സഞ്‌ജു അകത്തോ പുറത്തോ?; ഏഷ്യ കപ്പില്‍ ഇന്ത്യ ഇന്നിറങ്ങും,

0
57

പ്രതിഭാധാരാളിത്തമുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണ് ടീമില്‍ ഇടം ലഭിക്കുമോയെന്നറിയാനാണ് ആകാംക്ഷ.

ദുബായ്‌: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നിറങ്ങും. യുഎഇയാണ് എതിരാളി. രാത്രി എട്ടിന് ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഏഴ്‌ മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ടി20 കളിക്കാനിറങ്ങുന്നത്.

ഇന്ത്യയ്‌ക്ക് ഒത്ത എതിരാളിയല്ല യുഎഇ. നേരത്തെ 2016-ലെ ഏഷ്യ കപ്പില്‍ ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ യുഎഇയെ ഒമ്പത് വിക്കറ്റിന് ഇന്ത്യ വീഴ്‌ത്തിയിരുന്നു. അതിനാല്‍ തന്നെ മത്സരത്തിലെ വിജയത്തിനപ്പുറം ഞായറാഴ്‌ച പാകിസ്ഥാനെതിരെ നടക്കുന്ന വമ്പന്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പാവും നീലപ്പടയുടെ മനസില്‍.

സഞ്‌ജുവിന് ഇടമുണ്ടോ?

പ്രതിഭാധാരാളിത്തമുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണ് ടീമില്‍ ഇടം ലഭിക്കുമോയെന്നറിയാനാണ് ആകാംക്ഷ. ഇന്ത്യന്‍ ഓപ്പണറായി സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്‌ജു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവുമായി ടി20 ടീമിലേക്ക് ശുഭ്‌മാന്‍ ഗില്‍ തിരികെ എത്തിയതാണ് ഓപ്പണര്‍ സ്ഥാനത്ത് സഞ്‌ജുവിന്‍റെ സ്ഥാനം ചോദ്യചിഹ്നമാക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമായ ഉത്തരവും പറഞ്ഞിരുന്നില്ല. ഉചിതമായ തീരുമാനമാവും തങ്ങളെടുക്കുകയെന്നായിരുന്നു സൂര്യയുടെ മറുപടി. സൂര്യ ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും ഗില്ലിനായി ഓപ്പണര്‍ സ്ഥാനം സഞ്‌ജുവിന് ഒഴിയേണ്ടി വരുമെന്നാണ് സൂചന.

സഞ്‌ജുവിനൊപ്പം റിങ്കു സിങ്ങിനേയും പുറത്തിരുത്തി മിഡില്‍ ഓര്‍ഡറില്‍ ഓള്‍റൗണ്ടര്‍മാരെയും തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ഫിനിഷര്‍ റോളില്‍ ഇറക്കാനുമാവും മാനേജ്‌മെന്‍റിന്‍റെ ശ്രമം. ബാറ്റിങ്- ബോളിങ് ഡിപാര്‍ട്ടുമെൻ്റുകള്‍ തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതിനായി ഇടംകൈയ്യൻ റിസ്റ്റ് സ്‌പിന്നര്‍ കുൽദീപ് യാദവിനേയും മാനേജ്‌മെൻ്റ് പുറത്തിരുത്തുമെന്നാണ് സൂചന.

സ്‌പിന്‍ യൂണിറ്റ് കൈകാര്യം ചെയ്യുന്നതിനായി വരുണ്‍ ചക്രവര്‍ത്തി, ഇടങ്കയ്യന്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരെയാവും ചുമതല ഏല്‍പ്പിക്കുക. ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ് എന്നിവര്‍ക്കൊപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പേസ് നിരയുടെ ഭാഗമാവും.

യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍

ശുഭ്‌മാൻ ഗിൽ (വിസി), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (സി), ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ (വിക്കറ്റ്), ശിവം ദുബെ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്‌, വരുൺ ചക്രവർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here