ന്യൂഡൽഹി: ആഗോളതലത്തിലെ പ്രതിശീർഷ കാർബൺ മലിനീകരണത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര തലത്തിൽ വികസ്വര രാജ്യങ്ങളുടെ മേൽ കാർബൺ മലിനീകരണത്തിൻ്റെ ഉത്തരവാദിത്തം തെറ്റായ രീതിയിലാണ് അടിച്ചേൽപ്പിക്കുന്നതെന്നും, വികസിത രാജ്യങ്ങൾ ഇന്ത്യയേക്കാൾ ആറ് മടങ്ങ് അധികം കാർബൺ പുറന്തള്ളുന്നുണ്ടെന്നതുമാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
“കാർബൺ ഉദ്‌വമനത്തിൻ്റെ ഉത്തരവാദിത്തം പലപ്പോഴും വികസ്വര രാജ്യങ്ങളുടെ മേൽ തെറ്റായ രീതിയിലാണ് ചുമത്തപ്പെടാറുള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഗ്ലോബൽ സൗത്തിൽ നിന്നുള്ള എൻ്റെ നിരവധി സഹപ്രവർത്തകർ ഇവിടെ സന്നിഹിതരാണ്. എന്നിരുന്നാലും, ചരിത്രപരമായ യാഥാർഥ്യം എന്തെന്നാൽ, ഇന്ന് പോലും ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ഉദ്‌വമനം ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഡൽഹിയിൽ സംഘടിപ്പിച്ച ‘ദി ഫ്യൂച്ചർ ഓഫ് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ഡൈനാമിക്സ്’ എന്ന രണ്ടു ദിവസത്തെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ എൻ.ജി.ടിയുടെ പുതിയ മൊബൈൽ ആപ്പും അദ്ദേഹം പുറത്തിറക്കി.
“പ്രകൃതി സംരക്ഷണത്തിൻ്റെ കാര്യത്തിൽ നൂറ്റാണ്ടുകളായി ലോകത്തിന് വഴികാട്ടിയായ രാജ്യമാണ് ഇന്ത്യ. ആ സാംസ്കാരിക പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് ആധുനിക കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള പരിഹാരങ്ങൾ ഇന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ സമർപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളിൽ ഈ യാഥാർഥ്യം ഇന്ത്യ ശക്തമായിത്തന്നെ ഉന്നയിക്കുന്നുണ്ട്. ഓരോ ഭാരതീയനും ഈ ആത്മവിശ്വാസവും കരുത്തും പ്രകടിപ്പിക്കണം,” പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ (COP21) ഇന്ത്യ മുന്നോട്ടുവെച്ച ‘കൺവീനിയൻ്റ് ആക്ഷൻ: കണ്ടിന്യൂയിറ്റി ഫോർ ചേഞ്ച്’ എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലോകത്തെ ഒപ്പം കൂട്ടിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ തീർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി ഭരണനിർവഹണം, നിയമപരമായ സമീപനങ്ങൾ, പോളിസി രൂപീകരണത്തിലെ പോരായ്മകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജഡ്ജിമാരും നിയമപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിൻ്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സെപ്റ്റംബർ 19, 20 തീയതികളിൽ ദേശീയ ഹരിത ട്രൈബ്യൂണലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സമ്മേളനം. ജുഡീഷ്യൽ, ഗവൺമെൻ്റ്, നിയമപരമായ സഹകരണം ഒരുമിച്ച് കൊണ്ടുവരികയാണ് ഇതിൻ്റെ ലക്ഷ്യം. ഉദ്ഘാടന സെഷനിൽ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് , കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു .
പരിസ്ഥിതി വിദഗ്ധർ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, ജില്ലാ കോടതി ജഡ്ജിമാർ, വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സംസ്ഥാന ജുഡീഷ്യൽ അക്കാദമികളുടെ പ്രതിനിധികൾ, സംസ്ഥാന നിയമ സേവന അതോറിറ്റികൾ, സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതികൾ, സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ, സംസ്ഥാന തണ്ണീർത്തട അതോറിറ്റികൾ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നു.




