കാബൂൾ: അഫ്‌ഗാനിസ്ഥാൻ്റെ മണ്ണിൽ പാകിസ്ഥാൻ സൈനിക നീക്കം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. അഫ്‌ഗാൻ്റെ മണ്ണ് തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുവെന്ന പാകിസ്ഥാൻ്റെ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് നിലപാട് വ്യക്തമാക്കിയത്.
പരമാധികാരം ലംഘിച്ചാൽ തിരിച്ചടി
അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സബീഹുല്ല മുജാഹിദ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക ആക്രമണങ്ങൾ ഉണ്ടായാൽ സ്വന്തം പ്രദേശം സംരക്ഷിക്കാൻ അഫ്‌ഗാനിസ്ഥാന് പൂർണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 പ്രകാരം അഫ്‌ഗാൻ്റെ പരമാധികാരം ലംഘിക്കാൻ പാകിസ്ഥാൻ ശ്രമിച്ചാൽ, രാജ്യത്തെ പ്രതിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്‌ഗാനിസ്ഥാനുള്ളിൽ നടക്കുന്ന ഏതൊരു സൈനിക നീക്കവും രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്നും കാബൂളിൽ നിന്ന് കടുത്ത പ്രതികരണം ഇതിനുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആരോപണങ്ങൾ തള്ളി താലിബാൻ
നേരത്തെ അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ പാകിസ്ഥാൻ സൈനിക വക്താവ് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയായാണ് താലിബാൻ വക്താവ് രംഗത്തെത്തിയത്. പാകിസ്ഥാനിൽ ആക്രമണം നടത്താൻ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും ആയുധങ്ങൾ സജ്ജമാക്കുന്നതിനും അഫ്‌ഗാൻ്റെ മണ്ണ് ഉപയോഗിക്കുന്നുവെന്നായിരുന്നു പാകിസ്ഥാൻ്റെ പ്രധാന ആരോപണം.
എന്നാൽ ഈ വാദങ്ങളെല്ലാം സബീഹുല്ല മുജാഹിദ് പൂർണമായും തള്ളി. തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഉൾപ്പെടെയുള്ള ഒരു സായുധ സംഘങ്ങളെയും അഫ്‌ഗാൻ മണ്ണിൽ പ്രവർത്തിക്കാൻ കാബൂൾ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന സായുധ ഗ്രൂപ്പുകളെ താലിബാൻ ഭരണകൂടം പിന്തുണയ്ക്കുന്നുവെന്ന വാദവും അദ്ദേഹം നിഷേധിച്ചു.
ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കണം
പാകിസ്ഥാൻ ആദ്യം അവരുടെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതെന്ന് മുജാഹിദ് ഓർമിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ എത്തുന്നതിന് മുൻപ് തന്നെ പാകിസ്ഥാനിൽ ടിടിപിയും ബലൂച് സായുധ ഗ്രൂപ്പുകളും ഉൾപ്പെടുന്ന ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പരാജയങ്ങൾ മറച്ചുവയ്ക്കാൻ അഫ്‌ഗാനിസ്ഥാനെ പഴിചാരുന്ന രീതി പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കാബൂളും ഇസ്‌ലാമാബാദും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. പടിഞ്ഞാറൻ അതിർത്തിയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ നിരന്തരം ആശങ്ക ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. 2021ൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ വർധിച്ചുവെന്ന പാകിസ്ഥാൻ്റെ വാദങ്ങളെ പ്രതിരോധിക്കുകയാണ് നിലവിൽ അഫ്‌ഗാനിസ്ഥാൻ.
സൗദി അറേബ്യയുടെ ഇടപെടൽ സ്വാഗതം ചെയ്തു
സൈനിക നടപടിക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയെങ്കിലും പാകിസ്ഥാനുമായി ചർച്ചകൾക്ക് അഫ്‌ഗാനിസ്ഥാൻ ഇപ്പോഴും ഒരുക്കമാണെന്ന് മുജാഹിദ് വ്യക്തമാക്കി. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇൻ്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുമുള്ള മികച്ച സംവിധാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൗദി അറേബ്യയ്ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റിയാദിന് അഫ്‌ഗാനിസ്ഥാനുമായും പാകിസ്ഥാനുമായും മികച്ച സൗഹൃദ ബന്ധമാണുള്ളത്. അതിനാൽ തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സൗദി അറേബ്യയ്ക്ക് സാധിക്കുമെന്നും മുജാഹിദ് സ്വാഗതം ചെയ്തു. പാകിസ്ഥാനുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ താലിബാൻ മുൻപും ചർച്ചകൾക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ അഫ്‌ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇസ്‌ലാമാബാദ്.




