സിപിഐ നേതാക്കൾക്കെതിരെ സി.സി. മുകുന്ദൻ എംഎൽഎ. സിപിഐഎം നേതൃത്വം നൽകുന്ന വികസന നിർദേശങ്ങൾ നടപ്പിലാക്കാൻ പാടില്ലെന്ന് സിപിഐ മണ്ഡലം നേതൃത്വം നിർദേശം നൽകിയിരുന്നുവെന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ പ്രതികരിച്ചു. ടി.ആർ. രമേശ്കുമാർ , വി.എസ്. സുനിൽകുമാർ, കെ.കെ. വത്സരാജ് തുടങ്ങിയർക്കെതിരെയാണ് മുകുന്ദൻ്റെ ആരോപണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് തന്നെ ഡമ്മിയാക്കി നിർത്തുകയായിരുന്നു നേതാക്കളുടെ ലക്ഷ്യം, ഗീത ഗോപിയുടെ സ്വത്ത് സമ്പാദന വിവരങ്ങൾ വർധിച്ചത് ഗൗരവകരമായി പരിശോധിക്കണമെന്നും മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പ്രിയമുള്ളവരെ…..
ഞാൻ 58 വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്.
കഴിഞ്ഞ 5 വർഷക്കാലയളവിൽ നാട്ടിക എംഎൽഎ ആയിരുന്നു.
മുൻ കാലങ്ങളിൽ 10 വർഷം അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗമായും , വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
ഈ കാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ ചുമതലകൾ ഞാൻ കൃത്യമായി ഉത്തരവാദിത്വത്തോടെ നിർവഹിച്ചിരുന്നു.
കഴിഞ്ഞ 5 വർഷക്കാലം നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
2021 ൽ ഞാൻ LDF സ്ഥാനാർത്ഥിയായി നാട്ടിക നിയോജക മണ്ഡലത്തിൽ വരുമ്പോൾ അന്നത്തെ എംഎൽഎ ആയിരുന്ന ഗീത ഗോപിക്കെതിരെ നിരവധിയായർന്ന വിഷയങ്ങളിൽ ജന വികാരവും , പാർട്ടി പ്രവർത്തകരുടെ വികാരവും ശക്തമായിരുന്നു.
ആ സാഹചര്യത്തിലാണ് ഞാൻ നാട്ടികയിൽ എംഎൽഎ ആയി വരുന്നതും.
എംഎൽഎ ആയി വന്ന സാഹചര്യത്തിൽ 9 ഗ്രാമപഞ്ചായത്തുകളിൽ നിന്നും , LDF നേതൃത്വവും നൽകുന്ന വികസന നിർദ്ദേശങ്ങളാണ് ഞാൻ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.
എന്നാൽ CPIM നേതൃത്വം നൽകുന്ന വികസന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പാടില്ലെന്നും തങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രമേ നടപ്പിലിക്കാൻ സാധിക്കൂ എന്ന് CPI മണ്ഡലം നേതൃത്വം എനിക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ നാട്ടിക മണ്ഡലത്തിൽ രാഷ്ട്രീയത്തിനതീതമായാണ് ഞാൻ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ‘ ഇവയെല്ലാം ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്.
മുൻ എംഎൽഎയും പാർട്ടി നിലവിൽ തീരുമാനിച്ച ഗീത ഗോപി യെ പാർട്ടി മാനദണ്ഡങ്ങൾ മറി കടന്ന് കൊണ്ട് ഗ്രൂപ്പിസത്തിൻ്റെ ഭാഗമായാണ് തീരുമാനിച്ചിട്ടുള്ളത്.
എന്നെ ഒഴിവാക്കാൻ വേണ്ടി മാത്രം എന്നോട് വ്യക്തി വൈരാഗ്യമുള്ള പാർട്ടിയിലെ ചില വ്യക്തികൾ ഇതിനായി നിരന്തരം ശ്രമിച്ചു.
ഞാൻ എംഎൽഎ ആയതിന് ശേഷം ഓഫീസ് പ്രവർത്തനങ്ങളിൽ എനിക്ക് താത്പ്പര്യമില്ലാത്ത പേഴ്സണൽ അസിസ്റ്റൻ്റിനെ സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ടി ആർ രമേശ്കുമാർ , വി എസ് സുനിൽകുമാർ എന്നിവർ ചേർന്ന് എന്നിൽ അടിച്ചേൽപ്പിച്ചു.
