എച്ച് 1ബി വിസ നിര്‍ത്തി ഐബിഎം, ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കും നിയന്ത്രണം,

0
3

ന്യൂഡല്‍ഹി: അമേരിക്കന്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ അനിശ്ചിതത്വത്തിലേക്ക് തള്ളി വിട്ട് ഐബിഎം. കമ്പനിയുടെ കണ്‍സള്‍ട്ടിങ് വിഭാഗത്തില്‍ വര്‍ക്ക് വിസ, ഗ്രീന്‍കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ്. ബാധിക്കുന്ന ജീവനക്കാര്‍ ഇക്കൊല്ലം അവസാനത്തോടെ മറ്റിടങ്ങളിലേക്ക് പോകുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

കമ്പനിയുടെ ഏറ്റവും വലിയ വിഭാഗമായ ഐബിഎം കണ്‍സള്‍ട്ടിങിനെയാണ് പുതിയ തീരുമാനം ഏറെ ബാധിക്കുക. ഈ വിഭാഗത്തില്‍ മാത്രം ആഗോളതലത്തില്‍ ഒന്നരലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. എന്നാല്‍ ഈ പുത്തന്‍ നയം മാറ്റം എത്ര ജീവനക്കാരെ ബാധിക്കുമെന്ന കാര്യമോ അമേരിക്കയില്‍ എത്ര ജീവനക്കാര്‍ ആകെ ഉണ്ടെന്ന കാര്യമോ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

എച്ച് വണ്‍ബി വിസയുള്ളവരെയും ഗ്രീന്‍കാര്‍ഡ് കാത്തു കഴിയുന്ന വിദേശ ജീവനക്കാരെയുമാണ് പുത്തന്‍ നീക്കം ഏറെ ബാധിക്കുക. ഇവരില്‍ മിക്കവരും തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ ആശ്രയിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. ഒപ്പം അമേരിക്കയില്‍ സ്ഥിരതാമസ അനുമതിക്കായി ഇവര്‍ ശ്രമിച്ച് വരുന്നവരുമാണ്.

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം പുത്തന്‍ നയം ബാധിക്കുന്ന ജീവനക്കാര്‍ക്ക് അമേരിക്കയ്ക്ക് പുറത്തേക്ക് പോകണമോയെന്ന് തീരുമാനമെടുക്കാന്‍ മൂന്നാഴ്‌ച സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് തയാറാകാത്തവര്‍ക്ക് മൂന്ന് മാസത്തെ ആനുകൂല്യങ്ങള്‍ പറ്റി 2026 ഡിസംബര്‍ മുപ്പത്തിയൊന്നിന് കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകാം.

പുത്തന്‍ വാണിജ്യ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് സൂചന. ഇതിന് പുറമെ നൈപുണ്യമുള്ള ജീവനക്കാരുടെ ലഭ്യതയും വര്‍ഷങ്ങളായി അമേരിക്കയുടെ ഉയര്‍ന്ന നൈപുണ്യമുള്ള വിസ പദ്ധതി വര്‍ഷങ്ങളായി ക്രമാനുഗതമായി കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ അമേരിക്കയില്‍ നൈപുണ്യമുള്ളവരുടെ ദൗര്‍ലഭ്യം നേരിട്ടപ്പോഴാണ് ഇത്തരത്തിലുള്ള വിസകള്‍ വന്‍തോതില്‍ നല്‍കിയിരുന്നതെന്ന് ഐബിഎം വക്താവ് പറഞ്ഞു. എന്നാല്‍ ക്രമേണ ഇത് കുറച്ച് കൊണ്ടു വന്നിരിക്കുകയാണ്.

വിദേശ സാങ്കേതിക വിദഗ്ദ്ധര്‍ പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ തൊഴിലുടമയുടെ കുടിയേറ്റ സ്‌പോണ്‍സര്‍ഷിപ്പ് വഴി അമേരിക്കയിലേക്ക് ചേക്കേറി അവിടെ സ്ഥിരതാമസമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നയം മാറ്റത്തിലൂടെ ഇത്തരമൊരു തിരിച്ചടി.

കഴിഞ്ഞ വര്‍ഷം എച്ച് വണ്‍ ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ട്രംപ് ഭരണകൂടം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു. ഇത് തൊഴില്‍ദാതാക്കളെയടക്കം കടുത്ത സമ്മര്‍ദ്ദത്തിലേക്കാണ് തള്ളി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here