ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണ്‍സൂണ്‍ സജീവമായതോടെ നിരവധി രോഗങ്ങളാണ് പടര്‍ന്ന് പിടിക്കുന്നത്. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജാപ്പനീസ് എൻസെഫലൈറ്റിസ്, ലിംഫറ്റിക് ഫൈലേറിയസിസ് തുടങ്ങിയ രോഗങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലും, ഗോത്ര മേഖലകളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിലും ഇത്തരം രോഗങ്ങള്‍ അതിവേഗം പടര്‍ന്നു പിടിക്കന്നു.
ഈ രോഗങ്ങൾ വേഗത്തിൽ പടരുകയും ആരോഗ്യ സംവിധാനങ്ങളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നവയുമാണ്. ജീവൻ രക്ഷിക്കുന്ന മരുന്നുകളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ രോഗ നിയന്ത്രണ തന്ത്രത്തിന് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. രാജ്യത്തിൻ്റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ കഴിഞ്ഞ മൂന്ന് വർഷത്തെ പകര്‍ച്ചവ്യാധി കേസുകളുടെ സർക്കാർ ഡാറ്റ ഇടിവി ഭാരത് പരിശോധിച്ചു.
ഇന്ത്യയുടെ മലേറിയ ബാധിതരുടെ എണ്ണത്തിൽ കിഴക്കൻ, മധ്യ സംസ്ഥാനങ്ങൾ മുൻപന്തിയിലെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സർക്കാർ ഡാറ്റ പ്രകാരം ഇടിവി ഭാരത് കണ്ടെത്തി. പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ത്രിപുര എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലേറിയ ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങളെന്നും ഡാറ്റയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പൂർ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് മലേറിയ ബാധിത സംസ്ഥാനങ്ങള്‍.
പശ്ചിമ ബംഗാൾ രാജ്യത്തെ ഏറ്റവും കൂടുതൽ മലേറിയ ഹോട്ട്‌സ്‌പോട്ടായി തുടരുന്നുവെന്നും ഡാറ്റ സൂചിപ്പിക്കുന്നു. 2023-ൽ 23,428 കേസുകളും 2024-ൽ 19,497 കേസുകളും 2025-ൽ 18,872 കേസുകളും റിപ്പോർട്ട് ചെയ്‌തു. മഴക്കാലത്ത് കേസുകൾ ക്രമാനുഗതമായി വർധിച്ചു. 2023 സെപ്റ്റംബറിൽ 6,094, 2024 സെപ്റ്റംബറിൽ 5,510, 2025 ഓഗസ്റ്റിൽ 4,020 എന്നിങ്ങനെയായിരുന്നു ഉയർന്നത്. എന്നാൽ ഡിസംബറോടെ ഇത് കുറയുമെന്ന് വിവരാവകാശ നിയമപ്രകാരം ഇടിവി ഭാരത് ആർടിഐ അന്വേഷണത്തിന് മറുപടിയായി സർക്കാർ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വെക്റ്റർ പരത്തുന്ന രോഗങ്ങള്‍ ബാധിച്ച് രാജ്യത്തുടനീളം ആകെ 142 മരണങ്ങൾ നടന്നു. 56 മരണങ്ങളുമായി മഹാരാഷ്ട്രയാണ് മുന്നില്‍, തൊട്ടുപിന്നിൽ, മിസോറാം (17), ഒഡീഷ (14), കേരളം (10), ഛത്തീസ്‌ഗഡ് (9) എന്നിങ്ങനെയാണ് മരണ നിരക്ക്.
2023-ൽ 32,064 കേസുകളും 2024-ൽ 56,330 കേസുകളും 2025-ൽ 37,665 കേസുകളും രേഖപ്പെടുത്തി. ഒഡീഷ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2023 ഓഗസ്റ്റ് (8,016 കേസുകൾ), 2024 ജൂലൈ (14,293), 2025 ജൂൺ (11,916) എന്നീ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
2023-ൽ 29,014 കേസുകളും 2024-ൽ 32,533 കേസുകളും 2025-ൽ 31,035 കേസുകളുമായി ജാർഖണ്ഡ് പിന്നിലുണ്ട്. 2023 ജൂണിൽ (11,405 കേസുകൾ), 2024 സെപ്റ്റംബറിൽ (5,264), 2025 ഓഗസ്റ്റ് (4,804) എന്നിങ്ങനെയാണ് സംസ്ഥാനത്തെ കണക്ക്.
