ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ഇനി മുതൽ പരമ്പരാഗത പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒ.എം.ആർ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (സിബിടി മോഡ്) മാറ്റാനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും പൂർണമായി തടയുന്നതിനും പരീക്ഷാ രീതി ആധുനികരിക്കുന്നതിനുമുള്ള വലിയ പരിഷ്കാരങ്ങൾക്കാണ് എൻ.ടി.എ തുടക്കമിടുന്നത്. ഇൻഫോസിസ് സഹ-സ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് പരീക്ഷാ മാറ്റത്തിനായുള്ള തന്ത്രപ്രധാനമായ ബ്ലൂപ്രിൻ്റ് തയ്യാറാക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, ആൾമാറാട്ടം തുടങ്ങിയ പരീക്ഷാ ക്രമക്കേടുകൾക്ക് തടയിടാനും പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യമാക്കാനുമാണ് ഈ വൻ പരിഷ്കാരമെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷാ പരിഷ്കാരത്തിലെ പ്രധാന മാറ്റങ്ങൾ
നിലവിൽ എൻ.ടി.എ നടത്തുന്ന പ്രധാന പരീക്ഷകളിൽ നീറ്റ് മാത്രമാണ് ഓഫ്‌ലൈൻ രീതിയിൽ തുടരുന്നത്. ജെ.ഇ.ഇ, യുജിസി-നെറ്റ്, സി.യു.ഇ.ടി (CUET) പരീക്ഷകൾ ഇതിനകം തന്നെ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി മാറ്റിയിട്ടുണ്ട്. “സി.ബി.ടിയാണ് ഭാവി, വരും ദിവസങ്ങളിൽ എല്ലാ പരീക്ഷകളും ഈ രീതിയിലാക്കും” എന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് വ്യക്തമാക്കി.
“നീറ്റ് പരീക്ഷയൊഴികെ ഞങ്ങളുടെ മറ്റെല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ്. നീറ്റ് പരീക്ഷയും ഞങ്ങൾ വളരെ വേഗം തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റും. നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി നിലവിൽ ഇതിനായി പ്രവർത്തിച്ചുവരികയാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതി നടപ്പിലാക്കുന്നതിന് ഈ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) വർധിപ്പിക്കേണ്ടതും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുമുണ്ട്. അത് തന്നെയാണ് ഭാവി. നിലവിൽ ജെ.ഇ.ഇ പരീക്ഷ, യുജിസി-നെറ്റ് , സി.യു.ഇ.ടി (CUET) പരീക്ഷകൾ, എൻ.ഐ.എഫ്.ടി പരീക്ഷകൾ എന്നിവയെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുന്നത്. അതുകൊണ്ട് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ് ഭാവി, വരും ദിവസങ്ങളിൽ ഞങ്ങളുടെ എല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായി മാറും,” എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് പ്രതികരിച്ചു.
തട്ടിപ്പുകൾ തടയാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
പരീക്ഷാ കേന്ദ്രങ്ങളിലെ കൃത്രിമത്വവും ആൾമാറാട്ടവും കണ്ടെത്താൻ എൻ.ടി.എ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കും. പരീക്ഷാ ലോഗുകളും ഡാറ്റാ പാറ്റേണുകളും എ.ഐ വിശകലനം ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും സുതാര്യത ഉറപ്പാക്കാനും സാധിക്കും.
വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയായതിനാൽ ഇന്ത്യയിലുടനീളം ആവശ്യത്തിന് കമ്പ്യൂട്ടർ ടെസ്റ്റിംഗ് സെന്ററുകളും സുരക്ഷിതമായ സംവിധാനങ്ങളും ഒരുക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ആഗോള തലത്തിലേക്ക് പരീക്ഷകൾ: രാജ്യത്തെ പരീക്ഷാ സംവിധാനം പൂർണമായും സുരക്ഷിതവും സുതാര്യവുമാക്കിയ ശേഷം, ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള ആഗോള സംഘടനകൾക്ക് വേണ്ടിയുള്ള പരീക്ഷകൾ കൂടി നടത്താൻ എൻ.ടി.എയ്ക്ക് പദ്ധതിയുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻ.ടി.എ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് പരീക്ഷാ സുരക്ഷ ശക്തമാക്കിക്കൊണ്ടുള്ള ഈ പുതിയ നീക്കം.
എന്താണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ?
പരമ്പരാഗതമായി ചോദ്യപേപ്പർ നോക്കി ഒ.എം.ആർ ഷീറ്റിൽ കുമിളകൾ കറുപ്പിക്കുന്ന (ബബ്ലിങ്) രീതിക്ക് പകരം, പരീക്ഷാ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ സ്ക്രീനിൽ ചോദ്യങ്ങൾ കാണുകയും മൗസ് ഉപയോഗിച്ച് കൃത്യമായ ഉത്തരം ക്ലിക്ക് ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. ചോദ്യപേപ്പർ അച്ചടിക്കുന്നതും ട്രഷറികളിൽ സൂക്ഷിക്കുന്നതും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായ സുരക്ഷാ വെല്ലുവിളികൾ ഇതിലൂടെ പൂർണമായും ഇല്ലാതാകുന്നു.
മുന്നിലുള്ള വെല്ലുവിളികൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (20 ലക്ഷത്തിലധികം പേർ) ഒരേ ദിവസം എഴുതുന്ന പരീക്ഷയാണ് നീറ്റ്. അതിനാൽ തന്നെ ഇത്രയും വലിയ തോതിൽ ഓൺലൈൻ പരീക്ഷ നടത്താൻ രാജ്യത്തുടനീളം അത്യാധുനിക ടെസ്റ്റിംഗ് ലബോറട്ടറികളും, തടസമില്ലാത്ത വൈദ്യുതിയും, അതീവ സുരക്ഷിതമായ സെർവർ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. നന്ദൻ നിലേകനി സമിതി നിലവിൽ ഈ ഇൻഫ്രാസ്ട്രക്ചർ ആവശ്യകതകളെക്കുറിച്ചാണ് പഠിക്കുന്നത്.








