തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഹർജിയിൽ 14 പിഴവുകൾ;

0
7

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പിഴവുകൾ. രാഹുൽ ഗാന്ധിയും മറ്റ് പത്ത് നേതാക്കളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി രജിസ്ട്രി പതിനാല് പിഴവുകൾ കണ്ടെത്തിയത്. ഈ അപാകതകൾ പരിഹരിച്ച ശേഷം മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂവെന്ന് രജിസ്ട്രി വ്യക്തമാക്കി.

2026 ഒക്ടോബർ പന്ത്രണ്ടിനാണ് പ്രതിപക്ഷ നേതാക്കൾ കോടതിയെ സമീപിച്ചത്. 64196/2026 എന്ന ഡയറി നമ്പറിലാണ് ഹർജി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർജി നൽകിയ ഒമ്പത് പേരുടെ വക്കാലത്തുകൾ സമർപ്പിച്ചിട്ടില്ല എന്നതാണ് പ്രധാന ന്യൂനത. കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പിലെ അവ്യക്തതയും രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിശ്ചിത കോടതി ഫീസിൽ 220 രൂപയുടെ കുറവുണ്ടെന്നും കണ്ടെത്തി. ഹർജിയിൽ വ്യക്തികളെ എതിർകക്ഷികളായി ഉൾപ്പെടുത്തിയതും മുൻ കോടതി വിധിയുടെ പകർപ്പ് അനുബന്ധമായി സമർപ്പിക്കാത്തതും പിഴവുകളുടെ പട്ടികയിലുണ്ട്. ചെറിയ അക്ഷരങ്ങളിൽ തയാറാക്കിയ രേഖകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രജിസ്ട്രി അറിയിച്ചു. സുപ്രീം കോടതി ചട്ടങ്ങൾ പ്രകാരം ഈ പിഴവുകൾ പരിഹരിച്ചാൽ മാത്രമേ ഹർജി വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുകയുള്ളൂ.

നടപടിക്രമങ്ങളിൽ ക്രമക്കേടെന്ന് പ്രതിപക്ഷം

തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയിലാണ് (എസ്ഐആർ) പ്രതിപക്ഷം ക്രമക്കേട് ആരോപിക്കുന്നത്. വോട്ടർ പട്ടികയിൽനിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്നതായും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായും നേതാക്കൾ ആരോപിക്കുന്നു.

രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പുറമെ തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എന്നിവരും ഹർജിക്കാരുടെ പട്ടികയിലുണ്ട്. സിപിഎം നേതാവ് എം എ ബേബി, സിപിഐ നേതാവ് ഡി രാജ, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് മഹുവ മാജി, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എന്നിവരും ഹർജിയിൽ ഒപ്പുവച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നത് ഉൾപ്പെടെ മൂന്ന് ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് തിങ്കളാഴ്ച ഇന്ത്യാ മുന്നണി നേതാക്കൾ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും ഔപചാരിക ഹർജിയിലൂടെ കോടതിയെ സമീപിക്കാനാണ് അദ്ദേഹം നിർദേശിച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷക സംഘം കോടതിയിൽ ഹർജി സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here