വയനാട് ഉരുൾപൊട്ടലിൻ്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും ഫോറൻസിക് സർജൻമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു.
ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 343 പോസ്റ്റുമോർട്ടങ്ങൾ നടത്തി. നടപടികൾ പൂർത്തിയാക്കി 146 പേരുടെ മൃതദേഹങ്ങൾ തിരിച്ച് നൽകാനായി.