കേരളത്തിലെ എഐ പഠനത്തിനും പരിശീലനത്തിനും പുതിയ ദിശാബോധം

0
8

തിരുവനന്തപുരം: അധ്യാപകരുടെ ആജീവനാന്ത പ്രൊഫഷണൽ വികസനം അവകാശമായി അംഗീകരിക്കണമെന്ന യുനെസ്കോയുടെ ആഗോള അധ്യാപക റിപ്പോർട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കും നിർണായകമാകുന്നു. യുനെസ്കോയും ഇൻ്റർനാഷണൽ ടാസ്ക് ഫോഴ്സ് ഓൺ ടീച്ചേഴ്സ് ഫോർ എഡ്യൂകേഷൻ 2030ഉം സംയുക്തമായി തയാറാക്കിയ റിപ്പോർട്ട് എത്യോപ്യയിലെ അഡിസ് അബാബയിൽ നടന്ന 15-ാം ടീച്ചർ പോളിസി ഡയലോഗ് ഫോറത്തിലാണ് പുറത്തിറക്കിയത്.

നവംബർ 23നാണ് ആജീവനാന്ത പഠനത്തിലൂടെ അധ്യാപകരുടെ പ്രൊഫഷണൽ വികസനം എന്ന പ്രമേയത്തിലുള്ള റിപ്പോർട്ട് പ്രകാശനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും ഹൈടെക് ക്ലാസ് മുറികളിലൂടെയും രാജ്യത്തിന് മാതൃകയായ കേരളം നേരിടുന്ന പുതിയ വെല്ലുവിളികളുമായി റിപ്പോർട്ടിലെ നിർദേശങ്ങൾ അടുത്തുനിൽക്കുന്നു. പരിശീലന അവസരങ്ങൾ ഇപ്പോഴും അസമമാണെന്നും പലപ്പോഴും അധ്യാപകരുടെ യഥാർഥ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്വന്തം പഠനവും തൊഴിൽപരമായ വളർച്ചയും രൂപപ്പെടുത്താൻ അധ്യാപകരെ ശാക്തീകരിക്കണം. ഇതിലൂടെ വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിലെ അധ്യാപക പരിശീലനവും സഹകരണവും
കേരളത്തിൽ നിലവിലുള്ള ക്ലസ്റ്റർ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും പലപ്പോഴും ഒറ്റത്തവണത്തെ പരിപാടികളായി ഒതുങ്ങാറുണ്ട്. ഇതിനപ്പുറം അധ്യാപകരുടെ തൊഴിൽ ജീവിതത്തിലുടനീളം പരസ്പര സഹകരണത്തോടെയുള്ള പഠനവും മെൻ്ററിങ്ങും ഉറപ്പാക്കണമെന്നതാണ് റിപ്പോർട്ട് കേരളത്തിന് നൽകുന്ന പ്രധാന പാഠം. ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള 1.7 ലക്ഷത്തോളം അധ്യാപകരെ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ലേണർ മാനേജ്മെൻ്റ് സിസ്റ്റം വഴി തുടർച്ചയായ പ്രൊഫഷണൽ വികസന പദ്ധതിക്ക് തുടക്കമിട്ടത് ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പാണ്. ക്ലാസ് മുറിയിലെ ദൈനംദിന വെല്ലുവിളികൾ സഹപ്രവർത്തകരുമായി പങ്കുവച്ച് പരിഹാരം കാണുന്ന രീതി സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

നിർമിത ബുദ്ധിയും ഹൈടെക് ക്ലാസ് മുറികളും
പുതിയ സാങ്കേതികവിദ്യകൾ, മാറിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ, വർധിച്ചുവരുന്ന ആഗോള വെല്ലുവിളികൾ എന്നിവയ്ക്ക് അനുസൃതമായി ക്ലാസ് മുറികൾ മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ പൂർണമായും ഹൈടെക് ആയി മാറിക്കഴിഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി റോബോട്ടിക്സും നിർമിത ബുദ്ധിയും സ്കൂൾ തലത്തിൽ തന്നെ വിദ്യാർഥികൾ പഠിച്ചുതുടങ്ങിയിട്ടുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂകേഷൻ (കൈറ്റ്) വഴി എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ 80,000ലധികം അധ്യാപകർക്ക് ഇതിനകം നിർമിത ബുദ്ധിയിൽ പരിശീലനം നൽകി. സമഗ്ര പ്ലസ് എഐ, കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും സജീവമാണ്. എങ്കിലും സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ അധ്യാപകർക്ക് നിരന്തരമായ നൈപുണ്യ വികസനം അനിവാര്യമാണ്. പല വിദ്യാഭ്യാസ സംവിധാനങ്ങളിലും പ്രൊഫഷണൽ പഠനം ചിതറിക്കിടക്കുന്നതും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതുമായ അവസ്ഥയിലാണെന്നും അധ്യാപകർക്ക് പരിശീലനവും പിന്തുണയും നൽകുന്ന രീതി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

