സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴയെത്തും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കള്ളക്കടൽ ജാഗ്രതാ നിർദേശം

0
3

സംസ്ഥാനത്ത് ചൂട് കനക്കവെ ആശ്വാസമായി മഴയെത്തുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ന് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. വെെകുന്നേരത്തോടെ ശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുള്ളത്.

അതേ സമയം ഉച്ചയോടുകൂടി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. നാളെയും മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂരിലേയും കോഴിക്കോടിലേയും വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.

ഇത്തവണ പതിവിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ കനത്തത് കാർഷിക മേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ആശ്വാസമായി മഴയെത്തുന്നത്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. നിലവിലെ ഉയർന്ന താപനിലയെ കുറക്കാൻ സാധിക്കുന്ന മഴ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ പോലെ കള്ളക്കടൽ പ്രതിഭാസത്തിന്റെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർക്കും മത്സ്യ ബന്ധനത്തിന് പോകുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശം തീരപ്രദേശത്ത് താമസിക്കുന്നവർ കൃത്യമായി പാലിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അപകട സാധ്യത വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനം. കള്ളക്കടൽ പ്രതിഭാസത്തിൽ ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ ഈ സമയത്ത് കടലിലേക്ക് പോകാനോ തിരികെ വരാനോ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here