കോട്ടയത്ത് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാളെ വേദിയിൽ നിന്നും ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി. പാലാ കിഴപറയാർ സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം പെരുന്നാളിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പ്രശസ്ത അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഗായകൻ റഷീദ് പാടുന്നതിനിടെ ഒരാൾ വേദിയിലെത്തി ഗാനം തടസ്സപ്പെടുത്തുകയായിരുന്നു. അയ്യപ്പഭക്തിഗാനത്തിന് പകരം ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ ഇടപെടലിന് പിന്നാലെ ആളുകൾ ബഹളം വയ്ക്കുകയായിരുന്നു.
വേദിയിലുണ്ടായിരുന്നവർ ഇടപെട്ട് ഇയാളെ പുറത്തേക്ക് മാറ്റി. തുടർന്ന് പള്ളിയിലെ വികാരിയുടെ ആവശ്യപ്രകാരം ഗായകൻ ‘പമ്പാഗണപതി ‘ ഉൾപ്പെടെ അഞ്ച് ഗാനങ്ങൾ വേദിയിൽ ആലപിച്ചു. പാട്ട് തടസ്സപ്പെടുത്തിയയാൾ പ്രദേശവാസിയല്ലെന്നാണ് വിവരം.






