പത്തനംതിട്ട: ഇതര സംസ്ഥാന ട്രാവല്‍ ഏജൻസികള്‍ കൂട്ടമായി ശബരിമല ദർശനത്തിനുള്ള വെർച്വല്‍ ക്യൂ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതായി പൊലീസിന്റെ കണ്ടെത്തല്‍. തീർഥാടകരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച് കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്ത ശേഷം, വെർച്വല്‍ ക്യൂ കൂപ്പണുകള്‍ പ്രിന്റ് എടുത്ത് വില്‍പ്പന നടത്തുന്നതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ് ബുക്കിങ് രീതി നിർത്തലാക്കി സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നല്‍കും.
വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ച സ്ലോട്ടുകൾ എല്ലാം ബുക്കിങ് നടന്നിട്ടും ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി കുറയുന്നതിന്റെ കാരണം അന്വേഷിക്കാൻ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ, ശബരിമല ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി പി.വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനും നിർദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ ദർശനത്തിന് അനുമതി നേടിയവർ എത്താത്ത സാഹചര്യത്തിൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തുന്നുണ്ടോയെന്ന സംശയവും പരിശോധിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൈബർ ഫോറൻസിക് സഹായവും ഇതിനായി തേടിയിട്ടുണ്ട്. ബുക്കിങ് സംവിധാനത്തില്‍ ഒടിപി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ടെന്നാണ് വിവരം. വെർച്വൽ ക്യു ബുക്കിങ്ങും ഇത് അനുസരിച്ച് ദർശനത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണവും തമ്മിലുള്ള വലിയ അന്തരമാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
പ്രതിദിനം 80,000 തീർഥാടകർക്ക് ദർശനത്തിന് അനുമതിയുള്ളപ്പോഴും ഇതിന്റെ പകുതിയോളം പേർ മാത്രമാണ് ചില ദിവസങ്ങളിൽ സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ഇത് നേരിട്ട് വെർച്വൽ ക്യു ബുക്കിങ് നടത്തി ശബരിമല ദർശനം നടത്താൻ തയ്യാറായി നിൽക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്.
വെർച്വൽ ക്യൂ വഴി 66,000 ഭക്തർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 ഭക്തർക്കുമാണ് ദർശനത്തിന് അവസരം നൽകിയത്. ഇതിനിടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ 21 മുതല്‍ ഈ മാസം 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർധന വരുത്തും. വെർച്വല്‍ ക്യൂ വഴി ദർശനത്തിന് സ്ലോട്ട് ലഭിക്കാത്തവർക്ക് അവസരം നൽകുന്നതിനായാണ് നടപടി. നിലവിൽ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് സ്പോട് ബുക്കിങ് സൗകര്യമുള്ളത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടമായി ബുക്ക് ചെയ്ത ശേഷം ഇത് ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് വലിയ തുകയ്ക്ക് മറിച്ച് വിൽക്കുന്നതായാണ് പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ. തീർഥാടകരുടെ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും വാങ്ങി ഓരോ ദിവസത്തെയും സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യും. തുടർന്ന് വെർച്വൽ ക്യൂ കൂപ്പണുകളുടെ പ്രിന്റ് എടുത്ത് ഭക്തർക്ക് ഉയർന്ന തുകയ്ക്ക് മറിച്ചു വിൽക്കും. കൂപ്പണുകൾ വാങ്ങാൻ തീർഥാടകർ എത്താതായാൽ ഈ ദിവസങ്ങളിലെ സ്ലോട്ടുകൾ ഒഴിഞ്ഞ് കിടക്കുമെന്നാണ് പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ.
സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം
സന്നിധാനത്തെ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെര്‍ച്വല്‍ ക്യൂ സമയപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ദേവസ്വം ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. പമ്പയിലെ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെർച്വല്‍ ക്യൂ സമയപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും പരാതി നല്കി. വെർച്വല്‍ ക്യൂ ബുക്കിങ് പൂർത്തിയായിട്ടും ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കണം. കർശനമായ സമയ നിബന്ധനകളും യാത്ര പ്രതിസന്ധികളും തീർഥാടകരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സംഘടന നൽകിയ പരാതിയിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘ശരണ്‍’ ആപ്പ്
ശബരിമല തീർഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ശരണ്‍’ (SARAN) ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ മന്ത്രി കെഎം ഷാജി നിർവഹിച്ചു. ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങള്‍, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ തീർഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ആപ്പ് പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യാതെ ക്യുആർ കോഡ് സ്കാൻ ചെയ്ത മൊബൈല്‍ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാമെന്നതാണ് ആപ്പിന്റെ പ്രത്യേകത.
ശൗചാലയങ്ങളുടെ പരിപാലനവും വൃത്തിയാക്കലും
മരക്കൂട്ടം മുതൽ സന്നിധാനം വരെയും സന്നിധാനത്തുമുള്ള ശൗചാലയങ്ങളുടെ പരിപാലനവും വൃത്തിയാക്കലും നിരീക്ഷിക്കുന്നതിന് 17 സൂപ്പർവൈസർമാരെ നിയോഗിച്ച് ദേവസ്വം ബോർഡ്. മണ്ഡലകാലത്തിന്റെ മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്ത തീരുമാനപ്രകാരം സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ എല്ലാ ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് പൂർണമായും സൗജന്യമാക്കിയിരുന്നു. ദേവസ്വം ബോർഡ് നിയോഗിച്ച താത്ക്കാലിക ജീവനക്കാരെയാണ് ഇവിടെ ശുചീകരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ദേവസ്വം ബോർഡാണ് തൊഴിലാളികൾക്ക് വേതനവും നൽകുന്നത്.
സന്നിധാനത്ത് 1125 ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനം വലിയ പന്തലിന്റെ വലതുഭാഗത്തായി 160 എണ്ണം ഒരുക്കിയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകള്‍ക്കുമായി 160 ശചുമുറി സൗകര്യം ഉണ്ട്. സന്നിധാനത്തെ ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാനായി 147 ജീവനക്കാരെ മൂന്ന് ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് ലോഷനും സോപ്പും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അന്നദാന മണ്ഡപത്തിന് സമീപത്തെ ശുചിമുറി ബ്ലോക്ക് കരാറുകാർക്ക് നൽകിയിരുന്നു. ഇത്തവണ ഇതും ഭക്തർക്ക് സൗജന്യമാക്കിയിട്ടുണ്ടെന്ന് മരാമത്ത് ശബരിമല സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ജി.മനോജ് കുമാർ അറിയിച്ചു.