വയോജന ജനസംഖ്യയും ആജീവനാന്ത പഠനവും
2015നും 2050നും ഇടയിൽ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ആഗോളതലത്തിൽ 12 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഇരട്ടിയോളം വർധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ തന്നെ മുതിർന്ന പൗരന്മാരുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2026ൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 18.7 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ്. ഇത് 2036ഓടെ 22.8 ശതമാനമായും 2051ഓടെ 30 ശതമാനമായും ഉയരുമെന്നാണ് കണക്കുകൾ. ജനസംഖ്യയിലുണ്ടാകുന്ന ഈ മാറ്റം വിദ്യാഭ്യാസ ആവശ്യങ്ങളെയും തലമുറകൾ തമ്മിലുള്ള ബന്ധങ്ങളെയും മാറ്റിമറിക്കും. മുതിർന്ന പൗരന്മാർക്കായുള്ള തുടർവിദ്യാഭ്യാസം, ഡിജിറ്റൽ സാക്ഷരത, തൊഴിൽ നൈപുണ്യ വികസനം എന്നിവയിൽ കേരളത്തിലെ അധ്യാപകർക്കും സംസ്ഥാന സാക്ഷരതാ മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കും വലിയ പങ്കുവഹിക്കാനാകും. ഇതിനനുസരിച്ച് അധ്യാപക പരിശീലനത്തിലും മാറ്റങ്ങൾ വരേണ്ടതുണ്ട്.

ജോലിഭാരവും നയരൂപീകരണത്തിലെ പങ്കും
തൊഴിൽ ജീവിതത്തിലുടനീളം പരസ്പരം പഠിക്കാൻ അധ്യാപകർക്ക് സമയം ലഭിക്കേണ്ടതുണ്ടെന്ന് യുനെസ്കോ അധ്യാപക വികസന വിഭാഗം മേധാവിയും ഇൻ്റർനാഷണൽ ടാസ്ക് ഫോഴ്സ് സെക്രട്ടേറിയറ്റ് തലവനുമായ കാർലോസ് വർഗാസ് പറഞ്ഞു. ക്ലാസ് മുറിയിലെ വെല്ലുവിളികൾ സഹപ്രവർത്തകരുമായി പങ്കുവയ്ക്കാനും പുതിയ രീതികൾ പരീക്ഷിക്കാനും അതിലൂടെ പഠിച്ച കാര്യങ്ങൾ കൈമാറാനും സാധിക്കുമ്പോൾ അത് അധ്യാപന മേഖലയ്ക്ക് മുഴുവൻ ഗുണകരമാകും. പ്രവൃത്തി സമയത്തിനുള്ളിൽ തന്നെ പ്രൊഫഷണൽ പഠനത്തിന് സമയം ഉറപ്പാക്കിയും ആ സമയം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ അധ്യാപകർക്ക് അവസരം നൽകിയും സർക്കാരുകൾക്ക് ഇത് സാധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാഠ്യേതര ജോലികളുടെ ഭാരം നേരിടുന്ന കേരളത്തിലെ അധ്യാപകർക്ക് ഈ നിർദേശം വലിയ ആശ്വാസമാകും. വെറും നിർദേശങ്ങൾ നടപ്പാക്കുന്നവർ എന്നതിലുപരി വിദ്യാഭ്യാസ ഗവേഷണത്തിലും നയരൂപീകരണത്തിലും അധ്യാപകരുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും അർഹമായ പ്രാധാന്യം നൽകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങളായ പ്രീ-പ്രൈമറി, പ്രൈമറി, സെക്കൻഡറി, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലെ അധ്യാപകരെ റിപ്പോർട്ട് ഉൾക്കൊള്ളുന്നു. ഇതിനുപുറമെ തൊഴിലിടങ്ങൾ, അഭയാർഥി ക്യാമ്പുകൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ അനൗപചാരികവും സാമൂഹികവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ സാഹചര്യങ്ങളും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്.

അധ്യാപകരെ സജ്ജമാക്കുന്നതിലും അവർക്ക് പിന്തുണ നൽകുന്നതിലും വലിയ വിടവുകളുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പൂർണമായ വിവരങ്ങൾ ലഭ്യമായ രാജ്യങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രീ-പ്രൈമറി മുതൽ സെക്കൻഡറി വരെയുള്ള എല്ലാ തലങ്ങളിലും തുടർച്ചയായ പ്രൊഫഷണൽ വികസനം നിർബന്ധമാക്കിയിട്ടുള്ളത്. പിന്നാക്കം നിൽക്കുന്ന മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിസന്ധി ബാധിത പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന അധ്യാപകർക്ക് പരിശീലന അവസരങ്ങൾ ലഭിക്കുന്നതിൽ വലിയ അസമത്വം നിലനിൽക്കുന്നു.

