പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് തീര്‍ഥാടകർ.
പത്തനംതിട്ട : ശബരിമലയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്. പൂങ്കാവനത്തിൻ്റെ മടിത്തട്ടിലൂടെ കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പ ദർശനത്തിനെത്തുന്നത് പതിനായിരക്കണക്കിന് ഭക്തർ. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനത്തോടനുബന്ധിച്ച് ദർശനം നടത്തിയവരുടെ ഇതുവരെയുള്ള എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു.
സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാല്‍ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖമമായ ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ ആകെ 9.4 ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തിയത്.
പ്രതികൂല കാലാവസ്ഥയെയും കാനന പാതയെയും നേരിട്ടുകൊണ്ടാണ് സന്നിധാനത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനന പാതയിലൂടെ ശബരിമലയിലെത്തുന്നു.
“വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽ നടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ അഞ്ചു മണിക്കൂറിലധികമെടുക്കും. ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ല. ബുദ്ധിമുട്ട് അനുഭവിക്കാതെ ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പൊലീസുൾപ്പെടെയുഴള്ളവർ ചെയ്യുന്നുണ്ട്” എന്ന് മുംബൈയിൽ നിന്ന് ശബരിമലയിലെത്തിയ വിഘ്‌നേഷ് പറയുന്നു.
കുടിവെള്ള സൗകര്യവും ശുചിത്വവും ഉൾപ്പെടെ സുഗമമായ യാത്രയ്‌ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ലഭിച്ചതായി മറ്റൊരു തീര്‍ഥാടകൻ പറഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്കുള്ള നടപടികൾ വനം വകുപ്പും പൊലീസും സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ വനപാലകർ വനപാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്.
13 കിലോമീറ്റർ ദൂരമുള്ള പാതയിൽ വൈദ്യുത വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സത്രത്തു നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ടോക്കൺ നൽകിയാണ് കടത്തിവിടുന്നത്. സന്നിധാനത്തിനു സമീപം പാണ്ടിത്താവളത്തുള്ള അവസാന ചെക്ക്പോസ്റ്റിലെത്തുന്നതുവരെ ഓരോ ചെക്കു പോസ്റ്റും കടക്കുമ്പോൾ ഈ ടോക്കൺ നോക്കി എല്ലാവരും സുരക്ഷിതരായി കടന്നുപോയെന്നുറപ്പാക്കും.
ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ സത്രത്തു നിന്ന് ഭക്തരെ കടത്തിവിടൂ. അവസാന ആളും പോന്നു കഴിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്നാലെ സഞ്ചരിച്ച് ഭക്തർ സുരക്ഷിതമായി കടന്നുപോയെന്നുറപ്പാക്കും. സന്നിധാനത്തുനിന്ന് സത്രം ഭാഗത്തേയ്ക്ക് രാവിലെ 11 വരെ ഭക്തരെ കടത്തിവിടും.
ഇടയ്‌ക്കെവിടെയെങ്കിലും വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായാൽ എൻ ഡി ആർ എഫ് സംഘമെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. തീര്‍ഥാടകർക്കായി ഉപ്പുപാറയിൽ ആംബുലൻസ് സൗകര്യമടക്കം മെഡിക്കൽ സംഘവും സജ്ജമാണ്.
ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
- രാവിലെ നട തുറക്കുന്നത്-3 മണി
- നിർമ്മാല്യം, അഭിഷേകം 3 മുതൽ 3.30 വരെ
- ഗണപതിഹോമം 3.20 മുതൽ
- നെയ്യഭിഷേകം 3.30 മുതൽ 7 വരെ
- ഉഷപൂജ 7.30 മുതൽ 8 വരെ
- നെയ്യഭിഷേകം 8 മുതൽ 11 വരെ
- കലശം, കളഭം 11.30 മുതൽ 12 വരെ
- ഉച്ചപൂജ 12.00
- നട അടയ്ക്കൽ 01.00
- നട തുറക്കൽ ഉച്ചകഴിഞ്ഞ് 03.00
- ദീപാരാധന വൈകിട്ട് 06.30 – 06.45
- പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ
- അത്താഴ പൂജ 9.15 മുതൽ 9.30 വരെ
- ഹരിവരാസനം 10. 50
- നട അടയ്ക്കൽ 11.00






