സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിലേക്കോ നയിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

0
8
കോർപ്പറേറ്റ് മേഖലയ്ക്ക് സർക്കാർ ആവശ്യത്തിന് നികുതി ഇളവുകൾ നൽകിയിട്ടും, അത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കോ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിലേക്കോ നയിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനായി സർക്കാരിനെ മാത്രം ആശ്രയിക്കാതെ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചതും, 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ഇളവ് നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
“നിങ്ങൾ കൈയടിക്കില്ലെന്ന് എനിക്കറിയാം, കാരണം നിങ്ങളുടെ വിശപ്പ് അത്രത്തോളം വലുതാണ്; എത്ര നൽകിയാലും നിങ്ങൾക്ക് മതിയാകില്ല. 12 ലക്ഷം രൂപ വരെ ഞാൻ ആദായനികുതി ഇളവ് നൽകി. എന്നാൽ നിങ്ങൾ ജീവനക്കാരുടെ എണ്ണമോ അവരുടെ ശമ്പളമോ വർധിപ്പിച്ചോ? ഇല്ല. ‘മോദിജി, അങ്ങ് ചെയ്യൂ; ബാക്കി നമുക്ക് നോക്കാം’ എന്നതാണ് എപ്പോഴുമുള്ള സമീപനം,” പ്രധാനമന്ത്രി തുറന്നടിച്ചു.12 ലക്ഷം രൂപ വരെയുള്ള ആദായനികുതി ഇളവ് ജനങ്ങളുടെ ക്രയശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും, ഇത് വിപണിയിൽ കൂടുതൽ ഡിമാൻഡും ബിസിനസ്സ് വിപുലീകരണവും ഉണ്ടാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരെയും സമ്പത്ത് സൃഷ്ടിക്കുന്നവരെയും ചെറുകിട വ്യവസായങ്ങളെയും നികുതിദായകരെയും ബഹുമാനിക്കുമ്പോഴാണ് ഒരു രാജ്യം പുരോഗതി കൈവരിക്കുന്നതെന്നും, അവരെ വിമർശിച്ചുകൊണ്ട് രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിപണിയിൽ മത്സരിക്കാൻ തയ്യാറാകണം

ഇന്ത്യയിലെ ആഭ്യന്തര വിപണി തങ്ങൾക്ക് ഉറപ്പുള്ള വിൽപ്പന കേന്ദ്രമാണെന്ന ചിന്താഗതി വ്യവസായ പ്രമുഖർ ഉപേക്ഷിക്കണമെന്നും, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ആഗോളതലത്തിൽ മത്സരിക്കാൻ തയ്യാറാകണമെന്നും മോദി ഓർമ്മിപ്പിച്ചു. “ആഭ്യന്തര വിപണി നമ്മുടെ ‘കംഫർട്ട് സോൺ’ ആകരുത്, മറിച്ച് ആഗോള വിപണികളിൽ മത്സരിക്കാനുള്ള ആത്മവിശ്വാസമാണ് അത് നമുക്ക് നൽകേണ്ടത്,” അദ്ദേഹം പറഞ്ഞു. ചില ഉൽപ്പന്നങ്ങളെ മാത്രം ‘എക്സ്പോർട്ട് ക്വാളിറ്റി’ (കയറ്റുമതി നിലവാരമുള്ളത്) എന്ന് വേർതിരിച്ച് ബ്രാൻഡ് ചെയ്യുന്ന രീതിയെയും പ്രധാനമന്ത്രി വിമർശിച്ചു; രാജ്യത്തെ ജനങ്ങളും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here