ഖത്തറിന് പുറകെ യെമനിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഖത്തറിന് പുറകെ യെമനിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. തലസ്ഥാന നഗരമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. ഹൂത്തി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.
വടക്കൻ പ്രവിശ്യയായ അൽ ജൗഫിലായിരുന്നു ആക്രമണം. സംഭവത്തിൽ 130 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇറാനിയൻ പിന്തുണയുള്ള ഹൂത്തികൾ ഇസ്രയേലിക്ക് നടത്തിയ ആവർത്തിച്ചുള്ള യുഎവി, ഉപരിതല മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും ഐഡിഎഫ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേൽ സനായിൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ മന്ത്രിമാർ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഖത്തറിലും കഴിഞ്ഞ ദിവസം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തി. ഖത്തർ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. സിറിയ, ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ദോഹയിലും ആക്രമണം നടന്നത്.
ഇത് ആഗോളതലത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയും ഖത്തറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുകയും ഖത്തറിൻ്റെ പരമാധികാരത്തെ മാനിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ചതിന് ശേഷമാണ് മോദിയുടെ പ്രസ്താവന. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുള്ള ഈ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.
നേതാക്കളെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആക്രമണത്തിൽ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച യുഎസ് നിർദേശം ചർച്ച ചെയ്യുന്നതിനിടെയാണ് ഹമാസിന് നേരെ ആക്രമണം നടന്നത്. അതേസമയം ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടരുകയാണ്.




