എല്ലാ തൊഴില്‍ മേഖലയെയും എഐ സ്വാധീനിക്കുമെന്ന് ബില്‍ഗേറ്റ്‌സ്

0
28

ന്യൂഡൽഹി: കൃത്രിമ ബുദ്ധിയുടെ (AI) വർധിച്ച് വരുന്ന ഉപയോഗം ജോലികളെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്‌. ചൊവ്വാഴ്‌ച (ജനുവരി 20) ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് മുന്നിറിയിപ്പ് നൽകിയത്. എഐ ഉപയോഗം വര്‍ധിച്ചു വരുന്നതോടെ എല്ലാ തൊഴില്‍മേഖലകളെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിഭാഷകൻ, മാനേജർ, അക്കൗണ്ടറ്റ് തുടങ്ങിയ ജോലികളെ കൂടുതലായി ബാധിക്കുമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ സർക്കാരുകൾ ഇതുവരെ ഒരു മാറ്റത്തിന് പൂർണ്ണമായും തയ്യാറായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ കെട്ടിടനിർമ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ എഐയുടെ ആഘാതം വ്യക്തമായി ദൃശ്യമാകും,” എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

സാമ്പത്തിക മേഖലകളിൽ സമൂഹത്തിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരുകൾ ഇപ്പോൾ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ പുതിയ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കണോ അതോ നികുതി സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തണോ എന്നതാണ് എന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

ഇതുവരെ എഐയുടെ ആഘാതം പരിമിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ ഈ സാഹചര്യം അധികകാലം നിലനിൽക്കില്ല. മുൻകാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ട്. തുടർന്ന് സോഫ്റ്റ്‌വെയർ വികസനത്തിൽ എഐ ഇതിനകം തന്നെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും മേഖലകളിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾ ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിവർത്തനം ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടുതൽ വർധിക്കുമെന്ന ആശങ്കയും അദ്ദേഹം മുൻപോട്ട് വച്ചു.

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലുള്ള വിശ്വാസം

ചർച്ചകൾക്കിടയിൽ ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചും ബിൽ ഗേറ്റ്സ് പറയുകയുണ്ടായി. ഇരു രാജ്യങ്ങൾക്കും ശക്തമായ അടിത്തറയായി പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വേഗത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ സ്വീകരിക്കാനുള്ള കഴിവും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സാങ്കേതിക വികസനത്തിൽ ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ ശക്തി ആത്യന്തികമായി നിലനിൽക്കുമെന്ന് ബിൽ ഗേറ്റ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here