പാതിരാത്രി കറന്റ് പോകുന്നത് അവസാനിച്ചേക്കും; പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

0
36

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അവസാനമാകുന്നു. പ്രശ്നം പരിഹരിക്കാൻ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ക്ക് അനുമതി ലഭിച്ചു. റെഗുലേറ്ററി കമ്മീഷനിൽ നിന്നാണ് കെഎസ്ഇബിക്ക് ഈ അനുമതി ലഭിച്ചിരിക്കുന്നത്. കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ചാണ് തീരുമാനം.

പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ഈ വൈദ്യതിയുടെ വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയും ഉണ്ട്. മെയ്‌ 15 വരെയാണ് വൈദ്യുതി വാങ്ങാൻ സമയ പരിധി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്ന നിലയിലേക്ക് ചൂട് വർദ്ധിച്ചതോടെ വലിയ തോതിലാണ് വൈദ്യുതി ഉപഭോഗം കൂടിയത്. ഇതിനു പുറമെ പശ്ചിമേഷ്യൻ യുദ്ധം മൂലം എൽപിജി ലഭ്യത കുറഞ്ഞതിനാൽ ഇൻഡക്ഷൻ കുക്ക് ടോപ്പ് അടക്കമുള്ളവയുടെ ഉപയോഗവും കൂടി. ഏപ്രിൽ 18 ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. പുതിയ സാഹചര്യം അപൂർവമാണെന്നും, അതിനെ നേരിടാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെഎസ്ഇബി അഭ്യർത്ഥന നടത്തിയിരുന്നു. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കരുതെന്നും, എസി താപനില 26ൽ ക്രമീകരിക്കണമെന്നുമെല്ലാം നിർദ്ദേശങ്ങളുണ്ടായി. ജനങ്ങൾ വൈദ്യുതി അമിതമായി ഉപയോഗിക്കുന്നതിനെതിരെ കെഎസ്ഇബി ബോധവൽക്കരണം നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 24ന് റെഗുലേറ്ററി കമ്മീഷൻ ഈ വിഷയത്തിൽ ഹിയറിംഗ് നടത്തിയിരുന്നു. എന്നാൽ കെഎസ്ഇബിയുടെ പെറ്റീഷൻ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി മടക്കുകയായികുന്നു. പെറ്റീഷൻ പുതുക്കി നല്‍കാന്‍ കമ്മീഷൻ നിർദ്ദേശിച്ചു. മെയ് 15 വരെ വൈദ്യുതി വാങ്ങാൻ കഴിയും. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. വൈദ്യുതി വാങ്ങല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

അർദ്ധരാത്രിയിൽ പോലും അപ്രഖ്യാപിത വൈദ്യുതി ലോഡ്ഷെഡിങ് നടക്കുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. ദിവസവും കെഎസ്ഇബി പല സമയങ്ങളിൽ പതിനഞ്ച് മിനിറ്റും അര മണിക്കൂറുമായി വൈദ്യുതി മുടക്കിയാണ് കാര്യങ്ങളെ മുമ്പോട്ട് നീക്കുന്നത്. ‘താൽക്കാലിക പ്രതിസന്ധി’ എന്നാണ് കെഎസ്ഇബി ഇതിനെ വിശേഷിപ്പിച്ചത്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അപ്രഖ്യാപിത ലോഡ്ഷെഡിങ് നടപ്പാക്കുകയാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here