കുടലിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന ദഹന സംബന്ധമായ രോഗമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്). വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളാൽ ദുരിതം അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്ന പുതിയൊരു ഫൈബർ സപ്ലിമെൻ്റ് വികസിപ്പിച്ചിരിക്കുകയാണ് ഇപ്പോള് ഗവേഷകർ. ഓസ്ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഇന്നൊവേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (NHIRI) ഗവേഷണ സംഘമാണ് ‘ur gut®’ എന്ന പേരിൽ ഐബിഎസിനായി പ്രത്യേകം തയ്യാറാക്കിയ സപ്ലിമെൻ്റ് കണ്ടെത്തിയത്.
ഐബിഎസ് രോഗികളിൽ വയറുവേദന, വയറിളക്കം, മലബന്ധം എന്നിവ വർധിപ്പിക്കാതെ തന്നെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ സപ്ലിമെൻ്റിന് കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി പേരെ ബാധിക്കുന്ന രോഗമാണ് ഐബിഎസ്. ഓസ്ട്രേലിയൻ ജനസംഖ്യയുടെ ഏകദേശം 11 ശതമാനം പേർക്കും ഈ രോഗമുണ്ട്. ഇതിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. മാനസിക സമ്മർദം, അണുബാധകൾ, ചില മരുന്നുകൾ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകാമെന്നാണ് കരുതുന്നത്. ചില പ്രത്യേക ഭക്ഷണങ്ങൾ, ഉറക്കമില്ലായ്മ, മാനസിക സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവ രോഗലക്ഷണങ്ങൾ കൂടുതൽ വഷളാക്കിയേക്കാം.
ഐബിഎസും ഭക്ഷണക്രമവും
ഐബിഎസ് ഉള്ളവരോട് പലപ്പോഴും ‘ലോ-ഫോഡ്മാപ്പ്’ (low-FODMAP) ഭക്ഷണക്രമം പിന്തുടരാൻ നിർദേശിക്കാറുണ്ട്. ചെറുകുടലിൽ പൂർണമായി ദഹിക്കാത്ത ചില കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്ന ഭക്ഷണക്രമമാണിത്. കുടലിലെ ബാക്ടീരിയകൾ എളുപ്പത്തിൽ വിഘടിപ്പിക്കുന്ന കാർബോഹൈഡ്രേറ്റുകളെ ഇത് നിയന്ത്രിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുമെങ്കിലും, ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം.”ഫെർമെൻ്റബിൾ ഒലിഗോസാക്കറൈഡുകൾ, ഡൈസാക്കറൈഡുകൾ, മോണോസാക്കറൈഡുകൾ, പോളിയോളുകൾ (FODMAPs) എന്നിവ കുറഞ്ഞ ഭക്ഷണക്രമം രോഗലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് വർഷങ്ങളായി നമുക്കറിയാം. എന്നാൽ, കാലക്രമേണ ഇത് ശരീരത്തിന് ഗുണകരമായ കുടൽ ബാക്ടീരിയകളുടെ അളവ് കുറയ്ക്കാനും നാരുകളുടെ (ഫൈബർ) ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും,” പഠനത്തിന് നേതൃത്വം നൽകിയ ഡോ. ടീന യാൻ പറഞ്ഞു. “ലോ-ഫോഡ്മാപ്പ് ഭക്ഷണക്രമം പിന്തുടരുമ്പോൾ തന്നെ, കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്,” അവർ കൂട്ടിച്ചേർത്തു.
ശ്രദ്ധാപൂർവം രൂപപ്പെടുത്തിയ ഫൈബർ സപ്ലിമെൻ്റിന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം, ഐബിഎസ് രോഗികളുടെ കുടലിലെ ഉപയോഗപ്രദമായ ബാക്ടീരിയകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ കുടലിലെ ബാക്ടീരിയകളുടെ ഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഗവേഷകർ കണ്ടെത്തി.വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. “ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്ര വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്,” ‘ur gut®’-ന്റെ സഹ-സ്രഷ്ടാവായ പ്രൊഫസർ അമാൻഡ ഡിവൈൻ പറഞ്ഞു. “ലോ-ഫോഡ്മാപ്പ് ഡയറ്റ് പിന്തുടരുന്ന, ഐബിഎസ് ബാധിച്ച ആളുകളിൽ ഞങ്ങൾ തയാറാക്കിയ പ്രത്യേക ഡയറ്ററി ഫൈബർ മിശ്രിതം കുടലിലെ സൂക്ഷ്മജീവികളുടെ ഘടനയെ (ഗട്ട് മൈക്രോബയോം) ഗുണകരമായി മാറ്റിയെന്ന് ഈ പഠനം തെളിയിച്ചു. കുടലിൻ്റെയും മാനസികാരോഗ്യത്തിൻ്റെയും സംരക്ഷണത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ഇത് പ്രോത്സാഹിപ്പിച്ചു. ഇതൊരു മികച്ച കണ്ടെത്തലാണ്,” അവർ കൂട്ടിച്ചേർത്തു.
കുടലിലെ ബാക്ടീരിയകളിലുണ്ടായ ഗുണപരമായ മാറ്റങ്ങൾക്കൊപ്പം, കുടലുമായി ബന്ധപ്പെട്ട ഉത്കണ്ഠകളിൽ കുറവുണ്ടായതായും പഠനത്തിൽ പറയുന്നു. ദഹനവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കപ്പുറം, ഈ സപ്ലിമെൻ്റിന് മറ്റ് ഗുണങ്ങൾ കൂടി ഉണ്ടായേക്കാം എന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇതിൻ്റെ കൂടുതൽ വിശാലമായ ഫലങ്ങളെക്കുറിച്ച് അറിയുന്നതിനായി തുടർപഠനങ്ങൾ ആവശ്യമാണ്.






