വാഷിങ്ടൺ: അനന്തമായ ശൂന്യാകാശത്ത് ചരിത്രം കുറിച്ച് ഒരു മലയാളി സാന്നിധ്യം. നാസയുടെ ബഹിരാകാശ യാത്രികരായ അനിൽ മേനോനും ജെസീക്ക മേയറും ചേർന്ന് തങ്ങളുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടം അനിൽ സ്വന്തമാക്കി. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ ദൗത്യമാണ് ഇരുവരും പൂർത്തിയാക്കിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ ഊർജോത്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള സോളാർ പാനൽ നവീകരണമായിരുന്നു പ്രാഥമിക ലക്ഷ്യം. പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ഹാർഡ്‌വെയർ ഘടിപ്പിക്കാനായി ക്വസ്റ്റ് എയർലോക്ക് ഗേറ്റ്‌വേ വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. വ്യാഴാഴ്‌ച രാവിലെ 8.33ന് (വൈകിട്ട് 6.03 ഐഎസ്ടി) ആരംഭിച്ച ദൗത്യം ഇഡിടി സമയം മൂന്നിനാണ് (വെള്ളിയാഴ്‌ച പുലർച്ചെ 12.30 ഐഎസ്ടി) പൂർത്തീകരിച്ചത്. ഐആർഒഎസ്എ എന്നറിയപ്പെടുന്ന റോൾ ഔട്ട് സോളാർ അറേകളുടെ ഭാവിയിലെ ഇൻസ്റ്റലേഷന് ഈ ദൗത്യം സഹായകമാകും. ഇത് അധിക വൈദ്യുതി നൽകുന്നതിനും നിർണായക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ബഹിരാകാശ നിലയത്തിൻ്റെ സുരക്ഷിതവും നിയന്ത്രിതവുമായ ഡിയോർബിറ്റിനും സഹായിക്കുമെന്ന് നാസ പ്രസ്‌താവനയിൽ വ്യക്തമാക്കി.
സങ്കീർണമായ അറ്റകുറ്റപ്പണികൾ
രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ മുൻ ദൗത്യങ്ങളിലെ യാത്രികർ ബഹിരാകാശ നിലയത്തിൽ ആറ് ഐആർഒഎസ്എ അസംബ്ലികൾ വിന്യസിച്ചിട്ടുണ്ട്. ഈ വർഷം അവസാനം രണ്ടെണ്ണം കൂടി സ്റ്റേഷനിൽ എത്തിക്കും. ട്രസിൽ നിന്ന് പ്രവർത്തിക്കാൻ സ്ഥിരതയുള്ള ആംഗിൾ നൽകിക്കൊണ്ട് വർക്ക്‌സൈറ്റ് ഇൻ്റർഫേസിന് മുകളിലായി ആർട്ടിക്യുലേറ്റിങ് പോർട്ടബിൾ ഫൂട്ട് റെസ്റ്റൈനിലാണ് അനിൽ മേനോൻ ഇത് സ്ഥാപിച്ചത്. ഭാവിയിലെ ഐആർഒഎസ്എയിൽ നിന്നുള്ള വൈദ്യുതി ത്രീബി പവർ ചാനലിലേക്ക് കൊണ്ടുപോകുന്ന കേബിളിങ് ഇരുവരും ചേർന്ന് വഴിതിരിച്ചുവിട്ടു. തുടർന്ന് സ്ട്രറ്റുകളെ മൾട്ടി ലെയർ ഇൻസുലേഷൻ കൊണ്ട് മറച്ചു. ബഹിരാകാശ നടത്തത്തിനിടെ ഇരുവരും ചെറിയ സംഭാഷണങ്ങൾ നടത്തിയെന്നും ചെറിയ ഇടവേള എടുത്തെന്നും ജെസീക്ക മെയർ വ്യക്തമാക്കി.
ഓഗസ്റ്റ് 13ന് നടക്കുന്ന രണ്ടാമത്തെ ബഹിരാകാശ നടത്തത്തിൽ ഓർബിറ്റൽ കോംപ്ലക്സിലെ സ്പേസ് ടു ഗ്രൗണ്ട് ആൻ്റിന ഇരുവരും മാറ്റിസ്ഥാപിക്കും. ഹ്യൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻ്ററിനും ബഹിരാകാശ നിലയത്തിനും ഇടയിൽ ഡാറ്റ കൈമാറുന്നതിനും അതിവേഗ ആശയവിനിമയത്തിനും നാസ ഉപയോഗിക്കുന്ന നിർണായക സംവിധാനമാണിത്. ഓഗസ്റ്റ് 25ലെ ദൗത്യത്തിൽ ബഹിരാകാശ നിലയത്തിൻ്റെ ഭാവി ഡിയോർബിറ്റിനുള്ള തയാറെടുപ്പുകൾ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായി ക്രൂ അംഗങ്ങൾ പവർ ചാനൽ കേബിളുകളും ഡാറ്റ റിലേ സിസ്റ്റങ്ങളും ബന്ധിപ്പിക്കും. ഹാർമണി മൊഡ്യൂളിൻ്റെ ഫോർവേഡ് പോർട്ടിൽ ബഹിരാകാശ പേടകത്തിൻ്റെ ഡോക്കിങ്ങിനായി ഉപയോഗിക്കുന്ന നാവിഗേഷൻ സഹായവും യാത്രികർ മാറ്റിസ്ഥാപിക്കുമെന്ന് നാസ അറിയിച്ചു.
അഭിമാനമായി അനിൽ മേനോൻ
പാലക്കാട് സ്വദേശിയായ കെ പി ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻകാരിയായ എലിസബത്ത് സമോയ്‌ലെങ്കോയുടെയും മകനാണ് 49കാരനായ അനിൽ. രണ്ടായിരത്തി ഇരുപത്തിനാല് സെപ്റ്റംബറിൽ സ്പേസ് എക്സിൻ്റെ പൊളാരിസ് ഡോൺ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വിൽഹെം ആണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. വിക്ഷേപണം കാണാൻ അന്നയും മക്കളും ബൈക്കനൂരിൽ എത്തിയിരുന്നു. വിക്ഷേപണത്തിന് മുൻപ് താൻ ദൗത്യത്തിന് സജ്ജനാണെന്നും നാസയോടും കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം അനിൽ മേനോൻ സ്വന്തമാക്കിയത്.






