ഹൃദയസംരക്ഷണത്തിൽ കൃത്യമായ വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ട്. എന്നാൽ ഇവയിലെ പോരായ്‌മകൾ മാത്രമല്ല ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ചിട്ടയായ ഉറക്കമില്ലായ്‌മയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കൗമാരക്കാരിലെ ഉറക്കക്കുറവ്
അമേരിക്കയിലെ പെൻ സ്‌റ്റേറ്റ് കോളജ് ഓഫ് മെഡിസിൻ്റെ പഠനപ്രകാരം ഉറക്കക്കുറവ് ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് കാരണമാകും. കൗമാരക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന ഇവർ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുന്നത്. സമയത്ത് ഭക്ഷണം കഴിക്കാത്തത് ഇവരിൽ ശാരീരിക തളർച്ചയ്ക്കും കാരണമാകുന്നു.
കൗമാരക്കാരിലെ വൈകിയുള്ള ഉറക്കം അവരുടെ ഭക്ഷണക്രമത്തെയും ദിനചര്യകളെയും സാരമായി ബാധിക്കും. ശാരീരിക വളർച്ച നടക്കുന്ന ഇത്തരം നിർണായക ഘട്ടങ്ങളിലെ ഈ ദുശ്ശീലം ഭാവിയിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. ഇക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ കോളജിലെ സൈക്യാട്രി ആൻഡ് ബിഹേവിയറൽ ഹെൽത്ത് പ്രൊഫസർ ജൂലിയോ ഫെർണാണ്ടസ് മെൻഡോസ വ്യക്തമാക്കി.
ഉറക്കം വൈകുന്നത് വിശപ്പ്, ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള ആസക്തി, എപ്പോഴും വിശ്രമിക്കാനുള്ള പ്രവണത, ഉന്മേഷക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഉറക്കം, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം വ്യത്യസ്‌ത ഘടകങ്ങളായി കാണാറുണ്ടെങ്കിലും ഇവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേണ്ടത് എട്ടു മണിക്കൂർ ഉറക്കം
നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ്റെ നിർദേശപ്രകാരം ഒരാൾ പ്രതിദിനം എട്ടു മുതൽ 10 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ ഇന്നത്തെ കാലത്ത് മിക്ക കൗമാരക്കാർക്കും ഇത്രയും സമയം ഉറങ്ങാൻ കഴിയാറില്ല. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ശാരീരിക തളർച്ചയ്ക്കും ഭക്ഷണത്തോടുള്ള താത്പര്യമില്ലായ്‌മയ്ക്കും കാരണമാകുന്നുണ്ടെന്ന് മുൻ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇത് പലപ്പോഴും കടുത്ത ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കൗമാരക്കാരുടെ ഉറക്കസമയം വിലയിരുത്തുന്നതിനപ്പുറം സമഗ്രമായ വീക്ഷണകോണിൽ നിന്ന് ഈ വിഷയത്തെ നോക്കിക്കാണുന്ന പഠനങ്ങൾ വളരെ കുറവാണെന്ന് സ്പെയിനിലെ യൂണിവേഴ്‌സിറ്റി ഡാസ് കാറ്റോലിക്ക സാൻ ആൻ്റോണിയോ ഡി മുർസിയയിലെ പ്രൊഫസർ പുര ബാലെസ്റ്റർ നവാരോ നിരീക്ഷിച്ചു.
12 മുതൽ 23 വരെ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് പുതിയ പഠനത്തിനായി ഗവേഷകർ ഉൾപ്പെടുത്തിയത്. ഇവരുടെ ഉറക്കസമയം, ഉണരുന്ന സമയം, ആകെയുള്ള ഉറക്കസമയം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി തന്നെ സംഘം പരിശോധിച്ചു. പഠനവിധേയമാക്കിയവരിൽ മിക്ക കൗമാരക്കാരും അർധരാത്രിക്ക് ശേഷമാണ് ഉറങ്ങാൻ കിടക്കുന്നതെന്ന് കണ്ടെത്തി. രാവിലെ എട്ടിന് ശേഷം മാത്രം ഉണരുന്ന ഇവർ ഉയർന്ന കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
പ്രഭാതഭക്ഷണം പ്രധാനം
വൈകി ഉണരുന്നതിനാൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി നേരിട്ട് ഉച്ചഭക്ഷണം കഴിക്കുകയാണ് പതിവ്. ഒരു മനുഷ്യൻ്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടത് പ്രഭാതഭക്ഷണമാണ്. ഇത് ഒഴിവാക്കുന്നത് ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മറ്റൊരു ഭക്ഷണവും പ്രഭാതഭക്ഷണത്തിന് പകരമാകില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
കൂടാതെ കുറഞ്ഞ സമയത്തേക്കുള്ള ഉറക്കവും വൈകിയുള്ള ഉറക്കവും മനുഷ്യൻ്റെ ആയുർദൈർഘ്യം ഗണ്യമായി കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആയുർദൈർഘ്യത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തുമ്പോൾ ആരോഗ്യകരമായ ഉറക്കത്തിനാണ് പ്രഥമസ്ഥാനമുള്ളത്. ഇതിന് പുറമെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ദിവസവും പാലിക്കേണ്ടതും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.







