വൈദ്യുതി പ്രതിസന്ധി; ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

0
2

കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി സർക്കാരിനെ സമീപിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധ്യതകൾ തേടി കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിലെ തടസങ്ങളും കാരണം രാത്രികാലങ്ങളിൽ ഉൾപ്പെടെ കടുത്ത വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പരമാവധി വൈദ്യുതി ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ഉയർന്ന വില നൽകേണ്ടി വന്നാലും ഇതിനായി സംസ്ഥാന സർക്കാർ അനുമതി നൽകേണ്ടതുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടി കെഎസ്ഇബി ബോർഡ് അംഗങ്ങൾ അവിടങ്ങളിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇതിനായി മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്. കെഎസ്ഇബി ചെയർമാനുമായി ഇക്കാര്യം സംസാരിച്ചതായും ബോർഡ് അംഗങ്ങൾ യാത്രയ്ക്ക് സജ്ജരാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.

സൗരോർജം സജീവ പരിഗണനയിൽ
സൗരോർജം ഉപയോഗപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നിലവിൽ സൗരോർജ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും രാത്രികാല ഉപയോഗത്തിനായി അവ സംഭരിച്ച് വയ്ക്കുന്നതിനുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പോലുള്ള സംവിധാനങ്ങൾ പൂർണമായും ഫലപ്രദമായിട്ടില്ല. എല്ലാവരെയും ഇതിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികൾ ആലോചിക്കുമെന്നും അവർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല വിതരണത്തിനായി ഉയർന്ന വില നൽകി വാങ്ങാനും സർക്കാർ തയാറാണ്. നിലവിലെ പ്രതിസന്ധി എല്ലാവരെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയൊരു നയം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം
ലഭ്യമായ വൈദ്യുതി വളരെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. പകൽ സമയങ്ങളിലും തെരുവുവിളക്കുകൾ കത്തിക്കിടക്കുന്നത് മുൻ മന്ത്രി വി.എം സുധീരൻ തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ തെരുവുവിളക്കുകളുടെ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്, കെഎസ്ഇബിക്കല്ല എന്ന് അദ്ദേഹം വിശദീകരിച്ചു.

രാത്രികാലങ്ങളിലെ അനാവശ്യ അലങ്കാര വിളക്കുകൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. വിഭവങ്ങൾ പരിമിതമായിരിക്കുമ്പോൾ നമ്മുടെ പരിമിതികൾ മനസ്സിലാക്കി ശ്രദ്ധയോടെ ഉപയോഗിച്ചാൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം മുൻ സർക്കാർ
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കെഎസ്ഇബിയെയോ സംസ്ഥാന സർക്കാരിനെയോ കുറ്റപ്പെടുത്താനാകില്ല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഒപ്പുവച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ തുടർന്നിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഈ കരാർ റദ്ദാക്കാൻ തീരുമാനിച്ചപ്പോൾ, മുൻ എൽഡിഎഫ് സർക്കാർ ആറുമാസത്തിന് ശേഷം മാത്രമാണ് ഇതിനെതിരെ അപ്പീൽ നൽകിയത്. അപ്പോഴേക്കും കരാറിൽ നിന്ന് വിതരണക്കാർ പിന്മാറിയിരുന്നതായും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here