ഇസ്രയേലിനെ പിന്തുണച്ചതിന്റെ പേരിൽ അടുത്ത സുഹൃത്തുക്കളെയും സിനിമാ മേഖലയിലെ അവസരങ്ങളെയും നഷ്ടപ്പെട്ടുവെന്ന് ഹോളിവുഡ് നടി സെൽമ ബ്ലെയർ. താനുമായി സഹകരിച്ചിരുന്ന പ്രമുഖ ബ്രാൻഡുകൾ ഒറ്റ ദിവസംകൊണ്ട് കരാറുകൾ അവസാനിപ്പിച്ചെന്നും ഏജന്റ്, മാനേജർ, പബ്ലിസിസ്റ്റ് തുടങ്ങി വർഷങ്ങളായി കൂടെയുണ്ടായിരുന്ന പലരും തന്നെ ഉപേക്ഷിച്ചെന്നും നടി വെളിപ്പെടുത്തി.
2024 ഫെബ്രുവരിയിൽ ഇസ്രയേൽ–പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് സെൽമ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇസ്ലാം മതത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായി. മുസ്ലിംകളെയും തീവ്രവാദികളെയും തെറ്റായി ഒരുപോലെ ചിത്രീകരിച്ചുവെന്ന് സമ്മതിച്ച നടി പിന്നീട് പരാമർശം പിൻവലിക്കുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.
എന്നാൽ മാപ്പുപറഞ്ഞിട്ടും തനിക്കുണ്ടായ നഷ്ടങ്ങൾ തിരികെ ലഭിച്ചില്ലെന്നാണ് സെൽമയുടെ ആരോപണം. വർഷങ്ങളായി നിലനിന്നിരുന്ന ബിസിനസ് ബന്ധങ്ങൾ അവസാനിച്ചു. മുപ്പത് വർഷത്തോളം അടുത്ത ബന്ധമുണ്ടായിരുന്ന മാനേജറും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലരും അകന്നുപോയി. സഹായത്തിനായി വിളിച്ചപ്പോൾ പലരും ഫോൺപോലും എടുത്തില്ലെന്നും നടി പറഞ്ഞു.
2026 ഒക്ടോബർ ഒന്നിന് ന്യൂയോർക്കിൽ നടന്ന ആന്റി ഡിഫമേഷൻ ലീഗിന്റെ പരിപാടിയിലാണ് സെൽമ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇസ്രയേലിനോടുള്ള തന്റെ നിലപാട് മാറ്റില്ലെന്നും അതേസമയം മുൻപ് നടത്തിയ പരാമർശത്തിൽ മാപ്പുപറഞ്ഞത് ആത്മാർത്ഥമായിരുന്നുവെന്നും നടി വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ മനുഷ്യരെ പൂർണമായും ഒറ്റപ്പെടുത്തുന്ന പ്രവണതയെക്കുറിച്ചും സെൽമ ആശങ്ക പ്രകടിപ്പിച്ചു.






