എറണാകുളം: സന്ധ്യാകാശത്ത് ഇന്ന് വിസ്‌മയക്കാഴ്‌ചയൊരുക്കി ചന്ദ്രനും ശുക്രനും നേർക്കുനേർ വരുന്നു. ആകാശത്തെ ഏറ്റവും തിളക്കമുള്ള രണ്ട് ഖഗോള വസ്തുക്കൾ ഒരേ നേർരേഖയിൽ അണിനിരക്കുന്ന അപൂർവ പ്രതിഭാസത്തിനാണ് ശാസ്ത്രലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഭൂമിയിൽ നിന്നുള്ള കാഴ്‌ചയിൽ ചന്ദ്രൻ ശുക്രന് മുന്നിലൂടെ കടന്നുപോവുകയും ഒരു മണിക്കൂറിലേറെ സമയം പൂർണമായി മറയ്ക്കുകയും ചെയ്യും.
ജ്യോതിശാസ്ത്രത്തിൽ ശുക്ര ഭേദനം അഥവാ ലൂണാർ ഒക്കൾട്ടേഷൻ ഓഫ് വീനസ് എന്നാണ് ഈ അപൂർവ പ്രതിഭാസം അറിയപ്പെടുന്നത്. ശാസ്ത്രലോകം ഇതിനെ മൂൺ വീനസ് ഒക്കൾട്ടേഷൻ എന്നും വിളിക്കുന്നു. ആകാശത്തിലെ ഖഗോളവസ്തുക്കൾ ഒന്നിന് പിന്നിൽ ഒന്നായി നേർരേഖയിൽ വരുമ്പോൾ മുന്നിലുള്ള വസ്തു പിന്നിലെ വസ്തുവിനെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന പ്രകൃതിസഹജമായ പ്രതിഭാസമാണ് ഒക്കൾട്ടേഷൻ.
ഇന്ത്യയിലൊട്ടാകെയുള്ള വിവിധ നഗരങ്ങളിൽ ഈ വിസ്‌മയക്കാഴ്‌ച ദൃശ്യമാകും. പ്രതിഭാസത്തിൻ്റെ പ്രാരംഭ ഘട്ടങ്ങൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം പകൽസമയത്ത് ആരംഭിക്കുന്നതിനാൽ തുടക്കത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. എന്നാൽ സന്ധ്യാസമയത്തോടെ പടിഞ്ഞാറൻ ആകാശത്ത് സൂര്യാസ്തമയത്തിന് ശേഷം ഈ പ്രതിഭാസം വളരെ മനോഹരമായി തെളിയും.
കേരളത്തിലെ സമയക്രമം
കേരളത്തിലെ വാനനിരീക്ഷകരെ സംബന്ധിച്ച് വൈകുന്നേരം അഞ്ച് മണിയോടെ ചന്ദ്രൻ്റെ അരികുകൾ ശുക്രനെ മറയ്ക്കാൻ തുടങ്ങും. അഞ്ച് മണിക്കും 5.23നും ഇടയിലുള്ള സമയത്തിനുള്ളിൽ ശുക്രൻ പൂർണമായും ചന്ദ്രൻ്റെ പിന്നിൽ അദൃശ്യമാകും. തുടർന്ന് വൈകുന്നേരം 6.40നും 6.50നും ഇടയിലുള്ള സമയത്ത് ചന്ദ്രൻ്റെ വെളിച്ചമുള്ള ഭാഗത്തുനിന്ന് അതിശോഭയോടെ ശുക്രൻ തിരികെ പ്രകാശിച്ചു പുറത്തുവരുന്ന ഘട്ടം ആരംഭിക്കും. ഈ സമയത്ത് ആകാശത്ത് വെറും 10.5 ശതമാനം മാത്രം പ്രകാശമുള്ള നേർത്ത ചന്ദ്രക്കല മാത്രമായിരിക്കും ഉണ്ടാവുക. ഈ നേർത്ത ചന്ദ്രക്കലയെ തൊട്ടുരുമ്മി അതിനേക്കാൾ ശോഭയോടെ ശുക്രൻ നിലകൊള്ളുന്ന സുന്ദരമായ കാഴ്‌ച രാത്രി ഏഴ് മണിയോടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും.
പകൽവെളിച്ചം മാറി 6.15ഓടെ സൂര്യൻ അസ്തമിക്കുന്നതോടെ പടിഞ്ഞാറൻ ആകാശത്ത് താഴ്ന്ന നിലയിൽ ഈ കാഴ്‌ച കൂടുതൽ വ്യക്തതയോടെ അനുഭവപ്പെടും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും ബൈനോക്കുലറുകളോ ചെറിയ ടെലിസ്കോപ്പുകളോ ഉപയോഗിച്ച് നിരീക്ഷിച്ചാൽ ചന്ദ്രക്കലയുടെ മറവിൽ നിന്ന് പ്രകാശമാനമായ ശുക്രൻ പുറത്ത് വരുന്ന ദൃശ്യം കൂടുതൽ വ്യക്തമായും മിഴിവോടെയും ആസ്വദിക്കാനാകും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രനും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും തമ്മിലുള്ള ഈ ഒളിച്ചുകളി വാനനിരീക്ഷകർക്ക് വലിയ പഠനസാധ്യതകളാണ് നൽകുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരപഥവും വേഗതയും കൃത്യമായി മനസ്സിലാക്കാൻ ഇത്തരം പ്രതിഭാസങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്.
മുൻകരുതലുകൾ അനിവാര്യം
ഈ കാഴ്‌ച നിരീക്ഷിക്കുമ്പോൾ വാനപ്രേമികൾ ചില പ്രധാന മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് പടിഞ്ഞാറൻ ആകാശത്തേക്ക് ടെലിസ്കോപ്പോ ബൈനോക്കുലറോ തിരിച്ചുവച്ച് നിരീക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും ഈ ഉപകരണങ്ങൾ സൂര്യന് നേരെ നേരിട്ട് കേന്ദ്രീകരിക്കരുത്.
സൂര്യനിലെ അപകടകരമായ അൾട്രാവയലറ്റ് രശ്‌മികൾ ഉപകരണം വഴി കണ്ണിലെത്തുന്നത് കാഴ്‌ചശക്തിക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ നിരീക്ഷണത്തിൽ ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ശാസ്ത്രജ്ഞരും വിദഗ്‌ധരും കർശന മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.






