വ്യായാമമില്ലാത്തവർ അധിക പ്രോട്ടീൻ കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
8

ഭക്ഷണത്തിൽ പ്രോട്ടീൻ കുറയ്ക്കുന്നത് വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുമെന്ന് പുതിയ ശാസ്ത്രീയ അവലോകനം. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമങ്ങളെ വെല്ലുവിളിക്കുന്ന ഈ കണ്ടെത്തൽ 350ലധികം പഠനങ്ങൾ പരിശോധിച്ച ശേഷമാണ് പുറത്തുവിട്ടത്.

പ്രഭാതഭക്ഷണവും കാപ്പിയും മുതൽ കുപ്പിവെള്ളത്തിൽ വരെ അധിക പ്രോട്ടീൻ ചേർത്ത് വിപണിയിലെത്തിക്കുന്ന പ്രവണത ശക്തമാകുന്നതിനിടെയാണ് സെൽ പ്രസ് പ്രസിദ്ധീകരണമായ സെൽ പ്രസ് ബ്ലൂ ജേണലിൽ പുതിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പ്രോട്ടീൻ ഉപഭോഗം കുറയ്ക്കുന്നത് ജൈവിക വാർധക്യത്തിൻ്റെ വേഗം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ചില സാഹചര്യങ്ങളിൽ ആയുസ്സ് നീട്ടാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. ശരീരം ഊർജം ഉപയോഗിക്കുന്ന രീതി, പോഷകങ്ങളോടുള്ള പ്രതികരണം, കോശങ്ങളെ കേടുപാടുകളിൽനിന്ന് സംരക്ഷിക്കൽ, കോശങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തൽ എന്നിവയിലൂടെയാണ് ഈ ഗുണങ്ങൾ ലഭിക്കുന്നത്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം (Canva)

സജീവമായി വ്യായാമം ചെയ്യുന്നവരിൽ പേശികളുടെ വളർച്ചയ്ക്കും കായികക്ഷമതയ്ക്കും പ്രോട്ടീൻ ഗുണം ചെയ്യുമെന്നത് വ്യക്തമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ വിസ്കോൺസിൻ മാഡിസൺ സർവകലാശാലയിലെ പ്രൊഫസർ ഡഡ്‌ലി ലാമിങ് വ്യക്തമാക്കി. എന്നാൽ ഭൂരിഭാഗം ആളുകളും ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലി പിന്തുടരുന്നതിനാൽ ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രോട്ടീൻ കുറയ്ക്കുന്നത് ആയുസ്സ് കൂട്ടുന്നത് എങ്ങനെ?
ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുന്നത് വിവിധ ജീവജാലങ്ങളിൽ ആയുസ്സ് വർധിപ്പിക്കാനും കാൻസർ ഉൾപ്പെടെയുള്ള വാർധക്യസഹജമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് 1935ലെ പഠനങ്ങൾ മുതൽ ശാസ്ത്രലോകത്തിന് അറിയാം. എന്നാൽ തുടർച്ചയായി കലോറി കുറച്ച് ഭക്ഷണം കഴിക്കുന്നത് ഭൂരിഭാഗം പേർക്കും ദീർഘകാലം പിന്തുടരാൻ പ്രയാസമാണ്.

ഇതിന് ബദലായാണ് ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാതെതന്നെ പ്രോട്ടീൻ മാത്രം നിയന്ത്രിക്കുന്ന രീതിയിലേക്ക് ശാസ്ത്രലോകം ശ്രദ്ധ തിരിച്ചത്. യീസ്റ്റ്, ഈച്ചകൾ, എലികൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങളിൽ മൊത്തം കലോറിയിൽ മാറ്റമില്ലാതെതന്നെ പ്രോട്ടീൻ കുറച്ചപ്പോൾ ആയുസ്സ് ഗണ്യമായി വർധിച്ചതായി തെളിഞ്ഞു. ഭക്ഷണത്തിൻ്റെ അളവ് മാത്രമല്ല, അതിലടങ്ങിയ പോഷകങ്ങളുടെ അനുപാതവും ആരോഗ്യത്തെ നിർണയിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മനുഷ്യരിൽ നടത്തിയ അടുത്തകാലത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളും പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. മൊത്തം കലോറി അൽപം കൂടിയാൽപോലും പ്രോട്ടീൻ കുറച്ചവരിൽ ശരീരഭാരവും കൊഴുപ്പും കുറയുകയും ഫാസ്റ്റിങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. 2016ൽ നടത്തിയ പഠനത്തിൽ 43 ദിവസം കുറഞ്ഞ പ്രോട്ടീൻ ഭക്ഷണം കഴിച്ചവരിൽ ശരീരഭാരവും കൊഴുപ്പും കുറഞ്ഞിരുന്നു.

