നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (BKU) ബോക ഓഫീസ് ചരിത്രം കുറിച്ച് മുന്നേറുന്നു. റിലീസ് ചെയ വെറും 24 ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടുമായി 300 കോടി രൂപയുടെ കലക്ഷനാണ് നേടിയിരിക്കുന്നത്. ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരി കൂട്ടിയ ചിത്രമായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മാറി.
കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ‘ലോക: ചാപ്റ്റർ 1’ സ്ഥാപിച്ചിരുന്ന റെക്കോർഡാണ് ഞൊടിയിടയില്‍ ചിത്രം മറികടന്നത്. മലയാള സിനിമയുടെ ബോക്സ് ഓഫീസ് വളർച്ചയിൽ നിർണായകമായ നാഴികക്കല്ലായാണ് ചിത്രത്തിന്റെ ഈ നേട്ടത്തെ വിലയിരുത്തുന്നത്. റിലീസിന് പിന്നാലെ കേരളത്തിലും വിദേശ വിപണികളിലും മികച്ച പ്രതികരണം നേടാൻ കഴിഞ്ഞതാണ് ചിത്രത്തിന്‍റെ വേഗത്തിലുള്ള മുന്നേറ്റത്തിന് പ്രധാന കാരണം.
24 ദിവസത്തിൽ ട്രിപ്പിൾ സെഞ്ച്വറി
റിലീസ് ചെയ്‌ത് നാലാമത്തെ വാരാന്ത്യത്തിലേക്ക് കടന്നപ്പോഴും ചിത്രത്തിന്‍റെ കലക്ഷനിൽ കാര്യമായ ഇടിവുണ്ടായില്ല. നാലാമത്തെ വാരാന്ത്യത്തിൽ മാത്രം ലോകമെമ്പാടുമായി ഏകദേശം 17 കോടി രൂപ കൂടി ചിത്രം നേടിയതായാണ് കണക്കുകൾ. ഇതോടെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് ഏകദേശം 305 കോടി രൂപയ്ക്ക് മുകളിലെത്തി.
ഇതിൽ വിദേശ വിപണികളിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ഏകദേശം 134 കോടി രൂപ വിദേശ മാർക്കറ്റുകളിൽ നിന്ന് നേടിയത്. കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ വിപണികളിലെ ശക്തമായ പ്രകടനമാണ് ചിത്രത്തിന്‍റെ ആഗോള കലക്ഷനെ ഉയർന്ന നിലയിൽ എത്തിച്ചത്.
‘ലോക: ചാപ്റ്റർ 1’ന്റെ റെക്കോർഡ് മറികടന്നു
ഇതിന് മുമ്പ് ‘ലോക: ചാപ്റ്റർ 1’ ആയിരുന്നു മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ആഗോള കലക്ഷൻ നേടിയ ചിത്രം. ഏകദേശം 301.50 കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ ലോകമെമ്പാടുമുള്ള ഗ്രോസ് എന്നാണ് കണക്കുകൾ.
എന്നാല്‍ ഈ സംഖ്യ ബെത്ലഹേം കുടുംബ യൂണിറ്റ് മറികടന്നതോടെ മലയാള സിനിമയിലെ ഓൾ-ടൈം വേൾഡ്‌വൈഡ് ബോക്സ് ഓഫീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. മാത്രമല്ല, 300 കോടി ക്ലബ്ബിൽ എത്തുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച ചിത്രമെന്ന റെക്കോർഡും ഇതോടെ ബികെയു സ്വന്തമാക്കിയിരിക്കുകയാണ്.
300 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതോടെ മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾ വീണ്ടും ചർച്ചയാകുകയാണ്. നേരത്തെ 100, 150, 200 കോടി തുടങ്ങിയ കലക്ഷൻ നേട്ടങ്ങൾ വലിയ വാർത്തയായിരുന്നെങ്കിൽ, ഇപ്പോൾ 300 കോടി ക്ലബ്ബിലേക്കുള്ള പ്രവേശനം മലയാള സിനിമയുടെ വിപണി എത്രത്തോളം വികസിച്ചുവെന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രത്യേകിച്ച് കേരളത്തിന് പുറത്തും വിദേശ വിപണികളിലും മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരം വലിയ ആഗോള കലക്ഷനുകൾക്ക് പിന്നിലെ പ്രധാന ഘടകം. താരമൂല്യം, കുടുംബ പ്രേക്ഷകരുടെ പിന്തുണ, സോഷ്യൽ മീഡിയയിലെ ചർച്ചകൾ, മികച്ച മൗത്ത് പബ്ലിസിറ്റി എന്നിവയും ചിത്രത്തിന്‍റെ ദീർഘമായ തിയേറ്റർ റണ്ണിന് സഹായകമായതായി വിലയിരുത്തപ്പെടുന്നു.
റിലീസ് ചെയ്‌ത് മൂന്ന് ആഴ്ചകൾ പൂർത്തിയാക്കിയ ശേഷവും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പല ചിത്രങ്ങളുടെയും കലക്ഷനിൽ മൂന്നാം ആഴ്ചയ്ക്കുശേഷം വലിയ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും, ബെത്ലഹേം കുടുംബ യൂണിറ്റ് നാലാം വാരാന്ത്യത്തിലും ശ്രദ്ധേയമായ കലക്ഷൻ നിലനിർത്തുകയായിരുന്നു.
ഇതുതന്നെയാണ് ചിത്രം വെറും 24 ദിവസത്തിനുള്ളിൽ 300 കോടി കടക്കാൻ പ്രധാനമായും സഹായിച്ചത്. നിലവിലെ ട്രെൻഡ് തുടർന്നാൽ, ചിത്രത്തിന്‍റെ അന്തിമ ആഗോള കലക്ഷൻ നിലവിലെ 305 കോടി രൂപയിൽ നിന്ന് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
24 ദിവസത്തിൽ 300 കോടി പിന്നിട്ടതിലൂടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ ബെഞ്ച്മാർക്ക് സ്ഥാപിച്ചിരിക്കുകയാണ്. ‘ലോക: ചാപ്റ്റർ 1’ന്റെ റെക്കോർഡ് മറികടന്നതോടെ, ആഗോള വിപണിയിൽ മലയാള സിനിമയ്ക്ക് ഇനി പിന്തുടരേണ്ട പുതിയ മാനദണ്ഡം ബെകെയു സൃഷ്ടിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രങ്ങള്‍
| റാങ്ക് | സിനിമയുടെ പേര് | വേൾഡ്‌വൈഡ് കലക്ഷൻ |
| 1 | ബെത്‌ലഹേം കുടുംബ യൂണിറ്റ് | ₹305.00 കോടി |
| 2 | ലോക: ചാപ്റ്റര്‍ 1 | ₹301.50 കോടി |
| 3 | L2: എമ്പുരാൻ | ₹266.80 കോടി |
| 4 | മഞ്ഞുമ്മൽ ബോയ്‌സ് | ₹241.00 കോടി |
| 5 | ദൃശ്യം 3 | ₹239.85 കോടി |
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പിറന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്.







