തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മൂവരേയും അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ ഇവരെ വീടിന്‍റെ പരിസരത്ത് പോയി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഫോണില്‍ വിളിക്കുമ്ബോള്‍ ഉത്തരം ലഭിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവമായതിനാല്‍ കേസില്‍ തിരക്കിട്ട് നടപടികളിലേക്ക് കടക്കേണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.വെള്ളിയാഴ്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്ബാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്. നിയമം കൈയിലെടുക്കാനുള്ള നീക്കം തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇവരുടെ ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വിജയ് പി. നായരെ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.