നിലവിലെ പരിശീലന രീതികൾ പലപ്പോഴും ഒറ്റത്തവണത്തെ പരിപാടികളിൽ മാത്രം ഒതുങ്ങുന്നുവെന്നും റിപ്പോർട്ട് വിമർശിക്കുന്നു. മെൻ്ററിങ്, സഹപ്രവർത്തകരുമായുള്ള സഹകരണം, ദൈനംദിന അധ്യാപനത്തിലൂടെയുള്ള പഠനം എന്നിവ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. തുടക്കത്തിലെ പരിശീലനം മുതൽ തുടർച്ചയായ നൈപുണ്യ വികസനവും തൊഴിൽപരമായ മുന്നേറ്റവും വരെ അധ്യാപകർക്ക് നിരന്തര പിന്തുണ അനിവാര്യമാണ്. ആജീവനാന്ത പഠന സമീപനം അധ്യാപകരുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള പഠന അവസരങ്ങൾ നൽകുന്നു. യോഗ്യരായ അധ്യാപകരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും നിലനിർത്താനും ആഗോളതലത്തിൽ നിലനിൽക്കുന്ന അധ്യാപക ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും.

മാറ്റത്തിനുള്ള ആറ് നിർദേശങ്ങൾ
2030ഓടെ ലോകത്തിന് 44 ദശലക്ഷം അധിക അധ്യാപകരെ ആവശ്യമാണെന്ന് 2024ൽ പുറത്തിറങ്ങിയ ആദ്യ ആഗോള അധ്യാപക റിപ്പോർട്ട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി പുതിയ റിപ്പോർട്ട് ആറ് പ്രധാന നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ആജീവനാന്ത പഠനത്തെ പിന്തുണയ്ക്കുന്ന വ്യക്തവും പരസ്പരബന്ധിതവുമായ നയങ്ങളിലൂടെ അധ്യാപക വികസന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഒന്നാമത്തെ നിർദേശം. അധ്യാപകരുടെ പ്രൊഫഷണൽ വികസനത്തിനുള്ള അവകാശം അംഗീകരിക്കുകയും പഠനത്തിന് അനുകൂലമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയും വേണം.

അധ്യാപകരുടെ തൊഴിൽ ഘട്ടങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി പഠനം ക്രമീകരിക്കുകയും നിർമിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയും വേണം. സഹകരണവും കരുതലും പ്രോത്സാഹിപ്പിച്ച് മനുഷ്യകേന്ദ്രീകൃതമായ വികസന രീതി നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അധ്യാപകരെ അറിവിൻ്റെ സ്രഷ്ടാക്കളായും ഗവേഷണത്തിലും നയരൂപീകരണത്തിലും സജീവ പങ്കാളികളായും അംഗീകരിച്ച് അവരുടെ തൊഴിൽപരമായ സ്വാതന്ത്ര്യം ശക്തിപ്പെടുത്തണം. തുല്യവും എല്ലാവർക്കും പ്രാപ്യവും ദീർഘകാല ഫണ്ടിങ് ലഭ്യവുമായ ദേശീയ സംവിധാനങ്ങളെ പിന്തുണയ്ക്കാൻ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കണമെന്നും ആറാമത്തെ നിർദേശത്തിൽ പറയുന്നു.

നയരൂപീകരണത്തിന് അടിത്തറ
2030ന് ശേഷമുള്ള വിദ്യാഭ്യാസ അജണ്ടയിലേക്ക് രാജ്യങ്ങൾ ഉറ്റുനോക്കുന്ന നിർണായക ഘട്ടത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അധ്യാപകരുടെ പദവി സംബന്ധിച്ച 1966ലെ ഐഎൽഒ-യുനെസ്കോ ശിപാർശകൾ പുതുക്കുന്ന പ്രക്രിയ നടക്കുന്നതിനിടയിലാണ് ഇതിൻ്റെ പ്രകാശനം. യുഎൻ സെക്രട്ടറി ജനറലിൻ്റെ ഉന്നതതല സമിതിയുടെ ശിപാർശകളും 2025ലെ സാൻ്റിയാഗോ സമവായത്തിലെ പ്രതിബദ്ധതകളും ഇതിന് അടിത്തറയായിട്ടുണ്ട്.

വിദ്യാഭ്യാസ നയങ്ങളും പ്രൊഫഷണൽ വികസനത്തിനായുള്ള നിക്ഷേപങ്ങളും ശക്തിപ്പെടുത്താൻ സർക്കാരുകൾക്കും അധ്യാപക സംഘടനകൾക്കും വിദ്യാഭ്യാസ പങ്കാളികൾക്കും ഈ കണ്ടെത്തലുകൾ അടിസ്ഥാനമാകും. ഇതിലൂടെ മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങളോട് പ്രതികരിക്കാൻ അധ്യാപകർ കൂടുതൽ സജ്ജരാകും. എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സുസ്ഥിര വികസന ലക്ഷ്യം നാല് കൈവരിക്കാൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here