അമേരിക്കൻ ഉപരോധ ബില്ലിന് ചുട്ടമറുപടിയുമായി ഇന്ത്യ

0
2

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത ഇറക്കുമതി തീരുവ ചുമത്താൻ ലക്ഷ്യമിട്ടുള്ള ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഊർജ നയത്തെ ന്യായീകരിച്ച് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. രാജ്യത്തെ ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുക എന്നത് അടിസ്ഥാനപരമായ ദേശീയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ബിൽ
റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ലിൻഡ്സെ ഒ ഗ്രഹാം ആക്ട് 2026 ബുധനാഴ്ചയാണ് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയത്. 159നെതിരെ 262 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ മാസം സെനറ്റും ഈ ബില്ലിന് അംഗീകാരം നൽകിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ബിൽ നിയമമാകാൻ ഇനി പ്രസിഡൻ്റ് ഒപ്പുവയ്ക്കണം.

ഇന്ത്യയുടെ നിലപാട്
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിനയ് മോഹൻ ക്വാത്ര ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഊർജ ഉപഭോഗം അടിസ്ഥാന വികസനത്തിൻ്റെ ഭാഗമാണെന്നും അത് ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ഇന്ത്യയുടെ ഊർജ നയം എന്ന തലക്കെട്ടിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. 1.4 ബില്യൺ ജനങ്ങൾക്ക് തടസമില്ലാതെ ഊർജം ലഭ്യമാക്കുക എന്നത് രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഊർജ ഉപഭോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

എന്നാൽ ഒരു ശരാശരി ഇന്ത്യക്കാരൻ്റെ ഊർജ ഉപഭോഗം ആഗോള ശരാശരിയുടെ മൂന്നിലൊന്നിലും താഴെ മാത്രമാണ്. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പത്തിലൊന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ഫാക്ടറികൾ, ഗതാഗതം തുടങ്ങിയവ സുഗമമായി പ്രവർത്തിക്കാൻ തടസമില്ലാത്ത ഊർജ വിതരണം ആവശ്യമാണ്. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിൻ്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണെന്നും മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ക്വാത്ര പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം
അമേരിക്കൻ കോൺഗ്രസ് ബിൽ പാസാക്കിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. രാജ്യത്തിൻ്റെ വ്യാപാര സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യവസായ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വ്യാപാര കരാറുകളും തീരുവകളും
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഓഗസ്റ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചില ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർന്നു. എന്നാൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഇത്തരം തീരുവകൾ അമേരിക്കൻ സുപ്രീം കോടതിയും ഫെഡറൽ കോടതിയും യഥാക്രമം ഫെബ്രുവരി, മെയ് മാസങ്ങളിൽ റദ്ദാക്കിയിരുന്നു. അടിയന്തര തീരുവകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധികളും രംഗത്തുണ്ട്.

യും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്. പരസ്പര സഹകരണത്തോടെയുള്ള വ്യാപാര കരാറിനായുള്ള രൂപരേഖ ഫെബ്രുവരി 7ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ അവസാനം വിസ്കോൺസിനിൽ നടക്കുന്ന ജി 20 വ്യാപാര മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് ഇന്ത്യയും അമേരിക്കയും കൂടുതൽ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here