മുംബൈ: എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇത് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി നടപ്പിലാക്കും. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകം തന്നെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ഏകീകൃത കോഡ് നടപ്പാക്കിയിട്ടുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി. ഇത് മറ്റെല്ലാം എൻഡിഎ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
മതം പരിഗണിക്കാതെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ ബാധകമാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
കേന്ദ്ര സർക്കാർ വിവിധ മേഖലകളിൽ നടത്തിയ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു ഷായുടെ വാർത്താ സമ്മേളനം. ജെൻസി പ്രക്ഷോഭത്തെ കൂടി പശ്ചാത്തലത്തില്‍ കണ്ടാണ് അദ്ദേഹം സംസാരിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾക്ക് അടിയന്തരാവസ്ഥ കൊണ്ടുവരാൻ കഴിയില്ല, അത് കോൺഗ്രസിന്റെ മനോഭാവമാണ്. ഷാ വിശദീകരിച്ചു.
സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ‘ഓപ്പറേഷൻ സിന്ദൂർ’ തുടങ്ങിയവയിലൂടെ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് രാജ്യം സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കൽ, നക്സലിസം അടിച്ചമർത്തൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവ വഴി രാജ്യത്തിന്റെ ദീർഘകാല സുരക്ഷാ വെല്ലുവിളികൾക്ക് പരിഹാരം കണ്ടു.
2014-ന് മുൻപുണ്ടായിരുന്ന അഴിമതി, ജാതീയത, കുടുംബരാഷ്ട്രീയം എന്നിവയിൽ നിന്ന് രാജ്യത്തെ മാറ്റിയെടുക്കാൻ തങ്ങൾക്ക് സാധിച്ചതായി ഷാ പറഞ്ഞു. പെർഫോമൻസ് അധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ രാജ്യം മാറിയിട്ടുണ്ട്. ലോക സാമ്പത്തിക രംഗത്ത് അഞ്ച് ദുർബ്ബല രാജ്യങ്ങളിൽ പെട്ടിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ ആദ്യ 5 സാമ്പത്തിക ശക്തികളിൽ ഒന്നായി മാറി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 7.8% ജിഡിപി വളർച്ച നേടിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഫസ്റ്റ്’ നയത്തിന് മുൻഗണന നൽകിക്കൊണ്ട് ശക്തമായ വിദേശ – പ്രതിരോധ നയങ്ങൾ രൂപീകരിച്ചു.
രാജ്യത്തുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്ന് ഷാ പറഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും മാർഗ്ഗങ്ങളും പരസ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മണിപ്പൂരിൽ 1951നെ അടിസ്ഥാനവർഷമാക്കി എൻആര്‍സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്. തീരുമാനമാകുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഷാ കൂട്ടിച്ചേർത്തു.






