കോട്ടയം: സംസ്ഥാനത്ത് ഭരണമാറ്റത്തിനായി ജനങ്ങൾ വോട്ടു ചെയ്തുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ മികച്ച മുന്നേറ്റം കേവലം ഒരു മുന്നണിയുടെ മാത്രം നേട്ടമായി കാണാനാകില്ലെന്നും അത് ജനാധിപത്യത്തിൻ്റെ യഥാർഥ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഭരണത്തിൽ ജനങ്ങൾ അത്രയധികം പൊറുതിമുട്ടിയിരുന്നു.
ഈ സാഹചര്യത്തിൽ മികച്ച ഭരണം ലക്ഷ്യമിട്ട് ഒരു ഭരണമാറ്റം വരണമെന്ന് ജനം ആഗ്രഹിച്ചു. ആ ആഗ്രഹമാണ് വോട്ടായി മാറിയത്. ജനങ്ങളുടെ ഈ തീരുമാനമാണ് കോൺഗ്രസിനും യു.ഡി.എഫിനും തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഗുണകരമായതെന്നും സുകുമാരൻ നായർ വിശദീകരിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ഫലങ്ങൾ ജനങ്ങളുടെ ഈ വികാരം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ നടന്ന തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിതമായ ഫലങ്ങളാണ് പുറത്തുവന്നത്. അവിടെ വിമത സ്ഥാനാർഥികൾക്ക് ലഭിച്ച വലിയ വിജയം സംസ്ഥാനതലത്തിലുള്ള ഭരണവിരുദ്ധ വികാരം കൊണ്ടല്ല.
മറിച്ച് ആ പ്രദേശങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ശക്തമായ ആഭ്യന്തര പ്രശ്നങ്ങളാണ് അത്തരം വോട്ടുമാറ്റങ്ങൾക്ക് വഴിവെച്ചത്. ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പയ്യന്നൂരിലും തളിപ്പറമ്പിലുമുള്ള ജനങ്ങൾ സ്വന്തം പാർട്ടികൾക്കെതിരെ തിരിഞ്ഞ് വോട്ടുചെയ്യണമെങ്കിൽ അവിടത്തെ സാഹചര്യം അത്രത്തോളം മോശമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന വ്യക്തമായ സൂചനയെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കണം
സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്നത് സംബന്ധിച്ചും എൻ.എസ്.എസ് ജനറൽ സെക്രട്ടറി തൻ്റെ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൻ.എസ്.എസ് ആരുടെയും പേര് പ്രത്യേകം നിർദേശിക്കുന്നില്ല.
മുഖ്യമന്ത്രിയായി ആര് വന്നാലും എൻ.എസ്.എസിന് യാതൊരുവിധ എതിർപ്പുകളുമില്ല. എന്നാൽ ഭരണരംഗത്ത് മികച്ച കഴിവും അതിലേറെ പരിചയസമ്പത്തുമുള്ള മികച്ച വ്യക്തികളെ തന്നെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണം. ആരെ മുഖ്യമന്ത്രിയാക്കണമെന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. എൻ.എസ്.എസിന് അതിൽ പ്രത്യേകിച്ച് താത്പര്യങ്ങളില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകി. വി.ഡി.സതീശൻ്റെ പല നിലപാടുകളോടും എൻ.എസ്.എസിന് ഇപ്പോഴും കടുത്ത വിയോജിപ്പുണ്ട്. എന്നാൽ താനായിട്ട് അദ്ദേഹത്തോട് ഒരു നിലപാടും തിരുത്താൻ ആവശ്യപ്പെടില്ല. എന്ത് നിലപാടെടുക്കണം എന്നത് അദ്ദേഹത്തിൻ്റെ മാത്രം തീരുമാനമാണ്.
വി.ഡി.സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ അതിനോടുള്ള നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിനും സുകുമാരൻ നായർ കൃത്യമായി പ്രതികരിച്ചു. ഒരാളെ മുഖ്യമന്ത്രിയാക്കണമോ വേണ്ടയോ എന്നത് പൂർണമായും കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തെയും എൻ.എസ്.എസ് ഉൾക്കൊള്ളുമെന്നും ആരെ തെരഞ്ഞെടുത്താലും അതിനെ സ്വാഗതം ചെയ്യുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.