അഞ്ച് ആഴ്ചത്തെ മറ്റൊരു പഠനത്തിൽ ഇൻസുലിൻ സംവേദനക്ഷമതയും ഊർജ ചെലവും വർധിച്ചതായും, 27 ദിവസത്തെ നിയന്ത്രണത്തിലൂടെ ഉപാപചയ തകരാറുള്ളവരിൽ വീക്കവും രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും കുറഞ്ഞതായും തെളിഞ്ഞു. പ്രമേഹരോഗികളിൽ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടാനും ഇത് സഹായിച്ചു. ഏകദേശം ഒൻപത് ശതമാനം മാത്രം പ്രോട്ടീൻ അടങ്ങിയതും സസ്യാഹാരത്തിന് മുൻതൂക്കമുള്ളതുമായ ഭക്ഷണക്രമം പിന്തുടരുന്ന ജപ്പാനിലെ ഒക്കിനാവ നിവാസികളുടെ ദീർഘായുസ്സും ഗവേഷകർ ഇതിനോട് ചേർത്തുവായിക്കുന്നു. പ്രോട്ടീൻ നിയന്ത്രണം മനുഷ്യരുടെ ആയുസ്സ് നേരിട്ട് വർധിപ്പിക്കുമെന്ന് പൂർണമായി സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും വാർധക്യവുമായി ബന്ധപ്പെട്ട ജൈവപ്രക്രിയകളെ അത് സ്വാധീനിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

ശരീരത്തിന് യഥാർഥത്തിൽ എത്ര പ്രോട്ടീൻ വേണം?
വ്യായാമവും പേശികളുടെ ആരോഗ്യവും പരിഗണിക്കുമ്പോൾ പ്രോട്ടീൻ അളവിനെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സങ്കീർണമാകുന്നു. പ്രായമായവരിൽ പേശികൾ ശോഷിക്കുന്ന സാർകോപീനിയ എന്ന അവസ്ഥയും ബലഹീനതയും വീഴ്ചകളും തടയാൻ ഉയർന്ന പ്രോട്ടീൻ ഭക്ഷണം സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സാധാരണയായി ശരീരഭാരത്തിൻ്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം പ്രോട്ടീനാണ് ശിപാർശ ചെയ്യുന്നത്.

65 വയസ്സിന് മുകളിലുള്ളവർക്ക് ഇത് ഒന്ന് മുതൽ 1.2 ഗ്രാം വരെയായി നിർദേശിക്കാറുണ്ട്. എന്നാൽ ഈ വർഷം അമേരിക്കൻ അധികൃതർ ഭക്ഷണ മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 മുതൽ 1.6 ഗ്രാം വരെ അഥവാ ഒരു പൗണ്ടിന് 0.5 മുതൽ 0.7 ഗ്രാം വരെ പ്രോട്ടീൻ കഴിക്കാൻ നിർദേശിച്ചു. ഇത് മുൻപത്തെ അളവിൻ്റെ ഏകദേശം ഇരട്ടിയാണ്. 2025ലെ റിപ്പോർട്ട് പ്രകാരം 2024ൽ 61 ശതമാനം അമേരിക്കൻ ഉപഭോക്താക്കളും പ്രോട്ടീൻ ഉപഭോഗം വർധിപ്പിച്ചു. 2019ൽ ഇത് 48 ശതമാനമായിരുന്നു.

അതേസമയം ഉയർന്ന പ്രോട്ടീൻ ഭക്ഷണം പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവ മൂലമുള്ള മരണസാധ്യത വർധിപ്പിക്കുമെന്ന് ദേശീയ ആരോഗ്യ പോഷകാഹാര സർവെ വിവരങ്ങൾ സൂചിപ്പിക്കുന്നു. 2023ൽ ബ്രിട്ടനിൽ പ്രായമായ ഇരട്ടകളിൽ നടത്തിയ പഠനത്തിൽ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് പേശിശോഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഈ വൈരുധ്യങ്ങൾ മനസ്സിലാക്കാനാണ് ലാമിങ്ങും സഹപ്രവർത്തകരും ദശാബ്‌ദങ്ങളായുള്ള 350ലധികം പഠനങ്ങൾ സംയോജിപ്പിച്ച് അവലോകനം ചെയ്തത്.

