനയിൽ അവ്യക്തത
2016ൽ 14.38 കോടി രൂപയായിരുന്ന പിവി അൻവറിൻ്റെ ആസ്തി 2021ൽ 64.14 കോടി രൂപയായി വർധിച്ചിരുന്നു. ഈ ആസ്തി വർധന എങ്ങനെയുണ്ടായി എന്നതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിന് സാധിച്ചില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കെഎഫ്സി മലപ്പുറം ശാഖയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും പിവി അൻവർ വായ്പയെടുത്തെന്ന വ്യവസായി മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് അൻവറിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രനെ ഇഡി വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കെഎഫ്സി ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന മൊഴിയുടെയും പരാതിക്കാരൻ നൽകിയ രേഖകളുടെയും അടിസ്ഥാനത്തിൽ അൻവറിൻ്റെ മൊഴിയെടുത്തത്. ഇതിൻ്റെ തുടർച്ചയായാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി അൻവറിൻ്റെ ഒതായിയിലെ വീട്, സഹോദരപുത്രൻ അഫ്താബ് ഷൗക്കത്തിൻ്റെ ഓഫിസ്, അൻവറിൻ്റെ ഡ്രൈവർ സിയാദിൻ്റെ വീട്, മഞ്ചേരിയിലെ പിവിആർ മെട്രോ വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.
സിആർപിഎഫ് കർശന സുരക്ഷയൊരുക്കി കൊച്ചി, ചെന്നൈ, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു പരിശോധന. അൻവറിന് പുറമേ കെഎഫ്സി മലപ്പുറം ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥർ, അൻവറിൻ്റെ ഡ്രൈവർ സിയാദ് എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അൻവറിനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് നിർണായകമാകും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന അൻവറിന് രാഷ്ട്രീയമായി അത് വലിയ തിരിച്ചടിയാകും.







