തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുന്നതിനെത്തുടർന്നാണ് മഴ ശക്തമാകുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്.
തിങ്കളാഴ്ച രാവിലെ എഴ് മണിയ്ക്ക് പുറപ്പെടുവിച്ച ദിനാന്തരീക്ഷാവസ്ഥ പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദമാണ് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത്, കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത.
ഇന്ന് ഉച്ചയോടെ അതിതീവ്ര ന്യൂനമർദം വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിച്ചേക്കും. പടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ന്യൂനമർദം തുടരുകയാണ്. കേരളത്തിൽ ജൂലൈ 30വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് നിലവിലെ അറിയിപ്പ് പ്രകാരം യെല്ലോ അലേർട്ടുള്ളത്.
ഇന്ന് മധ്യ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറേ അറബിക്കടൽ, വടക്കേ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സമാനമായി ഒഡിഷ, പശ്ചിമ ബംഗാൾ തീരം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.