പ്രോട്ടീൻ നിയന്ത്രണത്തിൻ്റെ ആറ് പ്രധാന ജൈവഫലങ്ങൾ അവർ അടയാളപ്പെടുത്തി. മെച്ചപ്പെട്ട ഉപാപചയ ആരോഗ്യം, പോഷകങ്ങൾ തിരിച്ചറിയുന്ന ജിസിഎൻ രണ്ട്, എംടോർസി ഒന്ന് എന്നീ കോശപാതകളിലെ മാറ്റം, കോശങ്ങളുടെ വാർധക്യം തടയൽ, മൈറ്റോകോൺഡ്രിയയുടെ മെച്ചപ്പെട്ട പ്രവർത്തനം, ജനിതക പ്രകടനത്തെ സ്വാധീനിക്കുന്ന എപ്പിജനറ്റിക് മാറ്റങ്ങൾ, വാർധക്യത്തിലെ ബലഹീനത കുറയ്ക്കൽ എന്നിവയാണവ. എംടോർസി ഒന്ന് പാത നിയന്ത്രിക്കപ്പെടുന്നതിലൂടെ കോശങ്ങളിലെ മാലിന്യങ്ങൾ നീക്കുന്ന ഓട്ടോഫാജി പ്രക്രിയ ഉത്തേജിപ്പിക്കപ്പെടുന്നതും നിർണായകമാണ്.

വാർധക്യം തടയുന്ന എഫ്ജിഎഫ് 21 ഹോർമോൺ
ഭക്ഷണത്തിൽ പ്രോട്ടീൻ കുറയ്ക്കുമ്പോൾ ശരീരത്തിൽ ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടർ 21 അഥവാ എഫ്ജിഎഫ് 21 എന്ന ഹോർമോണിൻ്റെ അളവ് ഗണ്യമായി വർധിക്കുന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. പോഷകലഭ്യതയിലെ മാറ്റങ്ങളോട് ശരീരത്തെ പൊരുത്തപ്പെടുത്താനും ഊർജ വിനിയോഗം നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. എഫ്ജിഎഫ് 21 വർധിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആന്തരിക വീക്കം കുറയ്ക്കാനും ഇടയാക്കും.

പൊണ്ണത്തടി, പ്രമേഹം, കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ ജീർണത തടയാനും ഇതിന് ശേഷിയുണ്ട്. എലികളിൽ നടത്തിയ പഠനങ്ങളിൽ ഉയർന്ന എഫ്ജിഎഫ് 21 ഉള്ളവയ്ക്ക് സാധാരണ എലികളേക്കാൾ 30 മുതൽ 40 ശതമാനം വരെ ആയുസ്സ് കൂടിയതായി തെളിഞ്ഞു. ആൺ എലികളിൽ ഈ പ്രഭാവം കൂടുതൽ ശക്തമായിരുന്നു. മനുഷ്യരിലും പ്രോട്ടീൻ കുറയ്ക്കുമ്പോൾ ഈ ഹോർമോൺ വർധിക്കുന്നുണ്ടെങ്കിലും അത് ആയുസ്സ് കൂട്ടുമോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

അമിനോ ആസിഡുകളുടെ നിർണായക പങ്ക്
കഴിക്കുന്ന പ്രോട്ടീനിൻ്റെ അളവ് മാത്രമല്ല, അതിലടങ്ങിയ അമിനോ ആസിഡുകളുടെ സ്വഭാവവും വാർധക്യത്തെ സ്വാധീനിക്കുന്നുണ്ട്. പേശികളുടെ നിർമാണത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണിക്കും ആവശ്യമായ ഘടകങ്ങളായ അമിനോ ആസിഡുകൾ ഉപാപചയത്തെയും കോശവളർച്ചയെയും നിയന്ത്രിക്കുന്ന സന്ദേശവാഹകരായും പ്രവർത്തിക്കുന്നു. മെത്തിയോണിൻ, ഐസോല്യൂസിൻ, വാലിൻ എന്നീ മൂന്ന് അത്യന്താപേക്ഷിത അമിനോ ആസിഡുകളാണ് ഇതിൽ ഏറ്റവും പ്രധാനം. ഇവയുടെ അമിതമായ ഉപഭോഗം ശരീരത്തിലെ വളർച്ചാ പാതകളെ അമിതമായി ഉത്തേജിപ്പിക്കുകയും പൊണ്ണത്തടി, വീക്കം, വാർധക്യസഹജമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

