വേവ്റെ (ബെൽജിയം): പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം. വെള്ളിയാഴ്‌ച നടന്ന ഏഴ്-എട്ട് സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ആതിഥേയരായ ബെൽജിയത്തോട് ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3 എന്ന നിലയിൽ തുല്യത പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അവസാന നിമിഷത്തിൽ ഇന്ത്യ നേടിയ ഗോളാണ് കളി ഷൂട്ടൗട്ടിലെത്തിച്ചത്.
മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ടൂർണമെന്‍റില്‍ ആകെ എട്ട് ഗോളുകളോടെ അർജന്‍റീനയുടെ ഡൊമെയ്‌നിക്കൊപ്പം ടോപ്പ് സ്കോറർ പദവി പങ്കിട്ടു. ആറാം മിനിറ്റിൽ അഭിഷേകിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ റോമൻ ഡുവേകോട്ട്, ഹ്യൂഗോ ലബൗച്ചെർ എന്നിവരിലൂടെ തുടർച്ചയായി രണ്ട് ഗോളുകൾ നേടി ബെൽജിയം 2-1 ന് മുന്നിലെത്തി. ഹാഫ് ടൈമിന് തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി കോർണർ ഡ്രാഗ്-ഫ്ലിക്കിലൂടെ ഹർമൻപ്രീത് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു (2-2).
നാലാം ക്വാർട്ടറിൽ നിക്കോളാസ് ഡി കെർപലിലൂടെ ബെൽജിയം വീണ്ടും ലീഡ് നേടി (3-2). മത്സരം അവസാനിക്കാൻ വെറും 26 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് ഇന്ത്യയെ വീണ്ടും സമനിലയിൽ എത്തിക്കുകയായിരുന്നു.
ഷൂട്ടൗട്ട് നാടകം
ഷൂട്ടൗട്ടിൽ ബെൽജിയം ഗോൾകീപ്പർ വിൻസെന്‍റ് വനാഷിന്‍റെ പ്രകടനമാണ് മത്സരവിധി നിർണ്ണയിച്ചത്. ഇന്ത്യയുടെ ഹർമൻപ്രീത് സിംഗ്, സുഖ്‌ജീത് സിംഗ് എന്നിവരുടെ ശ്രമങ്ങൾ വനാഷ് തടഞ്ഞു. ഇന്ത്യയ്ക്കായി അഭിഷേക് മാത്രമാണ് ലക്ഷ്യം കണ്ടത്. ബെൽജിയത്തിനായി ടോം ബൂൺ, ആർതർ ഡി സ്ലൂവർ, അലക്സാണ്ടർ ഹെൻഡ്രിക്സ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, റോമൻ ഡുവേകോട്ട് എടുത്ത നിർണ്ണായക ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ മോഹിത് റഫറലിലൂടെ ചോദ്യം ചെയ്തെങ്കിലും അമ്പയർ ഗോൾ അനുവദിച്ചു. ഇതോടെ ബെൽജിയം 4-3 ന് ഷൂട്ടൗട്ട് വിജയവും ടൂർണമെന്‍റില്‍ ഏഴാം സ്ഥാനവും സ്വന്തമാക്കി.
വനിതാ ഹോക്കി ടീമിന് 50 ലക്ഷം രൂപ സമ്മാനം
വനിതാ ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് ഹോക്കി ഇന്ത്യ 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ആംസ്റ്റൽവീനിൽ നടന്ന അഞ്ച്-ആറ് സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ലോക അഞ്ചാം നമ്പർ ടീമായ ജർമ്മനിയെ 3-1 ന് പരാജയപ്പെടുത്തിയാണ് സലീമ ടെറ്റെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 1974-ൽ നടന്ന ഉദ്ഘാടന പതിപ്പിൽ നാലാം സ്ഥാനം നേടിയ ശേഷം ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ഫലമാണിത്. ഈ ടൂർണമെന്‍റിലുടനീളം ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. കരുത്തരായ ചൈന, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ സമനിലയിൽ തളച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 6-1 നും തകർത്തു. ചീഫ് കോച്ച് ശ്യോർഡ് മരീനെയുടെ കീഴിലാണ് ടീം ഈ മികച്ച മുന്നേറ്റം നടത്തിയത്.







