ജനറൽ മെഡിസിൻ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ (പി ജി) ട്രെയിനികളോട് റസിഡൻസി കാലയളവ് പൂർത്തിയാകുന്നതുവരെ വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ നീട്ടിവെക്കാൻ നിർദേശിച്ചുകൊണ്ട് പുറത്തിറക്കിയ സർക്കുലർ ദിബ്രുഗഡിലെ ആസാം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (AMCH) പിൻവലിച്ചു. ഡോക്ടർമാരുടെ സംഘടനകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നടപടി. നവംബർ 18ന് മെഡിസിൻ വിഭാഗം ഓഫീസാണ് ഈ നിർദേശം പുറപ്പെടുവിച്ചിരുന്നത്.
കോളേജ് അധികൃതരുടെ നടപടിയെ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് വിദ്യാർത്ഥികൾക്കുള്ള വെറുമൊരു ഉപദേശമല്ലെന്നും, മറിച്ച് അവരുടെ വ്യക്തിജീവിതം നിർത്തിവെക്കാനുള്ള നിർദേശമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
“ഇതൊരു ഉപദേശമെന്ന രീതിയിലായിരിക്കാം എഴുതിയിരിക്കുന്നത്. എന്നാൽ റസിഡന്റ് ഡോക്ടർമാരുടെ അവധി, ഹാജർ, പരീക്ഷാ യോഗ്യത എന്നിവ തീരുമാനിക്കുന്ന ഓഫീസിൽ നിന്ന്, ഔദ്യോഗിക ലെറ്റർഹെഡിലും ഡിസ്പാച്ച് നമ്പറോടെയുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു റസിഡന്റ് ഡോക്ടർക്കും ഇത് തള്ളിക്കളയാനാവില്ല,” സംഘടന എക്സിൽ കുറിച്ചു.






