തൊടുപുഴ: കേരളിയരുടെ തലയ്ക്കു മീതെ ഭീതിപരത്തി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ്. 1895 ഒക്‌ടോബര്‍ 10 ന് വെന്‍ലോക്ക് പ്രഭുവാണ് പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ മണ്ണില്‍ നിലനില്‍ക്കുമ്ബോഴും സംസ്ഥാനത്തിന് യാതൊരു അവകാശവുമില്ലാത്ത അണക്കെട്ട് എക്കാലവും വിവാദങ്ങളിലാണ്.
പതിറ്റാണ്ടുകളായ ബ്രിട്ടീഷ് മേല്‍ക്കോയ്മ കേരളത്തിന് മീതെ അടിച്ചേല്‍പ്പിച്ചതാണ് മുല്ലപ്പെരിയാര്‍ കരാറും അണക്കെട്ടും. ബലക്ഷയം നേരിടുന്ന അണക്കെട്ടിന് പകരം പുതിയത് നിര്‍മിച്ച് ആശങ്ക അകറ്റണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുമ്ബോഴും തമിഴ്‌നാട് ഇത് ചെവിക്കൊള്ളുന്നില്ല. മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തെക്കന്‍ തമിഴ്‌നാടിന് പുതുജീവന്‍ പകര്‍ന്ന് നല്‍കിയത് മുല്ലപ്പെരിയാറാണ്. മുല്ലപ്പെരിയാര്‍ ജലം കാര്യക്ഷമായി വിനിയോഗിച്ചതുമൂലമാണ് തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകള്‍ സമ്ബല്‍ സമൃദ്ധമായത്. ഇന്ന് തമിഴ്‌നാടിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലും ഈ ജില്ലകള്‍ തന്നെയാണ്. കനാല്‍ മാര്‍ഗം 125 കിലോമീറ്റര്‍ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിക്കുന്നത്.
ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത, 999 വര്‍ഷത്തേക്കുള്ളതാണ് പാട്ടക്കരാര്‍. അതായത് 2884 ഡിസംബര്‍ 31നേ കരാര്‍ അവസാനിക്കൂ എന്നര്‍ഥം. 125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട് എപ്പോഴും ദുരന്തം സമ്മാനിക്കാവുന്നതെന്ന് നിരവധി വിദഗ്ധ സമിതികളും കണ്ടെത്തിയിട്ടുണ്ട്. 8000 ഹെക്ടറിലധികം കൃഷിയിടത്തിലാണ് ഈ അണക്കെട്ട് ഉപയോഗിക്കുന്നത്. ഇതിനൊപ്പം രണ്ടിടങ്ങളില്‍ തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. നിലവില്‍ 128 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 1886 ഒക്‌ടോബര്‍ 29നാണു തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും അന്നത്തെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പുവച്ചത്.