ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദിനാചരണം. മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും വിശദീകരിക്കുകയാണ് കൊച്ചിയിലെ മനഃശാസ്‌ത്ര വിദഗ്‌ധൻ ഡോ. വിവേക്.
ഒക്ടോബർ പത്തിന് ലോകം വീണ്ടുമൊരു മാനസികാരോഗ്യ ദിനം ആചരിക്കുകയാണ്. ഓരോ വർഷം കഴിയുന്തോറും മാനസികാരോഗ്യ ദിനാചരണത്തിന്‍റെ പ്രസക്തി വർധിക്കുകയാണ്. ശാരീരികാരോഗ്യ പ്രശ്‌നങ്ങളേക്കാൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെന്ന തിരിച്ചറിവിലേക്ക് സമൂഹം ഇനിയും എത്തിയിട്ടില്ല. മാറിയ ജീവിത സാഹചര്യങ്ങളിൽ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ തന്നെ നടത്തണമെന്നാണ് മാനസികാരോഗ്യ രംഗത്തെ വിദഗ്‌ധർ പറയുന്നത്.
‘സേവനങ്ങളിലേക്കുള്ള പ്രവേശനം – ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം’ എന്നതാണ് ഈവർഷത്തെ ദിനാചരണത്തിൻ്റെ പ്രമേയം. ദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം നേരിട്ട് ബാധിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ലോകത്തുണ്ട്. ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർ വരെ മാനസികമായ ആഘാതങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
ഇതോടൊപ്പം ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിഷേധാത്മക വിവരങ്ങൾ വരെ സമൂഹത്തിൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെയെല്ലാം അഭിമുഖീകരിക്കുന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിൻ്റെ സന്ദേശം.
മാനസികാരോഗ്യത്തെ പരിഗണിക്കുക
ശാരീരികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ജാഗ്രത മാനസികാരോഗ്യത്തിൻ്റെ വിഷയത്തിൽ പൊതുവെ ആളുകൾ കാണാക്കാറില്ല. മാനസിക പ്രശ്‌നങ്ങൾ കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടാതെ ജീവിതം തന്നെ കൈവിട്ടു പോകുന്നവരും ധാരാളമാണ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ലോക മാനസികാരോഗ്യ ദിനാചരണത്തിന്‍റെ പ്രസക്തിയേറുന്നത്.
ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഏറെയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ പരമാവധി കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നതിന് മാനസികാരോഗ്യ സരംക്ഷണത്തിനുള്ള ഇടപെടലുകൾ ആവശ്യമാണ്. ദുരന്തമുഖത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങൾ ഏറെയാണ്. ഇവരെ ചേർത്തുപിടിക്കുകയെന്നത് സമൂഹത്തിൻ്റെ ബാധ്യതയാണ്.
നിരവധി കാരണങ്ങൾകൊണ്ട് ജോലി സ്ഥലങ്ങളിൽ മാനസിക ബുദ്ധിമുട്ടുകൾ കൂടി വരികയാണ്. തൊഴിലിടങ്ങളിൽ പ്രതീക്ഷകളും സമ്മർദ്ദങ്ങളും ഏറെയാണ്. ജോലി കൂടുതലായതിനാൽ ഉറക്കക്കുറവ് വരുന്നു. സമ്മർദ്ദം നേരിടാൻ കഴിയാതെ മദ്യപാനത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും വഴുതി വീഴുന്നവരുണ്ട്. സമ്മർദ്ദം കൂടി ചികിത്സയെടുക്കാതെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നവരും നിരവധിയാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചികിത്സിച്ച് മാറ്റാൻ കഴിയുമെന്ന തിരിച്ചറിവ് ആവശ്യമാണെന്ന് കൊച്ചിയിലെ മനഃശാസ്‌ത്ര വിദഗ്‌ധനായ ഡോ വിവേക് പറഞ്ഞു.
പലപ്പോഴും ആളുകൾ തങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കാറില്ല. മാനസികാരോഗ്യ പ്രശ്‌നം വലിയ ബുദ്ധിമുട്ട് ആവുകയും, കൈ വിട്ട് പോവുകയും ചെയ്യുമ്പോഴാണ് മനശാസ്ത്ര വിദഗ്‌ധരെ സമീപിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചെറിയ ലക്ഷണങ്ങൾ ശരീരം കാണിക്കാൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടണം. ഉറക്ക കുറവ്, അമിതമായ ടെൻഷൻ, ജോലിയിൽ ശ്രദ്ധ കിട്ടാതെയാവുക, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് മനശാസ്ത്ര വിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടിയാൽ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെ പരിഹരിക്കാൻ കഴിയും.