വി എസ് സുനിൽ കുമാറിൻ്റെ വിശ്വസ്തനും 15 വർഷക്കാലം പിഎ യുമായിരുന്നു അയാൾ.
ഓഫീസ് പ്രവർത്തനങ്ങളിൽ ഇവർ ശുപാർശ ചെയ്യുന്ന അനധികൃത ഭൂമിതരം മാറ്റം , ഉദ്യോഗസ്ഥ സ്ഥലമാറ്റങ്ങൾ , തുടങ്ങിയ വിവിധ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയുള്ള ശുപാർശകൾ എന്നെ ഡമ്മിയാക്കി നിർത്തി ചെയ്യിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ വത്സരാജും ഇതിന് കൂട്ടു നിന്നു.
എന്നാൽ എൻ്റെ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിച്ച് ഞാൻ യാതൊരു അനധികൃത പ്രവർത്തനങ്ങൾക്കും കൂട്ട് നിന്നില്ല.
നാട്ടിക മണ്ഡലത്തിലാണ് തൃശൂർ ജില്ലയിൽ വെച്ച് ഏറ്റവും കൂടുതൽ സമ്പന്നരുള്ളത് ‘
ഇവർക്കെല്ലാം പല കാര്യങ്ങൾ ചെയ്ത് കൊടുത്ത് ഈ നേതാക്കൻമാർ ഫണ്ട് ശേഖരണം നടത്താൻ എന്നോട് ആവശ്യപ്പെട്ടു.
സാമ്പത്തിക അഴിമതി നടത്താൻ ഞാൻ ഇന്നേവരെ ഒരിക്കലും കൂട്ട് നിന്നില്ല.
നിയമസഭയിൽ നിന്ന് എൻ്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ വി എസ് സുനിൽകുമാറിൻ്റെ വിശ്വസ്തനെ ഞാൻ എൻ്റെ സ്റ്റാഫിൽ നിന്നും ഒഴിവാക്കി.
എനിക്കെതിരെയുള്ള ഈ വ്യക്തി വൈരാഗ്യങ്ങളാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്.
ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കിയാൽ ഈ നേതാക്കൾക്ക് അവർ വിചാരിച്ചത് പോലെ പണം കണ്ടെത്താൻ സാധിക്കുമെന്നുള്ളത് ഉറപ്പാണ്.
ഗീത ഗോപി 10 വർഷക്കാലം MLA ആയതിനു ശേഷമുള്ള അവരുടെ സ്വത്ത് സമ്പാദന വിവരങ്ങൾ വർധിച്ചത് ഗൗരവകരമായി പരിശോധിക്കണം . എന്നാൽ പാർട്ടി നേതൃത്വം അത് പരിശോധിക്കാത്തത് ഈ നേതാക്കൾക്ക് സാമ്പത്തിക സംരക്ഷണം ഒരുക്കുന്നത് കൊണ്ടാണ്.
ഗീത ഗോപി അല്ല മറ്റൊരാൾ ആണ് സ്ഥാനാർത്ഥിയെങ്കിൽ പാർട്ടി തീരുമാനം അംഗീകരിക്കാൻ സാധിക്കുമായിരുന്നു.
ഈ തീരുമാനങ്ങൾ ഉണ്ടായതിന് ശേഷം ഒരുപാട് ഇടതുപക്ഷ പ്രവർത്തകൾ നിരാശയിലാണ്.
നിരന്തരമായി ഒരുപാട് സഹ പ്രവർത്തകർ എന്നെ ബന്ധപ്പെട്ടിരുന്നു.
സിപിഐ നേതാക്കളായ വി എസ് സുനിൽകുമാർ, ടി ആർ രമേശ് കുമാർ, എന്നിവരുടെ വിഭാഗീയത പ്രവർത്തനങ്ങൾ മൂലം നാട്ടിക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും , ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പാർട്ടി പ്രവർത്തകരാണ് രാജി വെച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നും എനിക്കും പിന്തുണയുമായി ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.
അഴിമതി സ്വഭാവമുള്ള സ്ഥാനാർത്ഥിയെ നാട്ടിക മണ്ഡലം വിജയിപ്പിക്കില്ല എന്നത് ഉറപ്പാണ്.
അഴിമതിക്കും നെറികേടുകൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ തുടരും….