ഛത്തീസ്‌ഗഡിൽ 2023-ൽ 19,461 കേസുകളും, 2024-ൽ 24,887 കേസുകളും, 2025-ൽ 18,497 കേസുകളും റിപ്പോർട്ട് ചെയ്‌തു. ഏറ്റവും കൂടുതൽ പ്രതിമാസ കേസുകൾ 2023 ജൂലൈ (4,047 കേസുകൾ), 2024 ജൂലൈ (5,525), 2025 ജൂൺ (4,374) എന്നീ മാസങ്ങളിലാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ ബാധിച്ച അഞ്ച് സംസ്ഥാനങ്ങളിൽ ത്രിപുരയും ഉൾപ്പെടുന്നു. 2023-ൽ 18,048 കേസുകളും, 2024-ൽ 6,924 ഉം 2025-ൽ 4,552 ഉം കേസുകൾ രേഖപ്പെടുത്തി. 2023 ജൂലൈയിൽ (4,837 കേസുകൾ), 2024 ജൂണിൽ (2,741), 2025 ജൂണിൽ (1,913) എന്നിങ്ങനെയാണ് സംസ്ഥാനത്തിൻ്റെ രോഗവ്യാപനം ഏറ്റവും ഉയർന്ന നിലയിലെത്തിയത്, പിന്നീട് ഇത് ക്രമാനുഗതമായി കുറഞ്ഞു.
മലേറിയ നിർമാർജന പ്രവർത്തനങ്ങൾ
രാജ്യത്തുടനീളമുള്ള മലേറിയ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഡോ. സഞ്ജയ് റോയ് ഇടിവി ഭാരതിനോട് പറഞ്ഞു. ”കാലാകാലങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഞങ്ങൾ ഉപദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ, മലേറിയ നിർമാർജന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരു ഉപദേശം അയച്ചിട്ടുണ്ട്,” ഡോ. റോയ് പറഞ്ഞു.
2026-27 സാമ്പത്തിക വർഷം മുതൽ നാഷണൽ സെൻ്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC) പ്രകാരം മൂന്ന് പ്രധാന മലേറിയ വിരുദ്ധ മരുന്നുകളുടെ സംഭരണം വികേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾ എൻസിവിബിഡിസി വെബ്‌സൈറ്റിൽ മരുന്നുകൾ വാങ്ങണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ലഭ്യതയുടെ തത്സമയ നിരീക്ഷണം ഉറപ്പാക്കാൻ ഡ്രഗ്‌സ് ആൻഡ് വാക്‌സിൻസ് ഡിസ്ട്രിബ്യൂഷൻ മാനേജ്മെൻ്റ് സിസ്റ്റം (ഡിവിഡിഎംഎസ്) പോർട്ടലിൽ സ്റ്റോക്ക് വിശദാംശങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്റ്റോക്കുകളുടെയും കാലഹരണ തീയതികളുടെയും സൂക്ഷ്മ നിരീക്ഷണത്തിന് മന്ത്രാലയം പ്രത്യേക ഊന്നല്‍ നല്‍കുന്നു. മിച്ചമുള്ള മരുന്നുകൾ ജില്ലകൾ അല്ലെങ്കിൽ സംസ്ഥാനങ്ങളിലേക്ക് പുനർവിതരണം ചെയ്യാനും മന്ത്രാലയം നിര്‍ദേശിച്ചു. “ഈ മരുന്നുകളുടെ സംഭരണത്തിനുള്ള ഫണ്ട് ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ (NHM) പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ പ്ലാൻ (PIP) പ്രകാരം നൽകും” എന്‍സിവിബിഡിസി അഡീഷണൽ ഡയറക്‌ടർ ഡോ. പ്രണബ് ജ്യോതി ഭൂയാൻ ഒപ്പിട്ട കത്തിൽ പറയുന്നു.








