ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്,110 പേരുമായി 17,000 അടി ഉയരത്തിൽ, ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു;

0
4

ലഖ്‌നൗ: പട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് മിന്നലേറ്റതോടെ അടിയന്തര ലാൻഡിങ്. 6E925 എന്ന വിമാനം 104 യാത്രക്കാരും 6 ജീവനക്കാരുമായി പറക്കുന്നതിനിടെയാണ് 17,000 അടി ഉയരത്തിൽ വെച്ച് മിന്നലേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് (നോസ്) കേടുപാടുകൾ സംഭവിക്കുകയും ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ബുധനാഴ്ചയാണ് സംഭവം.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. മിന്നലേറ്റെങ്കിലും പൈലറ്റുമാർക്ക് വിമാനം ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിന് എട്ട് മിനിറ്റ് മുൻപ് തന്നെ വിമാനം അവിടെ എത്തിച്ചേർന്നു. വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 3:10ന് പട്ന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 4:20ന് ലക്നൗവിൽ എത്തേണ്ടതായിരുന്നു. മിന്നലേറ്റതിനെത്തുടർന്ന് 4:05ഓടെ വിമാനം ലക്നൗവിൽ സുരക്ഷിതമായി ഇറങ്ങി.

ലാൻഡിങ്ങിന് ശേഷം പകർത്തിയ വിമാനത്തിന്റെ ചിത്രത്തിൽ, മിന്നലേറ്റതിനെത്തുടർന്ന് മുൻഭാഗം പൂർണമായും തകർന്ന നിലയിൽ കാണാമായിരുന്നു. വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും (ഗ്രൗണ്ട് ചെയ്യുകയും) സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിക്കുകയും ചെയ്തു. ഡിജിസിഎയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വിമാനം ലഖ്‌നൗവിൽ നിന്ന് വീണ്ടും സർവീസ് ആരംഭിക്കുകയുള്ളൂ. അതുവരെ വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തും. കേടുപാടുകൾ സംഭവിച്ച വിമാനം വീണ്ടും സർവീസ് നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് മുൻപായി ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. കേടുപാടുകൾ വിലയിരുത്തുന്നതിനായി എൻജിനീയർമാരുടെ സംഘം വിമാനം പരിശോധിച്ചുവരികയാണ്.

ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോയുടെ 6E6968 എന്ന സർവീസ് നടത്തേണ്ടിയിരുന്നത് ഇതേ വിമാനമായിരുന്നു. തുടർന്ന് എയർലൈൻ അധികൃതർ യാത്രക്കാർക്കായി മറ്റൊരു വിമാനം ക്രമീകരിച്ചു. 104 യാത്രക്കാരും വൈകുന്നേരം 6:22ഓടെ ഈ പുതിയ വിമാനത്തിൽ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു.

ജൂൺ 19ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റ സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. അഗർത്തലയിലേക്ക് പോകാനിരുന്ന വിമാനത്തിന് മിന്നലേറ്റതിനെത്തുടർന്ന് അതിന്റെ പവർ സിസ്റ്റത്തെ ബാധിച്ചിരുന്നു. സംഭവത്തിന് ശേഷം 141 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും പിന്നീട് മറ്റൊരു വിമാനത്തിൽ അഗർത്തലയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here