വിനായക ചതുർഥി ആഘോഷങ്ങൾ തുടങ്ങി; അറിയാം ഗണപതിയുടെ പുനർജന്മ ഐതിഹ്യം

0
3

 നാടും നഗരവും ഭക്തിസാന്ദ്രമാക്കി വിനായക ചതുർഥി ആഘോഷങ്ങൾക്ക് തുടക്കമായി. ഗണപതിയുടെ പുനർജന്മത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഈ പ്രത്യേക ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് എങ്ങും നടക്കുന്നത്. വിനായക ചതുർഥിയുടെ ഐതിഹ്യവും ആഘോഷങ്ങളുടെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിർമാണത്തിലെ വിശേഷങ്ങളും അറിയാം.

വിനായക ചതുർഥിയും ഐതിഹ്യവും
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ ചതുർഥി ദിവസമാണ് വിനായക ചതുർഥിയായി ആചരിക്കുന്നത്. ഭഗവാനോടുള്ള സ്നേഹവും സമർപ്പണവും പ്രകടിപ്പിക്കാനും അനുഗ്രഹം തേടാനുമുള്ള അവസരമായാണ് ഭക്തർ ഈ ഉത്സവത്തെ കാണുന്നത്. പാർവതീദേവി കുളിക്കാൻ പോയപ്പോൾ കാവലിനായി സ്വന്തം ശരീരത്തിലെ ചന്ദനപ്പൊടി കൊണ്ട് ഒരു ബാലനെ സൃഷ്ടിച്ചുവെന്നാണ് ഐതിഹ്യം. ആരെയും അകത്ത് കടക്കാൻ അനുവദിക്കരുതെന്ന കർശന നിർദേശവും നൽകി. ഈ സമയം അവിടെയെത്തിയ പരമശിവനെ ബാലൻ തടഞ്ഞു. ഇതിൽ പ്രകോപിതനായ ശിവൻ തൻ്റെ ത്രിശൂലം ഉപയോഗിച്ച് ബാലൻ്റെ തല വെട്ടിമാറ്റി.

വിവരമറിഞ്ഞ് അതീവ ദുഃഖിതയായ പാർവതീദേവി ബാലനെ ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വടക്കോട്ട് തലവച്ചു കിടക്കുന്ന ആദ്യ ജീവിയുടെ തല കൊണ്ടുവരാൻ ശിവൻ ഭൃത്യന്മാരോട് നിർദേശിച്ചു. അവർ ഒരു ആനക്കുട്ടിയുടെ തലയുമായി എത്തുകയും, അത് ബാലൻ്റെ ശരീരത്തിൽ വച്ച് ജീവൻ നൽകുകയും ചെയ്തു. ശിവൻ അവന് ഗണപതി എന്ന് നാമകരണം ചെയ്യുകയും, വിഘ്നനിവാരകനായി ലോകത്തിലെ എല്ലാ ആരാധനകൾക്കും ആദ്യം പൂജിക്കപ്പെടുന്ന ദേവനായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. കേരളത്തിലെ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളായ തിരുവനന്തപുരം പഴവങ്ങാടി, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ വിനായക ചതുർഥി ഏറെ ഭക്തിപൂർവം ആഘോഷിക്കാറുണ്ട്.

വിഗ്രഹ നിർമാണത്തിൽ തിളങ്ങി ലക്ഷ്മീശ ആചാര്യ
കാസർകോട് ജില്ലയിൽ ഗണേശോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കളിമണ്ണിൽ തീർത്ത ഗണേശ വിഗ്രഹങ്ങൾക്കാണ് ഇത്തവണയും ആവശ്യക്കാരേറെയുള്ളത്. വിഗ്രഹങ്ങളുടെ അവസാനഘട്ട മിനുക്കുപണികളിലാണ് ഭക്തർ. കാസർകോട് നെല്ലിക്കുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന ശിൽപി ലക്ഷ്മീശ ആചാര്യയും കുടുംബവുമാണ് മനോഹരമായ വിഗ്രഹങ്ങൾക്ക് പിന്നിൽ.

നെല്ലിക്കുന്ന് ബീച്ചിലേക്കുള്ള റോഡരികിലെ ശ്രീറാം നിവാസിലെ പണിപ്പുരയിൽ ചെറുതും വലുതുമായ നിരവധി ഗണേശ വിഗ്രഹങ്ങളാണ് ഒരുങ്ങിയിട്ടുള്ളത്. കഴിഞ്ഞ 34 വർഷമായി സംസ്ഥാനത്തെ തന്നെ ഗണപതി വിഗ്രഹങ്ങളുടെ പ്രധാന ശിൽപിയാണ് ഇദ്ദേഹം. തുളുനാട്ടിൽ ഗണേശോത്സവത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ അനുഗൃഹീത കലാകാരൻ തൻ്റെ ശിൽപചാതുര്യം വിഗ്രഹ നിർമാണത്തിലേക്ക് മാറ്റിയത്.

കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികൾ വിഗ്രഹം നിർമിക്കാൻ പ്രധാനമായും തേടിയെത്തുന്നത് ലക്ഷ്മീശ ആചാര്യയെയാണ്. ആവശ്യക്കാർ പറഞ്ഞാൽ വിഗ്രഹങ്ങൾക്ക് അനുയോജ്യമായ വെള്ളി കിരീടവും ഇദ്ദേഹം പണിത് നൽകും.

കാസർകോട് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല
വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെങ്കിലും മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

അവധിയായതിനാൽ ജില്ലയിലെ കെഎസ്ഇബിയുടെ എല്ലാ കാര്യാലയങ്ങളും ഇന്ന് പ്രവർത്തിക്കില്ല. ക്യാഷ് കൗണ്ടറുകൾ അടഞ്ഞുകിടക്കുമെങ്കിലും ഉപയോക്താക്കൾക്ക് ഓൺലൈൻ മാർഗങ്ങളിലൂടെ പണമടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം, വൈദ്യുതി തടസ്സം ഒഴിവാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here