മാനസികാരോഗ്യം നിലനിർത്താൻ കൃത്യസമയത്തുള്ള ഉറക്കം അത്യാവശ്യമാണ്. ആറു മുതൽ എട്ടുമണിക്കൂർ വരെ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി ഭക്ഷണം കഴിക്കുക, സാമൂഹ്യ ബന്ധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിട്ടും മാനസിക പ്രശ്‌നങ്ങൾ വരുന്നവർ ഉടൻ ചികിത്സ തേടുകയാണ് വേണ്ടത്. ചികിത്സ തേടുന്നതിലൂടെ അസുഖം മാറാനും പിന്നീട് രോഗം വരാതിരിക്കാനും സഹായകമാവും.
മാനസിക രോഗത്തിന് ചികിത്സ തേടേണ്ടത് എപ്പോൾ?
ചെറിയ തോതിലുള്ള ടെൻഷനും സങ്കടവും ദേഷ്യവും സ്വാഭാവികമാണ്. എന്നാൽ ഇവയെല്ലാം വർധിച്ച് വ്യക്തി ബന്ധങ്ങളെ ബാധിക്കുക, ഭക്ഷണത്തെ ബാധിക്കുക, ഉറക്കത്തെ ബാധിക്കുക, ഇതിന്‍റെയെല്ലാം തീവ്രത കൂടി വരുമ്പോൾ ഇതൊരു മാനസിക പ്രശ്‌നമായി കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. തുടക്കത്തിൽ ചിലപ്പോൾ ഒരു കൗൺസിലിങ്ങിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയും. എന്നാൽ അസുഖത്തിന്‍റെ തീവ്രത കൂടിയാൽ മരുന്നുകൾ കഴിക്കേണ്ടിവരും.
മാനസികാരോഗ്യ ചികിത്സയും മരുന്നുകളും
ചില തെറ്റിധാരണകൾ കാരണം മരുന്നു കഴിക്കാൻ പലർക്കും ഭയമാണ്. മരുന്ന് കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കും, പിന്നെ നമ്മൾ ഒന്നിനും കൊള്ളാത്തവരായി മാറും, ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരും എന്നിങ്ങനെ ഒരുപാട് തെറ്റായ ധാരണകൾ പലർക്കിടയിലുമുണ്ട്. എന്നാൽ വളരെ നല്ല മരുന്നുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഒരു തരത്തിലും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലന്നും ഡോ വിവേക് വിശദീകരിച്ചു.
ഒരു തവണ അസുഖം വന്നാൽ ആറ് മാസം മുതൽ ഒരു വർഷം വരെ മരുന്ന് കഴിക്കേണ്ടിവരും. രണ്ട് തവണ വന്നാൽ രണ്ട് വർഷം മരുന്ന് കഴിക്കണം. മൂന്ന് തവണയിൽ കൂടുതൽ വന്നാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ മരുന്ന് കഴിക്കേണ്ടിവരും. എല്ലാം അസുഖങ്ങൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരില്ല.
അതേസമയം കൃത്യമായി മാനസിക രോഗത്തിന് ചികിത്സ തേടാതിരിക്കുക, മരുന്നുകൾ ഇടയ്ക്ക് നിർത്തുക, സ്വയം ചികിത്സ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വന്നേക്കാം.
മാനസികാരോഗ്യവും പാരമ്പര്യവും
മാനസിക രോഗികൾ ഉള്ള കുടുംബത്തിൽ പെട്ടവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം. മറ്റെല്ലാ അസുഖങ്ങളെയും പോലെ മാനസിക രോഗവും ചികിത്സിച്ച് മാറ്റാൻ കഴിയും. താൻ ചികിത്സിക്കുന്നവരിൽ രണ്ടു വയസുളള കുട്ടി മുതൽ തൊണ്ണൂറ്റിയഞ്ച് വയസുള്ളവർ വരെയുണ്ട്. പ്രായ വിത്യാസമില്ലാതെ ആർക്കും മാനസിക പ്രശ്‌നങ്ങൾ വരാമെന്നാണ് മാനസികാരോഗ്യ രംഗത്തെ വിദഗ്‌ധർ പറയുന്നത്.



