കുട്ടികളിലെ കാൻസർ മരണം: 94 ശതമാനവും ദരിദ്ര രാജ്യങ്ങളിൽ,

0
36

ലോകത്ത് കുട്ടികളിലെ കാൻസർ മരണങ്ങളിൽ 94 ശതമാനവും സംഭവിക്കുന്നത് ഇടത്തരം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണെന്ന് പഠന റിപ്പോർട്ട്. പുതിയ കാൻസർ കേസുകളിൽ 85 ശതമാനവും ഇത്തരം രാജ്യങ്ങളിലാണ്. ആരോഗ്യപരിരക്ഷയിലും ചികിത്സയിലുമുള്ള ആഗോള അസമത്വമാണ് പ്രശസ്ത മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

മരണനിരക്കിൽ മുന്നിൽ ഇന്ത്യയും

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് പഠന പ്രകാരം 2023ൽ ലോകമെമ്പാടും കുട്ടികളിൽ 3.77 ലക്ഷം പുതിയ കാൻസർ കേസുകൾ കണ്ടെത്തി. ഇവരിൽ 1.44 ലക്ഷം കുട്ടികൾ മരിച്ചു. ഇന്ത്യയിൽ മാത്രം 17,000 കുട്ടികൾ കാൻസർ ബാധിച്ച് മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ചൈനയിൽ 16,000 മരണങ്ങളും നൈജീരിയ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ 9000 വീതം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

ആഘാതം കൂടുതൽ താഴ്ന്ന വരുമാനക്കാരിൽ

കുട്ടികളുടെ മരണത്തിന് കാരണമാകുന്ന എട്ടാമത്തെ പ്രധാന ഘടകം കാൻസറാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എല്ലാ പ്രായത്തിലുമുള്ള കാൻസർ മരണങ്ങളിൽ 11-ാം സ്ഥാനത്താണ് കുട്ടികളിലെ കാൻസർ. ലോകബാങ്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് രോഗത്തിൻ്റെ വലിയ ഭാരം കാണുന്നത്. പുതിയ കേസുകളിൽ 85.1 ശതമാനവും മരണങ്ങളിൽ 94.1 ശതമാനവും ഈ രാജ്യങ്ങളിലാണ്. ആരോഗ്യകരമായ ജീവിതത്തിൽനിന്ന് ഒരു വർഷം നഷ്ടപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ഡാലി (DALY) നിരക്കിലും ഈ രാജ്യങ്ങൾ ഏറെ പിന്നിലാണ്. കുട്ടികളിൽ ഡാലി നഷ്ടപ്പെടുന്നതിൽ പത്താമത്തെ പ്രധാന കാരണവും കാൻസറാണ്. 1990ൽ ലോകത്ത് കുട്ടികളിലെ കാൻസർ മരണം 1.97 ലക്ഷമായിരുന്നു. ഇതിൽനിന്ന് 27 ശതമാനം കുറവ് വരുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആഫ്രിക്കയിൽ കാൻസർ മരണങ്ങൾ 55.6 ശതമാനമായി വർധിച്ചു.

വില്ലനായി രക്താർബുദം

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന കാൻസറുകൾ രക്താർബുദം, മസ്‌തിഷ്‌ക അർബുദം, ലിംഫോമ, ന്യൂറോബ്ലാസ്‌റ്റോമ, വിൽംസ് ട്യൂമർ, റെറ്റിനോബ്ലസ്‌റ്റോമ, ഓസ്‌റ്റിയോസാർകോമ, എവിങ്സ് സാർക്കോമ എന്നിവയാണ്. ഇതിൽ കാൻസർ മരണങ്ങളിൽ കൂടുതൽ സംഭവിക്കുന്നത് രക്താർബുദം മൂലമാണ്. 45,900 മരണങ്ങളാണ് ഇതുവഴി റിപ്പോർട്ട് ചെയ്തത്. തലച്ചോറിലെയും നാഡീവ്യവസ്ഥയിലെയും കാൻസർ ബാധിച്ച് 23,200 പേരും ലിംഫ് സിസ്റ്റത്തിലെ കാൻസർ കാരണം 15,200 പേരും മരിച്ചു.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കാൻസർ ചികിത്സയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഈ നേട്ടങ്ങൾ ലോകമെങ്ങും തുല്യമായി ലഭിച്ചിട്ടില്ലെന്ന് യുഎസിലെ വാഷിങ്‌ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിലെ പ്രധാന ഗവേഷക ലിസ ഫോഴ്സ് വ്യക്തമാക്കി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ രോഗനിർണയം വൈകുന്നതും അടിയന്തര ചികിത്സ ലഭ്യമല്ലാത്തതും പരിചരണത്തിലെ മറ്റ് തടസങ്ങളുമാണ് മരണനിരക്ക് വർധിപ്പിക്കുന്നത്.

അടിയന്തര ഇടപെടൽ അനിവാര്യം

കുട്ടികളിലെ കാൻസർ മരണങ്ങൾ കുറയ്ക്കുന്നതിന് കാൻസർ നിയന്ത്രണ സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇതിൻ്റെ ആവശ്യകത വളരെ കൂടുതലാണ്. കൃത്യസമയത്തുള്ള രോഗനിർണയത്തെ പിന്തുണയ്ക്കുന്ന റഫറൽ സംവിധാനങ്ങൾ, ആരോഗ്യപ്രവർത്തകർക്കുള്ള മികച്ച പരിശീലനം എന്നിവ അടിയന്തരമായി നടപ്പാക്കണം. ഇതിനുപുറമെ കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയോതെറാപ്പി തുടങ്ങിയ ആധുനിക ചികിത്സ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാനും കാൻസർ രജിസ്ട്രേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതിൻ്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here