മെത്തിയോണിൻ, ഐസോല്യൂസിൻ, വാലിൻ എന്നിവ നിയന്ത്രിക്കുന്നത് പ്രോട്ടീൻ കുറയ്ക്കുന്നതിന് സമാനമായ ഗുണങ്ങൾ നൽകുന്നതായും എലികളിൽ ആയുസ്സ് വർധിപ്പിക്കുന്നതായും പഠനങ്ങൾ തെളിയിച്ചു. എന്നാൽ അത്യന്താപേക്ഷിതമല്ലാത്ത അമിനോ ആസിഡുകളുടെ കാര്യത്തിൽ വ്യത്യസ്തമായ ഫലങ്ങളാണ് കാണുന്നത്. ഗ്ലൈസിൻ, പ്രോലിൻ, സെറിൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചില ജീവികളിൽ ആയുസ്സ് കൂട്ടാൻ സഹായിക്കുമ്പോൾ, സിസ്റ്റീൻ, ടൈറോസിൻ എന്നിവ നിയന്ത്രിക്കുന്നതാണ് ഗുണകരമായി കണ്ടെത്തിയത്. ഇവയുടെ പ്രവർത്തനം സസ്തനികളിൽ പൂർണമായി മനസ്സിലാക്കാൻ ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്.

വ്യായാമവും വ്യക്തിഗത ഭക്ഷണക്രമവും
എല്ലാവരുടെയും പ്രോട്ടീൻ ആവശ്യകത ഒരുപോലെയല്ലെന്ന് ഗവേഷകർ അടിവരയിടുന്നു. ഗർഭിണികൾ, വളരുന്ന കുട്ടികൾ, പരിക്കുകളിൽനിന്ന് മുക്തി നേടുന്നവർ, പോഷകാഹാരക്കുറവുള്ള പ്രായമായവർ എന്നിവർക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. പതിവായി കഠിന വ്യായാമം ചെയ്യുന്നവരിലും കായികതാരങ്ങളിലും പേശികളുടെ വീണ്ടെടുപ്പിനും വളർച്ചയ്ക്കും അധിക പ്രോട്ടീൻ പ്രയോജനപ്പെടുന്നു. ശാരീരിക അധ്വാനം ശരീരം പോഷകങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റുന്നതിനാൽ ഉയർന്ന പ്രോട്ടീൻ കഴിക്കുന്ന കായികതാരങ്ങളിൽ ഉപാപചയ രോഗങ്ങൾ സാധാരണയായി കാണാറില്ല.

എന്നാൽ പകൽ സമയത്തിൻ്റെ ഭൂരിഭാഗവും ഇരുന്നു ജോലി ചെയ്യുന്നവർക്ക് ദൈനംദിന ഉത്പന്നങ്ങളിലൂടെ അധിക പ്രോട്ടീൻ കഴിക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സസ്യജന്യ പ്രോട്ടീനുകൾ പ്രായമായവരിലെ ബലഹീനത കുറയ്ക്കാൻ കൂടുതൽ അനുയോജ്യമാണെന്നും സൂചനയുണ്ട്. പ്രായം മാത്രം അടിസ്ഥാനമാക്കിയല്ല, ഓരോ വ്യക്തിയുടെയും ശാരീരിക അധ്വാനത്തിൻ്റെ തോത് കൂടി പരിഗണിച്ച് പ്രോട്ടീൻ നിർദേശങ്ങൾ വ്യക്തിഗതമാക്കുകയാണ് വേണ്ടതെന്ന് ഡഡ്‌ലി ലാമിങ് അഭിപ്രായപ്പെട്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്, വിസ്കോൺസിൻ പാർട്ണർഷിപ്പ് പ്രോഗ്രാം, വിസ്കോൺസിൻ മാഡിസൺ സർവകലാശാല എന്നിവയുടെ പിന്തുണയോടെയാണ് ഈ അവലോകനം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here