രണ്ടര ലക്ഷം രൂപയ്ക്ക് തിരുവല്ലക്കാർക്ക് “പരിഹാരം” ഉണ്ടാക്കി കൊടുക്കുന്ന വിദ്യ ഗംഭീരം തന്നെ!

0
3

രണ്ടര ലക്ഷം രൂപയ്ക്ക് തിരുവല്ലക്കാർക്ക് “പരിഹാരം” ഉണ്ടാക്കി കൊടുക്കുന്ന വിദ്യ ഗംഭീരം തന്നെ!

തിരുവല്ലയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ജനങ്ങൾ തിരഞ്ഞെടുത്തവർ തിരുവല്ല കറ്റോട് ഷട്ടറിന് കൃത്യം 2,82,100 രൂപയ്ക്ക് പരിഹാരം കാണുമെന്നാണ് പറയുന്നത്!!

അങ്ങനെ വെറും രണ്ടര ലക്ഷം രൂപ കൊണ്ട് പ്രശ്നപരിഹാരം കാണാമായിരുന്നെങ്കിൽ, ജനങ്ങൾ തന്നെ പിരിവിട്ട് ആ പണം സർക്കാരിന് നൽകിയേനെ.

ജലവിഭവ വകുപ്പിന്റെ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ മറുപടി നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമായി പറയുന്നുണ്ട് “ഏകദേശം 1 കോടി 30 ലക്ഷം രൂപ വേണം ഇതിന് പരിഹാരം കാണണമെങ്കിൽ.” അതുമാത്രമല്ല, അത് ഇപ്പോൾ സാധിക്കില്ലെന്നും സംസ്ഥാന ജലവിഭവ വകുപ്പ് തന്നെ പറഞ്ഞതായും വിവരാവകാശ രേഖയിൽ പറയുന്നു.

അതുകൊണ്ട് ദയവുചെയ്ത് ഇങ്ങനെയുള്ള കണ്ണിൽ പൊടിയിടുന്ന പരിപാടികൾ ചെയ്യരുത്. സംസ്ഥാന സർക്കാരിന്റെ കൈയിൽ പണമില്ലെങ്കിൽ ഇല്ലെന്ന് അങ്ങ് പറയണം. ചെയ്യാൻ സാധിക്കില്ലെങ്കിൽ പറ്റില്ലെന്ന് പറയണം.

50 വർഷം പഴക്കമുള്ള, ദ്രവിച്ച് നശിച്ചിരിക്കുന്ന ഈ ഷട്ടർ നൂറുകണക്കിന് വീടുകൾക്കും ജനങ്ങൾക്കും വലിയ ഭീഷണിയായി നിൽക്കുന്ന അവസ്ഥ കഴിഞ്ഞ വെള്ളപ്പൊക്കത്തിലും നമ്മൾ കണ്ടതാണ്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കറ്റോട് പാലം പുതുക്കിപ്പണിയാൻ തീരുമാനമെടുത്തിട്ട് വർഷങ്ങളായി. അതിനായി 3 കോടിയിലധികം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്.

എന്നാൽ കറ്റോട് ഷട്ടർ ജലവകുപ്പിന്റെ കീഴിൽ വരുന്നതുകൊണ്ട്, അതിന്റെ നിർമ്മാണം പൂർത്തിയാകാതെ ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കില്ല.

ടി.കെ. റോഡിലൂടെ തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ആളുകളുടെ യാത്രാക്ലേശം പരിഹരിക്കണമെങ്കിലും ഈ പാലം പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിന് ആദ്യം ചെയ്യേണ്ടത് കറ്റോട് ഷട്ടർ പുനർനിർമ്മിക്കാനോ മാറ്റിസ്ഥാപിക്കാനോ ആവശ്യമായ തുക സംസ്ഥാന സർക്കാർ കണ്ടെത്തി അത് പുനർനിർമ്മിക്കുക എന്നതാണ്.

ഇന്ന് UDF നടത്തുന്ന രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ പവർ കട്ട് പോലും തടയാൻ കഴിയാത്ത അവസ്ഥയാണ്.

എന്തെങ്കിലും ചെയ്തു എന്ന് കാണിക്കുന്നതിന് വേണ്ടി രണ്ടര ലക്ഷം രൂപ അനുവദിക്കുന്നത് കറ്റോട് പ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ഒരു നല്ല വെള്ളപ്പൊക്കം വന്നാൽ ഈ ഷട്ടർ എത്ര കുടുംബങ്ങളുടെ നിലനിൽപ്പിനെയാണ് ബാധിക്കുക എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

അതുകൊണ്ട് ദയവുചെയ്ത് ഈ പരിപാടി നിർത്തി കൃത്യമായ പരിഹാരം കാണാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥന.

 

LEAVE A REPLY

Please enter your comment!
Please enter your name here