കൊച്ചി: കേരളത്തിലെ എൻഎച്ച് 66ന്റെ പ്രവൃത്തികൾക്ക് കല്ലും മണ്ണും തരാനാകില്ലെന്ന നിലപാടിൽ അയവ് വരുത്താതെ തമിഴ്നാട്. ജൂലൈ 9 മുതൽക്ക് തമിഴ്നാട്ടിൽ നിന്നുള്ള കല്ലിന്റെയും മണ്ണിന്റെയും വരവ് നിലച്ചിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷമുണ്ടായ ഈ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
മൂന്ന് മാസത്തേക്കുള്ള താൽക്കാലിക നിരോധനമാണ് തമിഴ്നാട് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. കേരളമടക്കം ഒരു സംസ്ഥാനത്തേക്കും കല്ലും മണ്ണും കൊണ്ടുപോകരുത് എന്നാണ് സർക്കാർ ഉത്തരവ്. സെപ്തംബർ മാസം കൂടി കഴിയുന്നതോടെ നിരോധനം നീക്കുമെന്നാണ് പ്രതീക്ഷ. എൻഎച്ച് നിർമാണം വൈകുന്നത് കരാർ കമ്പനികൾക്കും ആശങ്കയാണ്.
ഈ പ്രശ്നത്തിൽ തങ്ങളെക്കാൾ കൂടുതൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കും എന്ന നിലപാടിലാണ് ദേശീയപാതാ അതോരിറ്റി. കേരള സർക്കാർ ഇതിൽ നേരിട്ടിടപെട്ട് പരിഹാരം കാണണമെന്ന് എൻഎച്ച്എഐ അറിയിച്ചിട്ടുണ്ട്. കല്ലിന്റെയും മണ്ണിന്റെയും വരവ് തടയരുതെന്ന് അഭ്യർത്ഥിച്ച് ഇളവ് ആവശ്യപ്പെട്ട് ജൂലായ് 17-ന് ചീഫ് സെക്രട്ടറിയും 28-ന് മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടായിട്ടില്ല.
ദിവസവും 120 ലോഡ് മണ്ണാണ് നിർമാണ പ്രവൃത്തികൾക്ക് ആവശ്യം. 50 ലോഡെങ്കിലും വിട്ടു തരണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാട് ജിയോളജി-മൈനിംഗ് വകുപ്പ് ഇക്കാര്യത്തിൽ കാർക്കശ്യം പുലർത്തുകയാണ്. നിരവധി കാരണങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടിലെ റോഡ്, ഭവന, വ്യവസായ, നഗരവികസന പദ്ധതികൾക്ക് കല്ലും മണ്ണും കിട്ടാത്ത സ്ഥിതി ഉണ്ടെന്നതാണ് പ്രധാന പ്രശ്നമായി അവര്‍ ഉന്നയിക്കുന്നത്. ക്വാറികളിലെ നിലവിലെ ഉൽപാദനം തമിഴ്നാടിന്റെ ആഭ്യന്തര ആവശ്യകത പൂർണമായി നിറവേറ്റാൻ മതിയാകുന്നില്ല.
കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കുള്ള വലിയ തോതിൽ കല്ലും മണ്ണും കൊണ്ടുപോകുന്നത് തമിഴ്നാട്ടിൽ ലഭ്യത കുറയ്ക്കുകയാണ്. കല്ലിനും മണ്ണിനും വില ഉയർന്നത് സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുകയാണ്. കല്ലും മണ്ണും കിട്ടാൻ പ്രയാസമായതോടെ അനധികൃത ഖനനം പലയിടങ്ങളിൽ സജീവമായി.
ഇതു കൂടാതെ അതിഭാരമുള്ള കല്ലുലോറികൾ നിരന്തരമായി ഓടിക്കൊണ്ടിരിക്കുന്നത് ഗ്രാമീണ റോഡുകളെ നശിപ്പിക്കുകയാണ്. ഇത് ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ടെന്ന് അധികാരികൾ പറയുന്നു.
2028ൽ പണി പൂർത്തിയാകുമോ?
എൻഎച്ച് 66ന്റെ ജോലികൾ 2028ഓടെ പൂർത്തീകരിക്കും എന്നാണ് സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ഇത് നടക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കല്ലും മണ്ണും വേണ്ട സ്ഥലങ്ങളിൽ നിർമാണം ഇഴയുകയാണ്. പലയിടത്തും എലിവേറ്റഡ് പാതകൾ നിർമിക്കാൻ കല്ലും മണ്ണും ധാരാളമായി ആവശ്യമാണ്. ഇത് നിലവിൽ ലഭിക്കുന്നില്ല എന്നതാണ് സ്ഥിതി.
വടക്കൻ ജില്ലകളിൽ കരാർ കാലാവധി നീട്ടി നൽകിയിരിക്കുകയാണ് എൻഎച്ച്എഐ. സമാനമായ രീതിയിൽ തെക്കൻ ജില്ലകളിലും കരാർ കാലാവധി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.









