തിരുവനന്തപുരം: ആരോഗ്യവും ദീർഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ വിദഗ്‌ധർ അംഗങ്ങളുമായി ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ങിവിറ്റി ടാസ്‌ക് ഫോഴ്‌സ്’നാണ് രൂപം നൽകിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങൾ, വർധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം സമിതി പരിശോധിക്കും.
രോഗങ്ങൾ തടയാനും കൃത്യസമയത്ത് പരിശോധനകൾ നടത്താനുമുള്ള സംവിധാനങ്ങൾ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും ഇതിൻ്റെ ഭാഗമായി വരും.
ടാസ്‌ക് ഫോഴ്‌സ് ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നടപ്പാക്കാൻ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകൾ തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതിൽ വ്യക്തമാക്കും.
ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണം
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിൻ്റെ തുടർച്ചയായിയാണ് ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. രോഗം വന്നതിന് ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണ ശൈലി യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ സ്ഥാപന മേധാവികൾ ലോക്കൽ പർച്ചേസ് ഉറപ്പാക്കണമെന്ന നിർദേശം മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആൻ്റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.







